ശരീഅത്ത് സംരക്ഷണ റാലി : കേസ് പിന്‍വലിക്കണം –കോഓഡിനേഷന്‍ കമ്മിറ്റി

കാസര്‍കോട്: സമസ്ത കോഓഡിനേഷന്‍ കമ്മിറ്റി ഏക സിവില്‍ കോഡിനെതിരെ കാഞ്ഞങ്ങാട്ട് നടത്തിയ പ്രതിഷേധ റാലിക്കെതിരെ പൊലീസെടുത്ത കേസുകള്‍ പിന്‍വലിക്കണമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നിയമാനുസൃതം അനുമതി വാങ്ങിയും ഗതാഗത ചട്ടങ്ങള്‍ പാലിച്ചും കാഞ്ഞങ്ങാട് ടൗണില്‍ നടത്തിയ റാലിയുടെ പേരില്‍ കമ്മിറ്റി ഭാരവാഹികള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ നിലനില്‍ക്കാത്ത വാദങ്ങള്‍ നിരത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇത്തരമൊരു കള്ളക്കേസ് ചമച്ചതിനു പിന്നില്‍ ഗുഢാലാചനയുണ്ട്. ഇതിന് നേതൃത്വം നല്‍കിയ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി അടക്കമുള്ളവര്‍ക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചെന്നും ഗതാഗത തടസ്സമുണ്ടാക്കിയെന്നും പ്രകടനം നിര്‍ത്തിവെക്കാന്‍ പരാതിക്കാരനായ എസ്.ഐ ആവശ്യപ്പെട്ടിട്ട് അനുസരിച്ചിട്ടില്ളെന്നും ആരോപിച്ച് 143, 147, 145, 283, 153, 149 വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്. നിയമം പാലിച്ച് ഗതാഗതത്തിന് തടസ്സമുണ്ടാകാതെ അംഗീകൃത മുദ്രാവാക്യങ്ങള്‍ മുഴക്കി നടത്തിയ പ്രകടനത്തിന്‍െറ പേരില്‍ കേസെടുത്തത് തികച്ചും അന്യായമാണ്. വര്‍ഗീയതക്കും തീവ്രവാദത്തിനുമെതിരെ ശക്തമായ നിലപാടെടുക്കുകയും സാമുദായിക സൗഹൃദത്തിന്‍െറ വിളനിലമായി കേരളത്തെ നിലനിര്‍ത്തുന്നതില്‍ മുഖ്യ പങ്ക് വഹിക്കുകയും ചെയ്ത സംഘടനയാണ് സമസ്ത. ഈ പ്രസ്ഥാനത്തിനെതിരെ, എല്ലാ മതവിഭാഗങ്ങളെയും ദോഷകരമായി ബാധിക്കുന്ന ഏകീകൃത സിവില്‍കോഡ് വിരുദ്ധ പ്രക്ഷോഭത്തിന്‍െറ പേരില്‍ 153ാം വകുപ്പ് ഉള്‍പ്പെടുത്തിയത് സമരത്തെ വര്‍ഗീയമായി ചിത്രീകരിച്ച് നാട്ടില്‍ അശാന്തിവിതക്കാനുള്ള പൊലീസിന്‍െറ ഗൂഢനീക്കത്തിന്‍െറ ഭാഗമാണ്. ഡി.വൈ.എഫ്.ഐയുടെയും മഹിളാ അസോസിയേഷന്‍െറ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്നതുമായ പ്രകടനങ്ങള്‍ക്കെതിരെ കേസെടുത്തിട്ടില്ല. കഴിഞ്ഞമാസം ഒരു മതവിഭാഗത്തിന്‍െറ ജയന്തി ആഘോഷത്തിന്‍െറ ഭാഗമായും മണിക്കൂറുകളോളം കാഞ്ഞങ്ങാട് നഗരത്തില്‍ ഗതാഗതസ്തംഭനമുണ്ടായപ്പോള്‍ പൊലീസ് അവര്‍ക്ക് സൗകര്യം സൃഷ്ടിക്കുകയായിരുന്നു. പൊലീസിനെതിരെ നടപടിയെടുക്കണമെന്നും കേസ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ടുപോകാനാണ് കോഓഡിനേഷന്‍ കമ്മിറ്റി തീരുമാനം. മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഇത് സംബന്ധിച്ച് നിവേദനം നല്‍കിയിട്ടുണ്ട്. പ്രക്ഷോഭങ്ങള്‍ക്ക് തുടക്കംകുറിച്ച് ബുധനാഴ്ച രാവിലെ 10 മണിക്ക് കോഓഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പൗരാവകാശ ധ്വംസനത്തിനും അഭിപ്രായ സ്വാതന്ത്ര്യ നിഷേധത്തിനും കൂട്ടുനില്‍ക്കുന്ന പൊലീസിന്‍െറ നടപടിക്കെതിരെ പ്രതീകാത്മകമായി വായ മൂടിക്കെട്ടി മാര്‍ച്ച് സംഘടിപ്പിക്കും. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ഓഫിസിലേക്കുള്ള മാര്‍ച്ച് രാവിലെ 9.30ന് കോട്ടച്ചേരി എലൈറ്റ് ഹോട്ടല്‍ പരിസരത്തുനിന്ന് ആരംഭിക്കും. വാര്‍ത്താസമ്മേളനത്തില്‍ സമസ്ത കോഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ മെട്രോ മുഹമ്മദ് ഹാജി, മൊയ്തു മൗലവി, മുബാറക് ഹസൈനാര്‍ ഹാജി, ബഷീര്‍ വെള്ളിക്കോത്ത്, ടി.വി. അലി ഫൈസി, കെ. അബൂബക്കര്‍ മാസ്റ്റര്‍, ഷറഫുദ്ദീന്‍ കുണിയ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT