കാലവര്‍ഷം: 28 മുതല്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങും

കാസര്‍കോട്: കാലവര്‍ഷം ആരംഭിക്കുന്ന സാഹചര്യത്തില്‍ നാശനഷ്ടങ്ങളും ആളപായവും ഒഴിവാക്കുന്നതിന് ജില്ലാ ഭരണകൂടം മുന്നൊരുക്കങ്ങള്‍ തുടങ്ങി. ഈ മാസം 28 മുതല്‍ കലക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം പൂര്‍ണമായും പ്രവര്‍ത്തനം തുടങ്ങും. എ.ഡി.എം വി.പി. മുരളീധരന്‍െറ അധ്യക്ഷതയില്‍ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പൊലീസ്, ഫയര്‍ഫോഴ്സ്, റവന്യൂ ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം 24 മണിക്കൂറും സേവനം ലഭ്യമാക്കും. അടിയന്തര ഘട്ടങ്ങളില്‍ കണ്‍ട്രോള്‍ റൂമില്‍ ആരോഗ്യം, കൃഷി, ജലസേചനം എന്നീ വകുപ്പുകളുടെ പ്രതിനിധികളുടെ സേവനം നല്‍കും. പൊലീസ്, ഫയര്‍ഫോഴ്സ്, റവന്യൂ, തദ്ദേശ സ്വയംഭരണം, ആരോഗ്യം, ഫാക്ടറി ആന്‍ഡ് ബോയ്ലേഴ്സ്, മൃഗസംരക്ഷണം, കൃഷി, ജലവിഭവം, പൊതുമരാമത്ത്, വനം തുടങ്ങിയ വകുപ്പുകള്‍ ജാഗ്രത പാലിക്കണം. ഈ വകുപ്പുകള്‍ കാലവര്‍ഷത്തിന്‍െറ ഭാഗമായി പ്രത്യേകം നോഡല്‍ ഓഫിസര്‍മാരെ നിയമിക്കണമെന്നും യോഗം നിര്‍ദേശിച്ചു. എല്ലാ വകുപ്പുകളിലും ദുരന്ത നിവാരണ മാസ്റ്റര്‍ പ്ളാന്‍ തയാറാക്കുന്നതിനായി രണ്ട് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും. ഫയര്‍ ആന്‍ഡ് റസ്ക്യൂ വിഭാഗത്തിലെ നീന്തല്‍ വിദഗ്ധരെ കാസര്‍കോട് ഫയര്‍ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ നടപടി സ്വീകരിക്കും. വെരി ഹൈ ഫ്രീക്വന്‍സി റേഡിയോ സംവിധാനം വില്ളേജ് ഓഫിസുകളിലും താലൂക്ക് ഓഫിസുകളിലും കാര്യക്ഷമമാക്കും. ആവശ്യമെങ്കില്‍ സൗജന്യ റേഷന്‍ നല്‍കുന്നതിന് അരിയും ധാന്യങ്ങളും ജില്ലാ സപൈ്ള ഓഫിസ് ലഭ്യമാക്കും. തീരദേശ വാസികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ഫിഷറീസും തീരദേശ പൊലീസും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഹൈ സ്പീഡ് ബോട്ടുകള്‍, ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ തുടങ്ങിയവ ലഭ്യമാക്കും. കടല്‍ക്ഷോഭം നേരിടുന്നതിന് ജലസേചന വകുപ്പ് മണല്‍ സഞ്ചികളും മറ്റും തയാറാക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാന പരിഗണന നല്‍കണമെന്നും യോഗം തീരുമാനിച്ചു. ആവശ്യമെങ്കില്‍ തീരദേശങ്ങളില്‍ കൂടുതല്‍ ലൈഫ് ഗാര്‍ഡുകളെ നിയമിക്കും. അപകട സൂചകങ്ങള്‍ ഡി.ടി.പി.സി സ്ഥാപിക്കും. ജില്ലയില്‍ രൂക്ഷമായ വരള്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ വരും വര്‍ഷങ്ങളില്‍ ഇത് തടയാന്‍ മുന്‍കരുതലെടുക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു. പരമ്പരാഗത ജലസ്രോതസ്സുകള്‍ നവീകരിക്കുകയും ഭൂജല പദ്ധതികള്‍ ശക്തിപ്പെടുത്തുകയും വേണം. തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി ജലസേചന ടാങ്കുകള്‍ നിര്‍മിക്കണം. മഴവെള്ള സംഭരണികള്‍, നീര്‍മറി പദ്ധതികള്‍, ഗ്രൗണ്ട് വാട്ടര്‍ റീചാര്‍ജ് പദ്ധതികള്‍ എന്നിവക്ക് മുന്‍ഗണന നല്‍കണം. നിലവിലുള്ള കിണറുകളുടെ ആഴം കൂട്ടുന്നതിനും ചെക്ഡാമുകള്‍ നിര്‍മിക്കുന്നതിനും അറ്റകുറ്റപണികള്‍ നടത്തുന്നതിനും നടപടി സ്വീകരിക്കണം. യോഗത്തില്‍ തഹസില്‍ദാര്‍മാര്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.