ചീമേനിയില്‍ ഭീമന്‍ കുടിവെള്ള പദ്ധതി ഒരുങ്ങുന്നു

ചെറുവത്തൂര്‍: കയ്യൂര്‍-ചീമേനി പഞ്ചായത്തിലെ സമഗ്ര കുടിവെള്ള പദ്ധതി ഉടന്‍ പൂര്‍ത്തിയാകും. പി. കരുണാകരന്‍ എം.പിയുടെ ഇടപെടലിന്‍െറ ഫലമായി എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി നബാര്‍ഡിന്‍െറ ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന പദ്ധതിയാണ് യാഥാര്‍ഥ്യമാകുന്നത്. 10 കോടി രൂപ പദ്ധതിച്ചെലവ് കണക്കാക്കി കഴിഞ്ഞ മാര്‍ച്ചിലാണ് പ്രവൃത്തി ആരംഭിച്ചത്. പ്രവൃത്തി പൂര്‍ത്തിയാക്കി ഉടന്‍ കുടിവെള്ളം വിതരണം ചെയ്യാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ഈ മേഖലകളില്‍ അനുഭവപ്പെടുന്ന കുടിവെള്ള പ്രശ്നം പൂര്‍ണമായും പരിഹരിക്കപ്പെടും. ഏഴിമല നാവിക അക്കാദമിയുടെ കാക്കടവ് പദ്ധതിക്കു സമീപത്താണ് കുടിവെള്ള പദ്ധതിയുടെ കിണര്‍. ഇവിടെനിന്ന് വെള്ളം ആമത്തലയില്‍ പണിയുന്ന ബൂസ്റ്റര്‍ സ്റ്റേഷനിലേക്ക് എത്തിക്കും. അവിടെനിന്ന് കാക്കടവ് കുന്നിനു മുകളിലെ ട്രീറ്റ്മെന്‍റ് പ്ളാന്‍റിലേക്ക് പമ്പ് ചെയ്യും. പുഴയില്‍നിന്ന് 150 മീറ്റര്‍ ഉയരത്തിലാണ് ട്രീറ്റ്മെന്‍റ് പ്ളാന്‍റ്. ദിവസം 30 ലക്ഷം ലിറ്റര്‍ ജലം ശുദ്ധീകരിച്ച് വിതരണം ചെയ്യാനുള്ള ശേഷി പ്ളാന്‍റിനുണ്ടാകും. 33 കിലോമീറ്റര്‍ നീളത്തിലാണ് ആദ്യഘട്ടത്തില്‍ പൈപ്പിടുന്നത്. പഞ്ചായത്തിന്‍െറ എല്ലാ ഭാഗങ്ങളിലേക്കും പ്രധാന ലൈനുകള്‍ സ്ഥാപിച്ചാണ് കുടിവെള്ളം വിതരണം ചെയ്യുക. പിന്നീട് ആവശ്യത്തിനനുസരിച്ച് വിപുലപ്പെടുത്തും. ഒരുമീറ്ററോളം ആഴത്തില്‍ ഇതിനായി പി.വി.സി, ജി.ഐ പൈപ്പുകള്‍ സ്ഥാപിക്കേണ്ടതുണ്ട്. ഇവയുടെ പ്രവൃത്തി പുരോഗമിക്കുകയാണ്. കുടിവെള്ളം ശേഖരിക്കുന്ന പുഴയില്‍നിന്നുതന്നെ ഏഴിമല നാവിക അക്കാദമി, രാമന്തളി പഞ്ചായത്ത്, സി.ആര്‍.പി.എഫ് ക്യാമ്പ് എന്നിവിടങ്ങളിലേക്കും നിലവില്‍ വെള്ളം നല്‍കിവരുന്നുണ്ട്. തേജസ്വിനി പുഴക്ക് കുറുകെ കാക്കടവില്‍ സ്ഥിരം തടയണയും യാഥാര്‍ഥ്യമാകുന്നതോടെ മുഴുവന്‍ പദ്ധതികളും പ്രവര്‍ത്തനസജ്ജമാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.