നിരോധാജ്ഞയിലും അക്രമികളുടെ വിളയാട്ടം തുടരുന്നു

കാഞ്ഞങ്ങാട്: നിയമസഭ തെരഞ്ഞെടുപ്പിന്‍െറ ഫലപ്രഖ്യാപന ദിവസം കാഞ്ഞങ്ങാട്ടും തുടക്കമിട്ട അക്രമങ്ങള്‍ മൂന്നാം ദിവസവും തുടര്‍ന്നു. നിരോധാജ്ഞ നിലവിലുണ്ടായിട്ടും രാഷ്ട്രീയ പിന്‍ബലത്തോടെ അക്രമികള്‍ നടത്തുന്ന വിളയാട്ടം തടയാനായില്ല. ആറങ്ങാടി, കൊവ്വല്‍പ്പള്ളി മേഖലയില്‍ മുസ്ലിം ലീഗ്-സി.പി.എം പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് പോരടിക്കുകയാണ്. പ്രശ്നങ്ങളില്‍ ഉള്‍പ്പെടാത്തവരുടെ വീടുകളും വാഹനങ്ങളും മറ്റുമാണ് തകര്‍ക്കപ്പെടുന്നതില്‍ ഭൂരിഭാഗവും. അക്രമം വ്യാപിക്കുന്നത് തടയാനോ കുറ്റവാളികളെ നേരിട്ട് പിടികൂടാനോ പൊലീസിന് കഴിയുന്നതുമില്ല. പകരം അക്രമം നടന്നശേഷം രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ നല്‍കുന്ന പട്ടികയനുസരിച്ച് പ്രതികളെ നിശ്ചയിച്ച് അവരെ പിടികൂടാന്‍ രാത്രികളില്‍ വീടുകളില്‍ കയറിയിറങ്ങുന്ന സ്ഥിതിയാണത്രേ. കൊവ്വല്‍പ്പള്ളി കലയറയിലെ കാട്ടൂര്‍ വീട്ടില്‍ പി.വി. ജാനകിയുടെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷ അക്രമിസംഘം കഴിഞ്ഞ ദിവസം രാത്രി തീയിട്ട് നശിപ്പിച്ചു. ഓട്ടോ പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയിലാണ്. ഇവരുടെ വീടിനും കല്ളേറുണ്ടായി. വീട്ടുകാര്‍ പുറത്തിറങ്ങാതിരിക്കാന്‍ വീടിന്‍െറ മുന്‍വാതിലും അടുക്കള ഭാഗത്തെ വാതിലും പുറത്തുനിന്ന് പൂട്ടിയ ശേഷമാണ് തീവെപ്പും കല്ളേറും നടത്തിയത്. ആറങ്ങാടി പടിഞ്ഞാറിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ തിടില്‍ അഷറഫിന്‍െറ വീടും കാറും എറിഞ്ഞുതകര്‍ത്തു. കലയറയിലെ കെ.വി. ശശി, വാണിയം വളപ്പില്‍ ശശി, അലാമിപ്പള്ളി മഖാം റോഡില്‍ താമസിക്കുന്ന കണ്ണൂര്‍ ഇ.എസ്.ഐ ആശുപത്രിയിലെ ഡോക്ടര്‍ സുകുമാരന്‍, ആറങ്ങാടിയിലെ ടി.കെ. കുഞ്ഞിമൊയ്തീന്‍ എന്നിവരുടെ വീടുകള്‍ക്കു നേരെയും അക്രമമുണ്ടായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.