ലോക കരാട്ടേ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് കുമ്പള സ്വദേശി

കുമ്പള: അമ്പതിലധികം രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഡച്ച് പ്രീമിയര്‍ ലീഗ് കരാട്ടേ മത്സരത്തില്‍ രാജ്യത്തെ പ്രതിനിധാനം ചെയ്ത് കാസര്‍കോട് സ്വദേശി. കുമ്പള കട്ടത്തടുക്ക എ.കെ.ജി നഗറിലെ മുഹമ്മദ് അഷ്റഫ് (27) ആണ് ഇന്ത്യയെ പ്രതിനിധാനം ചെയ്ത് മത്സരിക്കുന്നത്. വേള്‍ഡ് കരാട്ടേ ഫെഡറേഷന്‍െറ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 19, 20 തീയതികളിലായി നെതര്‍ലാന്‍ഡ്സിലെ റോട്ടര്‍ഡാമിലാണ് മത്സരം. ഇന്ത്യയില്‍നിന്ന് അഷ്റഫ് മാത്രമാണ് പങ്കെടുക്കുന്നത്. 67-75 കിലോ വിഭാഗത്തിലും കാതാസിലും മാറ്റുരക്കും. കഴിഞ്ഞ ദിവസം ഡല്‍ഹിയിലേക്ക് പുറപ്പെട്ട ഇദ്ദേഹം മാര്‍ച്ച് 14ന് ആംസ്റ്റര്‍ഡാമിലേക്ക് വിമാനം കയറും. മത്സരത്തില്‍ പങ്കെടുക്കാനും യാത്രക്കുമുള്ള കടലാസ് പണികള്‍ പൂര്‍ത്തിയായതായി അഷ്റഫ് ‘മാധ്യമ’ത്തോട് പറഞ്ഞു. കരാട്ടേയിലെ പ്രശസ്തമായ ഷോട്ടോകാന്‍ മുറയിലൂടെയാണ് ഇന്ത്യയുടെ കരുത്തും മെയ്വഴക്കവും പുറത്തെടുക്കുക. മൂന്നുതവണ ദേശീയ ചാമ്പ്യന്‍ഷിപ് പട്ടം കരസ്ഥമാക്കിയ അഷ്റഫ് അന്തര്‍ദേശീയ മത്സരങ്ങളില്‍ നിരവധി മെഡലുകള്‍ വാരിക്കൂട്ടിയിട്ടുണ്ട്. നിലവില്‍ കുമ്പള പ്രഫഷനല്‍ കരാട്ടേ അക്കാദമിയില്‍ പരിശീലകനും കരാട്ടേയില്‍ ബ്ളാക് ബെല്‍റ്റ് രണ്ടാം ബിരുദധാരിയുമാണ്. കുത്തടുക്കയിലെ അബ്ദുല്ല-റംല ദമ്പതികളുടെ മകനാണ്. പി.കെ. ആനന്ദാണ് അഷ്റഫിനെ പരിശീലിപ്പിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.