മണലെടുപ്പിനെ തുടര്‍ന്ന് വീണ്ടും സംഘര്‍ഷം; വലിയപറമ്പില്‍ പോര്‍ട്ട് ഓഫിസറെ തടഞ്ഞു

തൃക്കരിപ്പൂര്‍: മാവിലാകടപ്പുറം മേഖലയില്‍ കടലോര മണലൂറ്റിനെ ചൊല്ലിയുള്ള സംഘര്‍ഷത്തിന് അറുതിയായില്ല. പൊലീസ് സ്റ്റേഷനില്‍ നടന്ന അനുരഞ്ജന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ മണലെടുപ്പ് അതിര്‍ത്തി നിര്‍ണയിക്കാനത്തെിയ പോര്‍ട്ട് ഓഫിസറെ ഒരു സംഘം ആളുകള്‍ തടഞ്ഞു. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. മാവിലാകടപ്പുറം പുലിമുട്ടിലെ മണലെടുപ്പുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികളും പൂഴിത്തൊഴിലാളികളും നാട്ടുകാരും തമ്മില്‍ മാസങ്ങളായി തര്‍ക്കം നിലനില്‍ക്കുകയാണ്. പുലിമുട്ടിലെ മണലെടുപ്പിന് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താന്‍ നേരത്തെ തീരുമാനമായിരുന്നു. ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനില്‍ നടന്ന ചര്‍ച്ചയിലെ തീരുമാനപ്രകാരമാണ് പൊലീസ് സഹായത്തോടെ പോര്‍ട്ട് ഓഫിസറുടെ നേതൃത്വത്തില്‍ സംഘമത്തെിയത്. ചര്‍ച്ചക്ക് ശേഷം ബുധനാഴ്ച പുലര്‍ച്ചെയോടെ പൂഴിത്തൊഴിലാളികള്‍ തീരുമാനം ലംഘിച്ചതാണ് പ്രശ്നത്തിന് കാരണമായത്. പുലിമുട്ട് പണിയുന്നതിനുമുമ്പ് കരയില്‍ നിന്ന് അമ്പത് മീറ്റര്‍ മാറിയാണ് മണലെടുക്കാന്‍ അനുമതിയുണ്ടായിരുന്നത്. പുലിമുട്ട് വന്നതോടെ കായലിന്‍െറ കുറെ ഭാഗം കരയായി മാറി. പുലിമുട്ടില്‍ നിന്നും അതിര്‍ത്തി നിശ്ചയിക്കാന്‍ കഴിയില്ളെന്ന് പോര്‍ട്ട് ഓഫിസര്‍ നിലപാട് സ്വീകരിച്ചതോടെ മത്സ്യത്തൊഴിലാളികള്‍ ബഹളമായി. തീരുമാനം ചോദ്യം ചെയ്തതോടെയാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. പിന്നീട് പുലിമുട്ടില്‍ ചര്‍ച്ച നടത്തിയാണ് സംഘര്‍ഷാവസ്ഥക്ക് അയവുവന്നത്. ചന്തേര എസ്.ഐ അനൂപ് കുമാര്‍, പോര്‍ട്ട് ഓഫിസര്‍ മനോജ്, വലിയപറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.ടി . അബ്ദുല്‍ ജബ്ബാര്‍, മത്സ്യത്തൊഴിലാളി യൂനിയന്‍ (സി.ഐ.ടി.യു) ഏരിയാ സെക്രട്ടറി എം. ശശി, പോര്‍ട്ട് അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് വി.വി. ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച. പോര്‍ട്ട് മണല്‍ വിതരണത്തിന് അനുമതിയുള്ള ഓരി, കാവുഞ്ചിറ, മടക്കര കടവുകളിലേക്കുള്ള പൂഴിയാണ് മാവിലാകടപ്പുറം പുലിമൂട്ടില്‍ നിന്ന് ശേഖരിക്കുന്നത്. അഴിമുഖത്ത് രൂപപ്പെടുന്ന മണല്‍തിട്ടയില്‍ തട്ടി മത്സ്യബന്ധന ബോട്ടുകള്‍ അപകടത്തില്‍പ്പെടുന്നതിന് പരിഹാരമായാണ് പത്തുവര്‍ഷം മുമ്പ് അംഗീകൃത കടവുകളിലേക്ക് മണലെടുപ്പിന് ജില്ലാ ഭരണകൂടം അനുമതി നല്‍കിയത്. നിലവില്‍ രാത്രിയിലെ മണലെടുപ്പ് പൂര്‍ണമായും നിരോധിച്ചു. രാവിലെ ആറ് മുതല്‍ വൈകീട്ട് നാല് വരെ മാത്രമേ മണലെടുക്കാന്‍ പാടുള്ളൂ. കൊമ്മവല, യന്ത്രം എന്നിവ ഉപയോഗിച്ചുള്ള മണലൂറ്റും നിയമവിരുദ്ധമാണ്. പരമ്പരാഗത രീതിയിലുള്ള മണലെടുപ്പിന് മാത്രമാണ് അനുമതി. പുലിമുട്ടില്‍ നിന്ന് അമ്പത് മീറ്റര്‍ മാറിമാത്രമേ മണലെടുക്കാന്‍ പാടുള്ളൂ. കിഴക്ക് ഭാഗം കായലില്‍ നിന്നുള്ള മണലൂറ്റും തടയാന്‍ തീരുമാനമെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.