കാഞ്ഞങ്ങാട്: മീനാപ്പീസ് കടപ്പുറത്ത് മാലിന്യം തള്ളുന്നത് പതിവാകുന്നു. കുമിഞ്ഞുകൂടുന്ന മാലിന്യം ഇടവപ്പാതി എത്തിയതോടെ ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം പരക്കുകയാണ്. ബീച്ച് ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ ജില്ലാ ടൂറിസം വകുപ്പും നഗരസഭയും പുതിയ പദ്ധതികള്‍ നടപ്പാക്കാനിരിക്കെയാണ് ജനസാന്ദ്രതയേറിയ മീനാപ്പീസ് കടപ്പുറത്തും മറ്റു തീരപ്രദേശങ്ങളിലും ഭക്ഷണാവശിഷ്ടങ്ങളും പ്ളാസ്റ്റിക് മാലിന്യങ്ങളും തള്ളുന്നത്. തീരത്തിന് സമീപത്തെ ക്വാര്‍ട്ടേഴ്സുകളില്‍ നിന്നും മറ്റുമാണ് മാലിന്യം കൊണ്ടുവന്ന് തള്ളുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. മാലിന്യം മഴവെള്ളം കലര്‍ന്ന് ചീഞ്ഞളിയുമ്പോഴുണ്ടാകുന്ന ദുര്‍ഗന്ധം മൂലം സമീപവാസികള്‍ക്ക് ആഹാരം കഴിക്കാന്‍ പോലും പറ്റാത്ത സാഹചര്യമാണ്. മലിനജലത്തില്‍ രോഗവാഹകരായ ഈച്ചകളും കൊതുകുകളും പെരുകുകയാണ്. മാലിന്യക്കൂമ്പാരമുള്ള ഇടങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ക്ക് സാധ്യത കൂടുതലാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ സൂചന നല്‍കിയിട്ടുണ്ട്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലര്‍ ഖദീജ ഹമീദിന്‍െറ നേതൃത്വത്തില്‍ ക്ളബുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ കടപ്പുറം ശുചീകരിച്ചെങ്കിലും രാത്രിയാകുന്നതോടെ വീണ്ടും മാലിന്യം തള്ളുകയാണ്. മത്സ്യത്തൊഴിലാളികളുടെ കുട്ടികള്‍ പഠിക്കുന്ന സ്കൂളും അങ്കണവാടിയും ഈ മാലിന്യക്കൂമ്പാരത്തിന് സമീപത്താണ് പ്രവര്‍ത്തിക്കുന്നത്. ജനജീവിതത്തിന് ദുഷ്കരമാവുന്ന തരത്തില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കുമിഞ്ഞുകൂടിയ മാലിന്യം നീക്കം ചെയ്യാന്‍ നഗരസഭ തയാറാകണമെന്നും ഇവര്‍ ആവശ്യ പ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.