മുട്ടത്തൊടി ബാങ്ക് തട്ടിപ്പ്: സൂത്രധാരന്‍ അറസ്റ്റില്‍

കാസര്‍കോട്: മുട്ടത്തൊടി സര്‍വിസ് സഹകരണബാങ്കില്‍ മുക്കുപണ്ടം പണയംവെച്ച് നാലുകോടിയിലേറെ രൂപ തട്ടിയെടുത്ത കേസില്‍ സൂത്രധാരന്‍ അറസ്റ്റില്‍. നിലേശ്വരം പള്ളിക്കരയിലെ സതീശനെയാണ് (40) സി.ഐ കെ.വി. പ്രമോദ് അറസ്റ്റ് ചെയ്തത്. ഇയാളില്‍നിന്ന് ലക്ഷം രൂപ പിടിച്ചെടുത്തിട്ടുണ്ട്. മുട്ടത്തൊടി ബാങ്ക് തട്ടിപ്പിന്‍െറ മുഖ്യ സൂത്രധാരനാണ് ഇയാളെന്ന് സി.ഐ പ്രമോദ് പറഞ്ഞു. അപ്രൈസറായ സതീശനാണ് മുക്കുപണ്ടം സ്വര്‍ണമാണെന്ന് അംഗീകാരം നല്‍കി ബാങ്ക് സെക്രട്ടറിക്ക് കൈമാറിയത്. ഇതുസംബന്ധിച്ച പണയരേഖകളില്‍ ഒപ്പിട്ടതും സതീശനാണ്. സതീശന്‍െറ മനസ്സിലാണ് മുക്കുപണ്ടം പണയംവെക്കാനുള്ള ആശയം ഉദിച്ചതെന്നും സി.ഐ പ്രമോദ് പറഞ്ഞു. കേസില്‍ ഒന്നാം പ്രതിയാകുന്നത് സതീശനായിരിക്കും. സംഭവം നടന്നദിവസം മുതല്‍ മുട്ടത്തൊടി ബാങ്കിന് താഴെയുള്ള സതീശന്‍െറ കട പൊലീസ് സംരക്ഷണത്തിലാണ്. സതീശനെ അറസ്റ്റ് ചെയ്തശേഷം കട പൊലീസ് റെയ്ഡ് നടത്തി നിരവധി രേഖകള്‍ പിടിച്ചെടുത്തു. ആദൂര്‍ കുണ്ടാര്‍ ഉയിത്തടുക്കയിലെ യു.കെ. ഹാരിസ്, മറ്റൊരു അപ്രൈസര്‍ നിലേശ്വരം പള്ളിക്കരയിലെ ടി.വി. സത്യപാലന്‍, മുക്കുപണ്ടത്തിന് ഹാള്‍മാര്‍ക്ക് ചെയ്ത ഭീമനടി കൂവാറ വാലുപറമ്പില്‍ കെ. ജയരാജന്‍, ഇടപാടുകാരന്‍ കെ. അബ്ദുല്‍ മജീദ് എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. അഞ്ചു സ്ത്രീകള്‍ ഉള്‍പ്പെടെ 50 ഇടപാടുകാരില്‍ ഭൂരിപക്ഷവും കേസില്‍ പ്രതികളാകുമെന്ന് സി.ഐ പറഞ്ഞു. ഇടപാടുകാര്‍ക്കും ഇപ്പോള്‍ അറസ്റ്റിലായവര്‍ക്കും പുറമേ നിരവധിപേരെ പൊലീസ് ചോദ്യംചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കും തട്ടിപ്പില്‍ പങ്കുള്ളതായി പൊലീസിന് സംശയമുണ്ട്. ബാങ്ക് പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ളവരെ ചോദ്യംചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.