ഉദുമ ഗവ. കോളജിലെ പഠനം ദുരിതത്തില്‍

ഉദുമ: സ്വന്തമായി കെട്ടിടവും മറ്റു സൗകര്യവുമില്ലാതെ സര്‍ക്കാര്‍ കോളജില്‍ വിദ്യാര്‍ഥികളുടെ പഠനം ബുദ്ധിമുട്ടുന്നു. കുണിയയില്‍ പ്രവര്‍ത്തിക്കുന്ന ഉദുമ ഗവ. ആര്‍ട്സ് കോളജിലാണ് വേണ്ട സൗകര്യമില്ലാതെ വിദ്യാര്‍ഥികള്‍ ദുരിതപഠനം നടത്തുന്നത്. വശങ്ങളിലൂടെയും മറ്റുമായി വെള്ളത്തുള്ളികള്‍ കിനിഞ്ഞിറങ്ങിയും ഇടുങ്ങിയ ക്ളാസ്മുറികളുമായുള്ള ഓലഷെഡിലാണ് ഉദുമ സര്‍ക്കാര്‍ കോളജ് പ്രവര്‍ത്തിച്ചിരുന്നത്. ഉദുമ ഗവ. കോളജായി അറിയപ്പെടുന്നെങ്കിലും കുണിയയിലെ ഗവ. ഹൈസ്കൂളിനോട് ചേര്‍ന്നാണ് രണ്ടു ബാച്ചുകളിലായി 210 വിദ്യാര്‍ഥികള്‍ പഠനം നടത്തുന്നത്. അതേസമയം, മൂന്നാമത്തെ ബാച്ചിലെ 105 കുട്ടികളുടെ പഠനം താല്‍ക്കാലികമായി തൊട്ടടുത്ത മദ്റസാ കെട്ടിടത്തിലാണ്. ഉദുമ മണ്ഡലത്തില്‍ കഴിഞ്ഞ യു.ഡി.എഫ് ഭരണത്തില്‍ അനുവദിക്കപ്പെട്ട കോളജാണിത്. ഇപ്പോള്‍ താല്‍ക്കാലികമായി കുണിയ ഗവ. ഹൈസ്കൂള്‍ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സ്ഥിരംകെട്ടിടത്തിന് സ്ഥലം കണ്ടുവെച്ചിട്ടുണ്ടെങ്കിലും നിര്‍മാണം എവിടെയുമത്തെിയില്ല. മൂന്നു ഡിപ്പാര്‍ട്മെന്‍റുകള്‍ക്കായി ഒമ്പത് ക്ളാസ്റൂമുകള്‍ വേണമെങ്കിലും ആറെണ്ണമാണ് ലഭ്യമായിട്ടുള്ളത്. അതിനാല്‍, ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമാണ് വിദ്യാര്‍ഥികള്‍ക്ക് ക്ളാസ് ലഭിക്കുന്നത്. അധ്യാപകരും രക്ഷാകര്‍ത്താക്കളും ചേര്‍ന്ന് താല്‍ക്കാലിക ഓലഷെഡ് പണിതെങ്കിലും അവിടെ വിദ്യാര്‍ഥികള്‍ പഠിക്കാന്‍ തയാറാവാത്ത അവസ്ഥവരെയുണ്ടായി. അതിനാല്‍ ഒടുവില്‍ പൊളിച്ചുനീക്കേണ്ടിവന്നു. പണിയാനും പൊളിച്ചുനീക്കാനുമായി ചെലവാക്കിയ പണം അധ്യാപകരുടെ പോക്കറ്റില്‍നിന്ന് നഷ്ടമായി. എത്രയുംപെട്ടെന്ന് കെട്ടിടം നിര്‍മിച്ച് മറ്റ് സൗകര്യങ്ങള്‍ ഒരുക്കണമെന്നാണ് ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.