ഹോസ്ദുര്‍ഗ് കോട്ട തകര്‍ന്ന് ഇല്ലാതാവുന്നു

കാഞ്ഞങ്ങാട്: സര്‍ക്കാറിന്‍െറയും പുരാവസ്തു വകുപ്പിന്‍െറയും സംരക്ഷണ പ്രഖ്യാപനം പാഴ്വാക്കായതോടെ ഹോസ്ദുര്‍ഗ് കോട്ട തകര്‍ന്ന് ഇല്ലാതാവുന്നു. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഹോസ്ദുര്‍ഗ് കോട്ടയുടെ സംരക്ഷണ ഭിത്തി കഴിഞ്ഞ ദിവസം തകര്‍ന്ന നിലയില്‍ കണ്ടത്തെിയിരുന്നു. 2010ല്‍ പുരാവസ്തു വകുപ്പ് ഏറ്റെടുത്ത കോട്ടയുടെ നവീകരണത്തിനായി 2011ല്‍ സര്‍ക്കാര്‍ 23 ലക്ഷം അനുവദിച്ചിരുന്നു. എന്നാല്‍, പ്രവൃത്തി നടത്തിയെങ്കിലും കോട്ട സംരക്ഷിക്കുന്നതില്‍ ശാശ്വത പരിഹാരമുണ്ടായില്ല. 12 ഏക്കര്‍ വിസ്തൃതിയുണ്ടായിരുന്ന കോട്ടയുടെ സ്ഥലം ഇപ്പോള്‍ 3.2 ഏക്കര്‍ മാത്രമായി ചുരുങ്ങി. ബിദനൂരില്‍ സോമശേഖര നായക് 1731ല്‍ കോട്ട നിര്‍മിച്ചതായാണ് ചരിത്ര രേഖകളില്‍ കാണുന്നത്. എട്ടു കൊത്തളങ്ങളും 60 വട്ടക്കിണറുകളും മൂന്നു കവാടങ്ങളുമാണ് കോട്ടക്കുള്ളത്. പി.സി. സനല്‍കുമാര്‍ ജില്ലാ കലക്ടറായിരിക്കെ പുതിയകോട്ട എന്ന ബോര്‍ഡ്് സ്ഥാപിച്ചതല്ലാതെ കോട്ട സംരക്ഷണത്തിന് അധികാരികളുടെ ഭാഗത്തുനിന്ന് കാര്യമായ നടപടികളുണ്ടായിട്ടില്ല. തലശ്ശേരി പൈതൃക ഗ്രാമം മാതൃകയില്‍ ഹോസ്്ദുര്‍ഗ് കോട്ട സംരക്ഷിക്കണമെന്ന ആവശ്യമുയരുന്നുണ്ട്. നഗരസഭാ ഓഫിസിനു മൂക്കിന് താഴെയായിട്ടും തകര്‍ന്ന കോട്ടയുടെ കല്ലുകള്‍ ഒരു ഭാഗത്തെ റോഡില്‍നിന്ന്് നീക്കാന്‍ പോലും അധികൃതര്‍ തയാറായില്ളെന്ന ആക്ഷേപമുയരുന്നുണ്ട്. ഹോസ്ദുര്‍ഗ് കോട്ടയുടെ സംരക്ഷണത്തിന് അണിചേരണമെന്ന് ഹോസ്ദുര്‍ഗ് പൈതൃക സമിതി ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.