തൊഴിലാളികള്‍ കൈയൊഴിഞ്ഞ് കാസര്‍കോട് ആധുനിക മത്സ്യമാര്‍ക്കറ്റ്

കാസര്‍കോട്: മത്സ്യതൊഴിലാളികള്‍ക്ക് വ്യാപാരം നടത്തുന്നതിന് സൗകര്യമൊരുക്കിയ ആധുനിക മത്സ്യ മാര്‍ക്കറ്റ് തൊഴിലാളികള്‍ തള്ളി. പുതിയ മാര്‍ക്കറ്റിനകത്തിരുന്ന് മത്സ്യം വിറ്റാല്‍ രോഗികളാകുമെന്നാണ് തൊഴിലാളികള്‍ പറയുന്നത്. മാര്‍ക്കറ്റ് നിര്‍മിക്കുമ്പോള്‍ തൊഴിലാളികളുടെ ആരോഗ്യം ശ്രദ്ധിച്ചില്ല. മാലിന്യ വെള്ളം കെട്ടികിടക്കുകയാണ്. അതില്‍ ചവുട്ടി നിന്ന് വേണം മണിക്കൂറുകളോളം മത്സ്യ കച്ചവടം നടത്താന്‍. ഇങ്ങനെ നടത്തിയ പലരുടെ കാലുകള്‍ പൊട്ടി വ്രണം വന്നു തുടങ്ങി. ചിലര്‍ ചികിത്സ തേടിയിട്ടുണ്ട്. മത്സ്യം വില്‍ക്കുന്നതിന് പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും കെട്ടിടത്തിനകത്തെ വെള്ളം ഒഴുകിപോകാന്‍ ഇടമില്ല. അകത്ത് നിറച്ചും കെട്ടിനില്‍ക്കുകയാണ്. നിലത്തിന് ചരിവില്ലാത്തതുകൊണ്ടാണ് വെള്ളം കെട്ടി നില്‍ക്കുന്നത്. കെട്ടികിടക്കുന്ന വെള്ളത്തില്‍ കൊതുകുകള്‍ വളരുന്നു. ഇതുകാരണം ജോലിയും ചെയ്യാന്‍ കഴിയുന്നില്ളെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ഈ കെട്ടിടം മുഴുവന്‍ പൊളിച്ചുനീക്കി വീണ്ടും പണിയുന്നതാണ് നല്ലത് എന്നാണ് തൊഴിലാളികള്‍ പരിഹസിക്കുന്നത്. ഏറെ ആവശ്യങ്ങള്‍ക്കും നിവേദനങ്ങള്‍ക്കും ശേഷം 2015 ആഗസ്റ്റ് 21നാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. ഫിഷറീസ് വകുപ്പ് കാസര്‍കോട് നഗരസഭക്കുവേണ്ടി നിര്‍മിച്ച കെട്ടിടം മന്ത്രി കെ. ബാബുവാണ് ഉദ്ഘാടനം ചെയ്തത്. രണ്ടുകോടിയിലധികം രൂപ ചെലവഴിച്ച് ന ിര്‍മിച്ച കെട്ടിടം മത്സ്യ തൊഴിലാളികള്‍ക്ക് എത്രത്തോളം ഉപകാര പ്രദമാക്കാം എന്ന് ശ്രദ്ധിച്ചില്ല. മറിച്ച് കെട്ടിടനിര്‍മാണ ഫണ്ടിന്‍െറ കാര്യത്തിലാണ് ശ്രദ്ധ. ആധുനിക മാര്‍ക്കറ്റിലേക്കുള്ള റോഡ് ഇടുങ്ങിയതാണ്. ഇരുവശവും മത്സ്യ വില്‍പന കൂടിയാകുമ്പോള്‍ വാഹനങ്ങള്‍ക്ക് പോകാന്‍ ഇടമില്ല. ഇവക്കെല്ലാം പരിഹാരമായാണ് ഭീമമായ തുക അനുവദിച്ച് കെട്ടിടം നിര്‍മിച്ചത്. ഇപ്പോള്‍ മത്സ്യ വില്‍പന മുഴുവന്‍ റോഡിലായി. പരിസരം പ്ളാസ്റ്റിക് മാലിന്യങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.