നുള്ളിപ്പാടി ഗവ. യു.പി സ്കൂള്‍ അവഗണനയുടെ തുരുത്തില്‍

കാസര്‍കോട്: നഗരമധ്യത്തിലെ സര്‍ക്കാര്‍ വിദ്യാലയം അധികൃതരുടെ സഹായമില്ലാതെ അവഗണനയുടെ തുരുത്തില്‍. കാസര്‍കോട് ചന്ദ്രഗിരി ജങ്ഷനുസമീപം പുലിക്കുന്നില്‍ സ്ഥിതിചെയ്യുന്ന നുള്ളിപ്പാടി ഗവ.യു.പി സ്കൂളില്‍ ഒന്ന് മുതല്‍ ഏഴുവരെ ക്ളാസുകളിലായി 94 കുട്ടികളാണ് പഠിക്കുന്നത്. കന്നട, മലയാളം മീഡിയങ്ങളിലായി 11 ഡിവിഷനുകള്‍ക്ക് ഒമ്പത് ക്ളാസ് മുറികള്‍ മാത്രമാണുള്ളത്. നാലാം ക്ളാസുവരെ കന്നട, മലയാളം മീഡിയം ഡിവിഷനുകളും അഞ്ച് മുതല്‍ ഏഴുവരെ മലയാളം ഡിവിഷനുകളുമാണുള്ളത്. ലൈബ്രറി, ലാബ് എന്നിവക്ക് പ്രത്യേക സൗകര്യമോ സ്മാര്‍ട്ട് ക്ളാസ് മുറികളോ ഇല്ല. സ്റ്റോര്‍ റൂം ഇല്ലാത്തതിനാല്‍ ഉച്ചക്കഞ്ഞിക്കുള്ള അരിയും മറ്റു സാധനങ്ങളും സൂക്ഷിക്കുന്നത് ഹെഡ്മാസ്റ്ററുടെ മുറിയിലാണ്. സ്കൂളിന് ഹാളോ ഓഡിറ്റോറിയമോ ഇല്ലാത്തതിനാല്‍ സമീപത്തെ തപാല്‍ ജീവനക്കാരുടെ സംഘടന നടത്തുന്ന കെ.ജി. ബോസ് ലൈബ്രറി ഹാളാണ് പരിപാടികള്‍ക്ക് ഉപയോഗിക്കുന്നത്. മൂത്രപ്പുരയുടെ സെപ്റ്റിക് ടാങ്ക് തകര്‍ന്നത് നന്നാക്കാനുള്ള ചെലവ് വഹിച്ചത് അധ്യാപകരാണ്. ഇത്തരം സൗകര്യങ്ങള്‍ ഇവിടെ ആവശ്യമുണ്ടെന്ന് നഗരസഭ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് തോന്നിയതുമില്ല. പലതവണ നഗരസഭയുടെയും ജനപ്രതിനിധികളുടെയും സഹായം തേടിയിട്ടും അനുകൂല സമീപനമുണ്ടായില്ളെന്നാണ് പി.ടി.എ ഭാരവാഹികളുടെ പരാതി. അസൗകര്യങ്ങള്‍ കാരണം രക്ഷിതാക്കള്‍ ഇവിടെ കുട്ടികളെ ചേര്‍ക്കാന്‍ താല്‍പര്യം കാട്ടുന്നില്ളെന്ന് അധ്യാപകര്‍ പറയുന്നു. സ്കൂളിന് സ്വന്തമായി 86 സെന്‍റ് ഭൂമിയുണ്ടായിരുന്നു. ചന്ദ്രഗിരി റോഡിനു വേണ്ടി പുലിക്കുന്ന് ഇടിച്ച് രണ്ടായി ഭാഗിച്ചതോടെ സ്കൂള്‍ മണ്‍തിട്ടക്ക് മുകളില്‍ ഒറ്റപ്പെട്ട നിലയിലായി. കെ.എസ്.ടി.പിയുടെ റോഡ് നവീകരണ പദ്ധതിയുടെ ഭാഗമായി ഒരുഭാഗത്ത് പൊതുമരാമത്ത് വകുപ്പും മറുഭാഗത്ത് സ്വകാര്യ വ്യക്തികളും കുന്നിടിച്ചതോടെ സ്കൂള്‍ കെട്ടിടം അപകടഭീഷണിയിലാണ്. കുട്ടികള്‍ക്ക് സുരക്ഷിതമായി സ്കൂളിലത്തെിച്ചേരാന്‍ വഴിപോലും ഇല്ലാതായി. സ്വകാര്യ മാനേജ്മെന്‍റിന്‍െറ ഉടമസ്ഥതയിലായിരുന്ന വിദ്യാലയം അടച്ചുപൂട്ടല്‍ ഭീഷണിയിലായപ്പോള്‍ 1987ലാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. അന്ന് നഗരസഭാ ചെയര്‍മാനായിരുന്ന എസ്.ജെ. പ്രസാദിന്‍െറ സഹായത്തോടെ പണിത കെട്ടിടത്തിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT