പാതിയടഞ്ഞ് ചളിയങ്കോട് പാത

കാസര്‍കോട്: ചന്ദ്രഗിരി റൂട്ടില്‍ ചളിയങ്കോട് പാലം വഴിയുള്ള ഗതാഗതസ്തംഭനത്തിന് ഒരുമാസം തികഞ്ഞിട്ടും പൂര്‍ണ പരിഹാരമായില്ല. മണ്ണിടിച്ചിലിനെ തുടര്‍ന്ന് മൂന്നാഴ്ചയോളം അടച്ചിട്ട റോഡ് ഭാഗികമായി തുറന്നുകൊടുത്തെങ്കിലും ഇതുവഴിയുള്ള ഗതാഗതം സുഗമമായില്ല. കെ.എസ്.ടി.പി നവീകരണം നടത്തുന്ന കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാനപാതയിലെ ചളിയങ്കോട് കോട്ടരുവത്ത് കഴിഞ്ഞ ജൂണ്‍ 15ന് മണ്ണിടിഞ്ഞ് വീടുകള്‍ ഭീഷണിയിലായതിനെ തുടര്‍ന്ന് നാട്ടുകാര്‍ റോഡ് ഉപരോധിച്ചതോടെയാണ് ജില്ലാ കലക്ടറും ജില്ലാ പൊലീസ് മേധാവിയും ഇടപെട്ട് ഇതുവഴിയുള്ള ഗതാഗതം നിര്‍ത്തിവെച്ചത്. ചന്ദ്രഗിരിപ്പാലം വഴിയുള്ള വാഹനങ്ങള്‍ ചെമ്മനാട് മുണ്ടാങ്കുലത്തുനിന്ന് പരവനടുക്കം ദേളി വഴിയാണ് തിരിച്ചുവിട്ടത്. റോഡരികിലെ ഉയരമേറിയ മണ്‍തിട്ട ഇടിഞ്ഞുവീഴുന്നത് തടയുന്നതിനുള്ള കോണ്‍ക്രീറ്റ് ഭിത്തിനിര്‍മാണം പൂര്‍ത്തീകരിച്ചശേഷം ഗതാഗതം പുന$സ്ഥാപിക്കാനായിരുന്നു തീരുമാനം. എന്നാല്‍, മൂന്നാഴ്ച കഴിഞ്ഞിട്ടും ഭിത്തിനിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയാഞ്ഞതിനാല്‍ ഗതാഗതം ഭാഗികമായി പുന$സ്ഥാപിക്കുകയായിരുന്നു. റോഡിന്‍െറ ഒരുവശത്തുകൂടി മാത്രമേ വാഹനങ്ങള്‍ കടന്നുപോകാന്‍ അനുവദിക്കുന്നുള്ളൂ. ഇടിഞ്ഞുവീണ മണ്ണ് റോഡരികില്‍നിന്ന് പൂര്‍ണമായി നീക്കിയിട്ടില്ല. കോണ്‍ക്രീറ്റ് ഭിത്തി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടരുന്നതും ഇതിനായി മണ്ണുമാന്തിയന്ത്രങ്ങളും മറ്റും നിര്‍ത്തിയിട്ടതും റോഡിന്‍െറ പകുതിയോളം ഭാഗം ഗതാഗതയോഗ്യമല്ലാത്ത അവസ്ഥയിലാക്കി. കോട്ടരുവം ബസ്സ്റ്റോപ് മുതല്‍ ചളിയങ്കോട് പാലംവരെയുള്ള ഭാഗത്ത് വാഹനങ്ങള്‍ വേഗതകുറച്ചാണ് കടന്നുപോകുന്നത്. ഇക്കാരണത്താല്‍ ഇവിടെ മിക്കപ്പോഴും ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ നീണ്ടനിര കാണാം. ഗതാഗതനിയന്ത്രണത്തിന് പൊലീസിനെ നിയോഗിച്ചിട്ടുണ്ടെങ്കിലും ഇരുവശങ്ങളിലേക്കുമുള്ള വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ ഏറെനേരം ക്യൂവില്‍ നില്‍ക്കേണ്ട സ്ഥിതിയാണ്. കനത്ത മഴകാരണം മണ്ണിടിച്ചില്‍ തുടരുന്നതാണ് കോണ്‍ക്രീറ്റ് ഭിത്തിനിര്‍മാണം പൂര്‍ത്തിയാക്കുന്നതിന് തടസ്സമാകുന്നതെന്ന് നിര്‍മാണപ്രവര്‍ത്തനം നടത്തുന്ന ആര്‍.ബി.എസ് അധികൃതര്‍ പറയുന്നു. കോട്ടരുവത്തെ എ. രാമകൃഷ്ണന്‍ നായരുടെ വീടിനോടുചേര്‍ന്ന ഭാഗത്താണ് ശക്തമായ മണ്ണിടിച്ചിലുണ്ടാകുന്നത്. സമീപവാസികളായ തമ്പാന്‍, സുകു എന്നിവരുടെ വീടുകളും അപകടഭീഷണിയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.