ഡിഫ്തീരിയ പ്രതിരോധ കുത്തിവെപ്പ് ഊര്‍ജിതം

കാഞ്ഞങ്ങാട്: സംസ്ഥാനത്തെ വിവിധ ജില്ലകളിലും കര്‍ണാടക അതിര്‍ത്തിയിലും ഡിഫ്തീരിയ മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലയില്‍ പ്രതിരോധ കുത്തിവെപ്പ് ഊര്‍ജിതമാക്കിയെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയില്‍ അഞ്ചു വയസ്സില്‍ താഴെ 116441 കുട്ടികളുണ്ട്. ഇതില്‍ പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത 1009 കുട്ടികള്‍ മാത്രമാണുള്ളത്. ഒരു വയസ്സിന് താഴെയുള്ള 235 കുട്ടികള്‍ക്കും ഒന്നു മുതല്‍ രണ്ടു വയസ്സുവരെയുള്ള 287ഉം രണ്ടുമുതല്‍ മൂന്ന് വയസ്സുവരെയുള്ള 203ഉം മൂന്നു മുതല്‍ അഞ്ച് വയസ്സുവരെ 284ഉം കുട്ടികള്‍ക്കാണ് പ്രതിരോധ കുത്തിവെപ്പ് എടുക്കാനുള്ളത്. ഇവര്‍ക്ക് ഊര്‍ജിത പ്രതിരോധ കുത്തിവെപ്പ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്‍െറ ഭാഗമായി അതത് പ്രദേശത്തെ ജനപ്രതിനിധികള്‍, അങ്കണവാടി, ആശ, കുടുംബശ്രീ, ആരോഗ്യ പ്രവര്‍ത്തകരുടെയും സഹകരണത്തോടെ പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത ഒരോ കുട്ടിയുടെയും രക്ഷിതാക്കളെ നേരിട്ട് കണ്ട് ബോധവത്കരണം നടത്തി കുട്ടികള്‍ക്ക് കുത്തിവെപ്പ് നല്‍കും. ജില്ലയില്‍ കുമ്പള, മംഗല്‍പാടി, ബദിയടുക്ക, പെരിയ, പനത്തടി, നീലേശ്വരം സി.എച്ച്.സികളുടെ പരിധിയിലെ യഥാക്രമം 16301, 18071, 16165, 13307, 15043, 8623, 22646 കുട്ടികള്‍ക്ക് കുത്തിവെപ്പെടുത്തു. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍നിന്ന് 4829 ഉം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍നിന്ന് 1726 കുട്ടികള്‍ക്കും ഡിഫ്തീരിയ പ്രതിരോധ കുത്തിവെപ്പ് എടുത്തു. പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമായതിനാല്‍ നിലവിലെ സാഹചര്യത്തില്‍ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ കാര്യത്തില്‍ ഡിഫ്തീരിയ ബാധക്കുള്ള സാധ്യത തീരെയില്ലാത്ത അവസ്ഥയാണുള്ളത്. എന്നാല്‍, അതിനു മുകളിലുള്ള പ്രായത്തിലുള്ളവരില്‍ ചെറുപ്പത്തില്‍ ഡിഫ്തീരിയ കുത്തിവെക്കാത്തവരുള്ളതിനാല്‍ രോഗസാധ്യത കൂടുതല്‍ കാണുമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാട്ടി. വാര്‍ത്താസമ്മേളനത്തില്‍ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ഇ. മോഹനന്‍, ഡോ. മുരളീധര നല്ലൂരായ, ഡോ. ടി.വി. പത്മനാഭന്‍, ഡോ. ഇ.വി. ചന്ദ്രമോഹനന്‍, എം. രാമചന്ദ്രന്‍, ഇ.സി. ത്രേസ്യാമ്മ, വി.വി. പ്രീത എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.