കവ്വായിക്കായലിന് പങ്കാളിത്ത സംരക്ഷണപദ്ധതി

തൃക്കരിപ്പൂര്‍: വേമ്പനാടിനും അഷ്ടമുടിക്കുംശേഷം വിസ്തൃതിയില്‍ മൂന്നാം സ്ഥാനത്തുനില്‍ക്കുന്ന കവ്വായിക്കായലിനെ സംരക്ഷിക്കാന്‍ വിദ്യാര്‍ഥികള്‍ രംഗത്തിറങ്ങുന്നു. പ്രവര്‍ത്തനവുമായി പൊതുസമൂഹത്തെയാകെ ചേര്‍ത്തുനിര്‍ത്തുന്നതിന്‍െറ മുന്നോടിയായി തൃക്കരിപ്പൂര്‍ ആയിറ്റിയിലെ കടവ് അമിനിറ്റി സെന്‍ററില്‍ തീരത്തെ നാല്‍പതോളം വിദ്യാലയങ്ങളിലെ അധ്യാപകരും മുപ്പതോളം പരിസ്ഥിതിപ്രവര്‍ത്തകരും ഒത്തുചേര്‍ന്നു. കര്‍മപരിപാടികള്‍ക്ക് അന്തിമരൂപം നല്‍കാനുള്ള പരിശീലനം എം. രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജലവിഭവ വികസന പരിപാലനകേന്ദ്രം കോഴിക്കോടാണ് ബൃഹദ്പദ്ധതി നടപ്പിലാക്കുന്നത്. വിദഗ്ധരുടെയും നാട്ടുകാരുടെയും സഹകരണത്തോടെയുള്ള കായല്‍ പഠനം, വിവരശേഖരണം, കണ്ടല്‍വത്കരണം, കുട്ടികളുടെ സെമിനാര്‍, സ്കൂള്‍ ഗ്രന്ഥശാല ക്ളബ് തല ബോധവത്കരണം തുടങ്ങിയ പരിപാടികള്‍ സെപ്റ്റംബര്‍വരെ നീളും. കായല്‍ ചരിത്രം, സംസ്കാരം, കാവുകള്‍, ആചാരാനുഷ്ഠാനങ്ങള്‍ കായലും വിശ്വാസവും നേരിടുന്ന ഭീഷണികള്‍ തുടങ്ങിയവ അന്വേഷിച്ചറിയും. നിരീക്ഷണപ്രവര്‍ത്തനങ്ങള്‍, സര്‍വേ, നാട്ടുകൂട്ടായ്മ, സൈ്ളഡ് ഷോകള്‍, വിദഗ്ധരുമായി അഭിമുഖം, രക്ഷാകര്‍തൃ ബോധവത്കരണം, കുട്ടികള്‍ക്കായി വിവിധ മത്സരങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കും. അന്തര്‍ദേശീയ തലത്തില്‍ രംസാര്‍ സൈറ്റ് പദവി ലക്ഷ്യമിട്ടാണ് സംരക്ഷണപദ്ധതികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 13ഓളം ഗ്രാമപഞ്ചായത്തുകളില്‍നിന്നാണ് പ്രതിനിധികളത്തെിയത്. തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.പി. ഫൗസിയ അധ്യക്ഷത വഹിച്ചു. കേന്ദ്ര ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ സീനിയര്‍ സയന്‍റിസ്റ്റ് ഡോ. പി. ഹരിനാരായണന്‍, വലിയപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.ടി. അബ്ദുല്‍ ജബ്ബാര്‍, സീക്ക് സെക്രട്ടറി വി.സി. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സി.ഡബ്ള്യൂ.ആര്‍.ഡി.എം സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്‍റിസ്റ്റ് ഡോ. പി.എസ്. ഹരികുമാര്‍, ടെക്നിക്കല്‍ ഓഫിസര്‍ ശശിധരന്‍ പള്ളിക്കുടിയന്‍, സീക്ക് ഡയറക്ടര്‍ ടി.പി. പത്മനാഭന്‍ എന്നിവര്‍ വിഷയം അവതരിപ്പിച്ചു. ആനന്ദ് പേക്കടം പ്രവര്‍ത്തന രൂപരേഖ അവതരിപ്പിച്ചു. പി. വേണുഗോപാലന്‍ മോഡറേറ്ററായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.