ചന്തേര റെയില്‍വേ അടിപ്പാത; തുടര്‍ പ്രവൃത്തിക്ക് നടപടിയില്ല

ചെറുവത്തൂര്‍: ഏറെ പ്രതീക്ഷയോടെ ആരംഭിച്ച ചന്തേര റെയില്‍വേ അടിപ്പാത നിര്‍മാണ പ്രവൃത്തി എങ്ങുമത്തെിയില്ല. പടന്ന, പിലിക്കോട് പഞ്ചായത്തുകളെ റെയില്‍ കുരുക്ക് ഒഴിവാക്കി ബന്ധിപ്പിക്കുന്നതിനായാണ് ചന്തേരയില്‍ അടിപ്പാത നിര്‍മിക്കുന്നത്. ജൂണ്‍ ആദ്യവാരത്തില്‍ പാളങ്ങള്‍ക്കടിയില്‍ സ്ളാബുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി പൂര്‍ത്തിയാക്കിയിരുന്നുവെങ്കിലും അപ്പോഴേക്കും മഴയത്തെി. അതിനാല്‍ അപ്രോച്ച് റോഡ് ഉള്‍പ്പെടെയുള്ള നിര്‍മാണ പ്രവൃത്തി നടന്നില്ല. മഴക്കുശേഷം തുടര്‍പ്രവൃത്തി ഉണ്ടാകുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അത് വാഗ്ദാനത്തില്‍ ഒതുങ്ങി. മഴക്കാലമായാല്‍ വെള്ളം കെട്ടിനില്‍ക്കുന്ന പ്രദേശത്താണ് അടിപ്പാതയുള്ളത്. അതിനാല്‍ അടിപ്പാതയുടെ ഭാവിയെക്കുറിച്ചും ആശങ്കയുണ്ട്. പുറമേനിന്നുള്ള വെള്ളം അടിപ്പാതയിലേക്ക് ഒഴുകിവരാത്ത വിധം സംരക്ഷണ ഭിത്തി നിര്‍മിക്കുന്നതിനൊപ്പം മഴവെള്ളം നേരിട്ട് പാതയിലേക്ക് വീഴാതിരിക്കാനും സംവിധാനം ഒരുക്കിയാല്‍ മാത്രമേ അടിപ്പാതകൊണ്ട് ഉദ്ദേശിച്ച ഗുണം ലഭിക്കൂവെന്നാണ് വിലയിരുത്തപ്പെടുന്നത്. ചന്തേര റെയില്‍വേ ഹാള്‍ട്ടിന് അല്‍പം വടക്കുമാറിയാണ് പാളത്തിനടിയിലൂടെ പാത നിര്‍മിച്ചിരിക്കുന്നത്. അടിപ്പാത നിര്‍മാണത്തിനായി 1.48 കോടി രൂപ കെ. കുഞ്ഞിരാമന്‍ എം.എല്‍.എയുടെ വികസന ഫണ്ടില്‍നിന്നാണ് കൈമാറിയത്. സമീപ റോഡുകള്‍ നിര്‍മിക്കുന്നതിന് 25 ലക്ഷം രൂപ പിലിക്കോട് പഞ്ചായത്തും വകയിരുത്തിയിട്ടുണ്ട്. ആറ് മീറ്റര്‍ ഉയരത്തിലും മൂന്ന് മീറ്റര്‍ വീതിയിലുമുള്ളതാണ് അടിപ്പാത. പിലിക്കോട് വയല്‍, കുനത്തൂര്‍, പടിഞ്ഞാറക്കര, കോളിക്കര, കിനാത്തില്‍, തടിയന്‍കൊവ്വല്‍ മേഖലയിലുള്ളവര്‍ക്ക് വേഗത്തില്‍ ദേശീയപാതയിലേക്കും മറ്റും എത്തിച്ചേരാന്‍ കഴിയുമെന്നതാണ് അടിപ്പാത യാഥാര്‍ഥ്യമായാലുള്ള പ്രധാന നേട്ടം. ശാസ്ത്രീയ മാര്‍ഗങ്ങള്‍ സ്വീകരിച്ച് അടിയന്തരമായി അടിപ്പാതയുടെ ശേഷിക്കുന്ന പ്രവൃത്തി പൂര്‍ത്തിയാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.