നഗരസഭയില്‍ മൂന്നുവര്‍ഷത്തിനകം 900 പേര്‍ക്ക് തൊഴില്‍

കാസര്‍കോട്: തൊഴില്‍ ചെയ്യാന്‍ സന്നദ്ധതയുള്ള എല്ലാ തൊഴില്‍ രഹിതര്‍ക്കും ശമ്പള വ്യവസ്ഥയില്‍ സുസ്ഥിരമായ തൊഴില്‍ ലഭ്യമാക്കുന്നതിനായി കേന്ദ്ര സര്‍ക്കാറിന്‍െറ സഹായത്തോടെ സൗജന്യ തൊഴില്‍ പരിശീലനവും നിയമനവും നടപ്പിലാക്കും. തൊഴില്‍ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ദേശീയ തലത്തില്‍ അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റുകളും വിവിധ തൊഴില്‍ മേഖലകളില്‍ നിയമനവും നല്‍കും. കാസര്‍കോട് നഗരസഭയില്‍ മൂന്ന് വര്‍ഷംകൊണ്ട് കുറഞ്ഞത് 900 പേര്‍ക്കെങ്കിലും തൊഴില്‍ നല്‍കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. നഗരങ്ങളിലെ ദരിദ്രര്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനത്തിലൂടെ സുസ്ഥിരമായ ഉപജീവന മാര്‍ഗം ഒരുക്കുന്നതിനാണ് ദേശീയ നഗര ഉപജീവന മിഷനു കീഴില്‍ ഈ പദ്ധതി നടപ്പിലാക്കുന്നത്. തൊഴില്‍ സാധ്യതാ പഠനത്തിന്‍െറ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ സര്‍ട്ടിഫൈഡ് കോഴ്സുകളിലൂടെ തൊഴില്‍ ചെയ്യാന്‍ സന്നദ്ധരായവര്‍ക്ക് സൗജന്യ പരിശീലനവും നിയമനവും ഉറപ്പാക്കും. പരിശീലനത്തിനുശേഷം സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സഹായങ്ങളും നല്‍കും. വിവിധ വ്യാവസായിക സെക്ടര്‍ സ്കില്‍ കൗണ്‍സിലുകള്‍ ഓരോ മേഖലയിലും ദേശീയ തൊഴില്‍ മാനദണ്ഡങ്ങള്‍ വികസിപ്പിച്ചിട്ടുണ്ട്. ഒരു വ്യക്തി ജോലിസ്ഥലത്ത് കാഴ്ചവെക്കേണ്ട പ്രവൃത്തിയുടെ മികവ് ഇതില്‍ വ്യക്തമായി വിവരിച്ചിട്ടുണ്ട്. ഇതനുസരിച്ചാണ് തൊഴില്‍ പരിശീലനങ്ങളുടെ പാഠ്യപദ്ധതിക്ക് രൂപം കൊടുത്തിരിക്കുന്നത്. എന്‍.സി.വി.ടി, എന്‍.എസ്.ഡി.സി, സെക്ടര്‍ സ്കില്‍ കൗണ്‍സിലുകള്‍ തുടങ്ങിയ കേന്ദ്രസര്‍ക്കാര്‍ അംഗീകാരമുള്ള ഏജന്‍സികള്‍ പരീക്ഷ നടത്തി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. പരീക്ഷാ ഫീസും പദ്ധതിക്കു കീഴില്‍ നല്‍കുന്നതാണ്. പരിശീലന കേന്ദ്രങ്ങള്‍ സാധാരണഗതിയില്‍ അതത് നഗരങ്ങളില്‍ത്തന്നെയായിരിക്കും. ഉയര്‍ന്ന യോഗ്യത ആവശ്യമുള്ള പ്രത്യേക പരിശീലനങ്ങള്‍ക്കായി ചില സാഹചര്യങ്ങളില്‍ തൊട്ടടുത്ത നഗരത്തിലോ സംസ്ഥാനതലത്തിലോ ആണ് പരിശീലന കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. പരിശീലന കേന്ദ്രങ്ങള്‍ സംസ്ഥാന സര്‍ക്കാറിന്‍െറയോ നാഷനല്‍ സ്കില്‍ ഡെവലപ്മെന്‍റ് കോര്‍പറേഷന്‍െറയോ അംഗീകാരമുള്ളവയായിരിക്കും. ഓരോ പരിശീലന ബാച്ചിലും ഏറ്റവും ചുരുങ്ങിയത് 50 ശതമാനം പേര്‍ക്കെങ്കിലും ശമ്പള വ്യവസ്ഥയിലുള്ള തൊഴിലില്‍ നിയമനം നല്‍കും. ഓരോ കോഴ്സുകള്‍ക്കുമുള്ള യോഗ്യത അതത് പരിശീലനത്തിന്‍െറ പാഠ്യപദ്ധതിയില്‍ വ്യക്തമാക്കിയിരിക്കും. എല്ലാ വിഭാഗങ്ങള്‍ക്കും അവരവരുടെ യോഗ്യതക്കനുയോജ്യമായ പരിശീലന കോഴ്സുകള്‍ കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിനു കീഴിലുള്ള ഏജന്‍സികള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. അപേക്ഷാഫോറങ്ങള്‍ നഗരസഭകളില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ, ദേശീയ നഗര ഉപജീവന മിഷന്‍െറ യൂനിറ്റുകള്‍ എന്നിവിടങ്ങളില്‍നിന്നും ലഭിക്കും. അപേക്ഷകര്‍ക്ക് അനുയോജ്യമായ തൊഴില്‍ മേഖലകളില്‍ പരിശീലന കോഴ്സുകള്‍ തെരഞ്ഞെടുക്കുന്നതിനായി ശില്‍പശാലകള്‍ നടത്തും. ശില്‍പശാലയില്‍ കോഴ്സുകള്‍ തെരഞ്ഞെടുക്കുന്നവരെ രജിസ്റ്റര്‍ ചെയ്ത് രജിസ്ട്രേഷന്‍ വിവരങ്ങള്‍ എസ്.എം.എസ് മുഖാന്തരം അറിയിക്കും. തുടര്‍ന്ന് നടക്കുന്ന കൗണ്‍സലിങ്ങിനുശേഷം പരിശീലനത്തിന്ന് പ്രവേശം നല്‍കും. കോഴ്സ് തുടങ്ങുന്ന വിവരം, പരീക്ഷാ തീയതി, പരീക്ഷാഫലം, ജോലിക്ക് ഹാജരാകാനുള്ള വിവരം എന്നിവയും എസ്.എം.എസ് മുഖാന്തരം അറിയിക്കും. ഫോണ്‍: 9946913111.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.