കേന്ദ്ര സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് പീഡനമെന്ന്

കാസര്‍കോട്: കേന്ദ്ര സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് പീഡനമെന്ന് പരക്കെ ആക്ഷേപം. സര്‍വകലാശാല ഉന്നതര്‍ സ്വന്തക്കാര്‍ക്ക് അവസരം ലഭിക്കാന്‍ അര്‍ഹരായ വിദ്യാര്‍ഥികളുടെ അവസരം നിഷേധിക്കുന്നതായി നിരവധി പരാതികള്‍ ഉയര്‍ന്നു. ഇതുസംബന്ധിച്ച് മലപ്പുറം സ്വദേശിനിയുടെ പരാതി വനിതാ കമീഷന്‍ മുമ്പാകെയത്തെി. രജിസ്ട്രാറുടെ നിയന്ത്രണത്തിലുള്ള പരാതിപരിഹാര സെല്ലിന് ലഭിച്ച പത്ത് പരാതികളില്‍ നടപടിയുണ്ടാവാത്തത് അന്വേഷിക്കാന്‍ വി.സിയുടെ ചേംബറിലേക്ക് പോയ വിദ്യാര്‍ഥികളെ കടത്തിവിട്ടില്ളെന്ന് പരാതിയുണ്ട്. അതേസമയം, ഒരു ദലിത് വിദ്യാര്‍ഥിയുടെ പിഎച്ച്.ഡി പ്രബന്ധത്തിന്‍െറ പ്രാഥമിക കുറിപ്പ് ഉപയോഗിച്ച് ഉന്നതന്‍ സ്വന്തം പ്രബന്ധമുണ്ടാക്കി കിലയില്‍ അവതരിപ്പിച്ചതും വിവാദമായി. കിലയാണ് കേന്ദ്ര സര്‍വകലാശാലയുടെ ഗവേഷണ കേന്ദ്രമെങ്കിലും ഇതിന് യു.ജി.സി അംഗീകാരം ലഭിച്ചിട്ടില്ല. പ്രഫസര്‍ തസ്തിക ലഭിക്കണമെങ്കില്‍ നിശ്ചിത എണ്ണം പ്രബന്ധം അവതരിപ്പിക്കണമെന്നതിനാല്‍, വിദ്യാര്‍ഥി ഏറെ പ്രയത്നിച്ച് തയാറാക്കിയ ഗവേഷണ സംഗ്രഹം ഉന്നതന്‍ മോഷ്ടിച്ചുവെന്നാണ് ആക്ഷേപം. ഇതേതുടര്‍ന്ന് വിദ്യാര്‍ഥി പഠനം നിര്‍ത്തി. മറ്റൊരു ന്യൂനപക്ഷ വിദ്യാര്‍ഥിനിയെ സാങ്കേതിക കുരുക്കില്‍പെടുത്തി പിഎച്ച്ഡി രജിസ്ട്രേഷന്‍ നിഷേധിച്ചു. മലപ്പുറത്തുള്ള വിദ്യാര്‍ഥിനിയോട് ധൃതിപിടിച്ച് രജിസ്ട്രേഷനുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഗൈഡിനെ തെരഞ്ഞെടുക്കാനോ ഗവേഷണ സംഗ്രഹം കാണിക്കാനോ സമയം നല്‍കിയില്ല. ഇപ്പോള്‍ ഗവേഷണ സംഗ്രഹം സമര്‍പ്പിച്ചില്ളെന്ന പേരില്‍ രജിസ്ട്രേഷന്‍ തടഞ്ഞിരിക്കുകയാണ്. ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന ദലിത് വിദ്യാര്‍ഥിനിയുടെ പ്രൊജക്ട് റിപ്പോര്‍ട്ടില്‍ വകുപ്പ് മേധാവി ഒപ്പിടാത്തതിനാല്‍ വിദ്യാര്‍ഥി കോഴ്സ് പൂര്‍ത്തിയാക്കാതെ മടങ്ങേണ്ടിവന്നു. മറ്റൊരു വിദ്യാര്‍ഥി വകുപ്പ് മേധാവിയുടെ പെരുമാറ്റത്തില്‍ മനംനൊന്ത്് എം.ഫില്‍ പേപ്പര്‍ സമര്‍പ്പിക്കാതെ നാട്ടിലേക്ക് പോയി. സര്‍വകലാശാല അധികൃതര്‍ തഴഞ്ഞതിനെ തുടര്‍ന്ന് ഹൈകോടതി വിധിയിലൂടെ പിഎച്ച്.ഡി പ്രവേശം നേടിയ വിദ്യാര്‍ഥിക്കെതിരെ വ്യക്തിപരമായ ആരോപണം ഉന്നയിച്ച് രജിസ്ട്രാര്‍ കില ഡയറക്ടര്‍ക്ക് കത്തയച്ചു. കാസര്‍കോട് സ്വദേശിനിയായ മറ്റൊരു വിദ്യാര്‍ഥിനിക്ക് ഡോക്ടറല്‍ കമ്മിറ്റിയിലെ ഗവേഷണ സംഗ്രഹ അവതരണശേഷം എട്ടു മാസം കഴിഞ്ഞാണ് രജിസ്ട്രേഷന്‍ നല്‍കിയത്. ഇത്രയും കാലത്തെ സ്റ്റൈപന്‍ഡ് ഇവര്‍ക്ക് നിഷേധിച്ചു. മാസം 8,000 രൂപയാണ് നല്‍കേണ്ടത്. വിദ്യാര്‍ഥികള്‍ വി.സിക്ക് നല്‍കിയ ഒരു പരാതിയും പരിഹരിക്കപ്പെട്ടില്ല - എന്നിങ്ങനെ നീളുന്നു ആക്ഷേപങ്ങള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.