ഗള്‍ഫ് മാന്ദ്യവും കാര്‍ഷികോല്‍പന്ന വിലയിടിവും: ജില്ലയിലെ വ്യാപാര മേഖലയില്‍ പ്രതിസന്ധി

കാസര്‍കോട്: ഗള്‍ഫിലെ മാന്ദ്യവും കാര്‍ഷികോല്‍പന്നങ്ങളുടെ വിലയിടിവും ജില്ലയിലെ വ്യാപാര മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു. സെയില്‍സ് ടാക്സ് കമീഷണറുടെ കണക്കനുസരിച്ച് കഴിഞ്ഞ ആറുമാസത്തിനിടയില്‍ നികുതി വരുമാനത്തില്‍ 60 ശതമാനത്തിലേറെ കുറവ് വന്നതായാണ് റിപ്പോര്‍ട്ട്. ജില്ലയില്‍ ഭൂരിഭാഗം ജനങ്ങളും ഗള്‍ഫ് മേഖലയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഏകദേശം ഒരു വീട്ടില്‍ നിന്ന് ഒരാള്‍ എന്ന അനുപാതത്തില്‍ ഗള്‍ഫ് മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. റബറിന്‍െറ വില 240ല്‍ നിന്ന് 80 രൂപയായി ഇടിഞ്ഞതോടെ കാര്‍ഷികമേഖലയും തകര്‍ച്ചയിലാണ്. നെല്ല്, നാളികേരം, പച്ചക്കറി, വാഴകൃഷികളും പ്രതിസന്ധിയിലാണ്. വരുമാന സ്രോതസ്സും ഇടപാടുകളും നിലച്ചതോടെ ജില്ലയിലെ ഗൃഹനിര്‍മാണ മേഖലയും പ്രതിസന്ധിയിലാണ്. ജില്ലയിലെ മലയോര മേഖലയായ ബദിയടുക്ക, കുറ്റിക്കോല്‍, പാണത്തൂര്‍, വെള്ളരിക്കുണ്ട് എന്നിവിടങ്ങളിലെല്ലാം റബര്‍ കര്‍ഷകര്‍ ദുരിതത്തിലാണ്. ഗള്‍ഫിലുള്ള പലരും നാട്ടില്‍ കൂട്ടമായി മടങ്ങിയത്തൊന്‍ തുടങ്ങിയതോടെ തൊഴിലില്ലായ്മയും ജില്ലയെ ബാധിച്ചിരിക്കുകയാണ്. വിപണി 60 ശതമാനത്തിലേറെ മാന്ദ്യത്തിലാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്‍റ് അഹമ്മദ് ഷെരീഫ് പറഞ്ഞു. ചെറുകിട വ്യാപാരികള്‍ വലിയ നഷ്ടത്തിലാണ്. സ്വര്‍ണം പണയം വെച്ചും ബാങ്ക് ലോണെടുത്തും വ്യാപാരത്തിനിറങ്ങിയവര്‍ ലോണ്‍ തിരിച്ചടക്കാനാവാതെ കഷ്ടപ്പെടുകയാണ്. ലോണ്‍ ഇനത്തില്‍ ഇളവുകളോ പ്രതിസന്ധി തീരുന്നതുവരെ ലോണുകള്‍ക്ക് മൊറട്ടോറിയമോ പ്രഖ്യാപിക്കണമെന്നും അഹമ്മദ് ഷെരീഫ് ആവശ്യപ്പെട്ടു. എവിടെയും കച്ചവടം നടക്കുന്നില്ളെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി ജോസ് തയ്യില്‍ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പ്രശ്നത്തില്‍ സജീവമായി ഇടപെടണമെന്നാണ് വ്യാപാരി സംഘടനകളുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.