ഹോസ്ദുര്‍ഗ് പൊലീസ് സര്‍ക്കിള്‍ വിഭജിക്കും –മന്ത്രി രമേശ് ചെന്നിത്തല

കാഞ്ഞങ്ങാട് : ഹോസ്ദുര്‍ഗ് പൊലീസ് സര്‍ക്കിള്‍ വിഭജിച്ച് ബേക്കല്‍ സര്‍ക്കിള്‍ രൂപവത്കരിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പരപ്പ അര്‍ബന്‍ സഹകരണ സംഘത്തിന്‍െറ കാലിച്ചാനടുക്കം ശാഖ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹോസ്ദുര്‍ഗ് എം.എല്‍.എ ഇ. ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് സര്‍ക്കിള്‍ വിഭജിക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു. ക്രിമിനല്‍ കേസുകളുടെ വര്‍ധനയും സംഘര്‍ഷാന്തരീക്ഷവും കണക്കിലെടുത്ത് ഹോസ്ദുര്‍ഗ് സര്‍ക്കിളിനെ പൊലീസ് വകുപ്പ് സംസ്ഥാനത്തെ സെന്‍സിറ്റീവ് ഏരിയകളിലൊന്നായി കണക്കാക്കിയിരുന്നു. കഴിഞ്ഞ തവണ കാഞ്ഞങ്ങാട് മേഖലയില്‍ സാമുദായിക കലാപമുണ്ടായപ്പോഴാണ് ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ സര്‍ക്കിള്‍ വിഭജിക്കണമെന്ന ആവശ്യമുന്നയിച്ചത്. വിഭജനം താമസിയാതെ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കെ. കരുണാകരന്‍ നായര്‍ സ്വാഗതം പറഞ്ഞു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണന്‍ സ്ട്രോങ് റൂം ഉദ്ഘാടനവും സംസ്ഥാന സഹകരണ ബാങ്ക് വൈസ് പ്രസിഡന്‍റ് കെ. വെളുത്തമ്പു കൗണ്ടര്‍ ഉദ്ഘാടനവും നിര്‍വഹിച്ചു. ഡി.സി.സി പ്രസിഡന്‍റ് സി.കെ. ശ്രീധരന്‍ കമ്പ്യൂട്ടര്‍ സ്വിച്ചോണ്‍ ചെയ്തു. ബളാല്‍ പഞ്ചായത്ത് പ്രസിഡന്‍റ് എം. രാധാമണി ആദ്യ നിക്ഷേപം സ്വീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.എല്‍. ഉഷ, ബാലകൃഷ്ണ വോര്‍ക്കുഡ്ലു, ജോ. രജിസ്ട്രാര്‍ എം. വിജയന്‍, സജീവ് കര്‍ത്താ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.