കാഞ്ഞങ്ങാട്: റോഡരികില്‍ വളര്‍ന്നുപന്തലിച്ചു നില്‍ക്കുന്ന വൃക്ഷത്തെ തൊട്ടുകാട്ടി ദിവാകരേട്ടന്‍ വിദ്യാര്‍ഥികളോടു പറഞ്ഞു ‘ഇതാണ് അഗത്തിമരം, ഒൗഷധങ്ങളുടെയും പോഷകങ്ങളുടെയും കലവറയാണിത്...’ ഹൊസ്ദുര്‍ഗ് തെരുവത്ത് ഗവ. എല്‍.പി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് പ്രാദേശിക കാര്‍ഷിക വൈജ്ഞാനികനായ കടിഞ്ഞിമൂലയിലെ പി.വി. ദിവാകരനാണ് ആരാലും ശ്രദ്ധിക്കപ്പെടാതെനിന്നിരുന്ന അസാധാരണ ഒൗഷധശക്തിയുള്ള മരത്തെ പരിചയപ്പെടുത്തിയത്. പുതിയകോട്ട വിനായക ടാക്കീസിന് സമീപം സ്വകാര്യ ബീഡിക്കമ്പനിയുടെ മതില്‍ക്കെട്ടിനരികിലായാണ് തിരിച്ചറിയപ്പെടാത്ത ഒൗഷധ വൃക്ഷത്തെ കണ്ടത്തെിയത്. പൂര്‍വികരിലാരോ നട്ടു വളര്‍ത്തിയതാകാം. സംസ്കൃതത്തില്‍ മുനിദ്രുമം എന്ന് പേരുള്ള ഈ സസ്യത്തിന്‍െറ ശാസ്ത്രനാമം സെസ് ബാനിയ ഗ്രാന്‍ഡി ഫ്ളോറ എന്നാണ്. ഭക്ഷണത്തിനും മരുന്നിനും ഇതുപയോഗിക്കാനാവും. കാന്‍സര്‍, അപസ്മാരം, കുടല്‍പുണ്ണ്, വായ്പ്പുണ്ണ്, ഉഷ്ണരോഗങ്ങള്‍, നേത്ര രോഗങ്ങള്‍, വിട്ടുമാറാത്ത തലവേദന, പീനസം, ചുമ എന്നിവക്ക് ഒൗഷധമായി അഗത്തി ഉപയോഗിക്കുന്നുണ്ട്. മുളപ്പിച്ച വിത്തില്‍ ധാരാളം വൈറ്റമിന്‍ സിയും പ്രോട്ടീനും കൊഴുപ്പും കാര്‍ബോ ഹൈഡ്രേറ്റും ഇലകളില്‍ പ്രോട്ടീന്‍, കാല്‍സ്യം, ഫോസ്ഫറസ്, ലോഹാംശങ്ങള്‍, വൈറ്റമിന്‍ എ, ബി, സി എന്നിവ അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ ബി, സി എന്നിവയടങ്ങിയ പൂവും ആഹാരമായി ഉപയോഗിക്കാം. മരത്തിന്‍െറ തൊലിയും ഒൗഷധ പ്രാധാന്യമേറിയതാണ്. കേരളത്തിലെ കാലാവസ്ഥയില്‍ നന്നായി വളരുന്ന ഒൗഷധ സസ്യമാണിത് -ദിവാകരേട്ടന്‍െറ വാക്കുകള്‍ കുട്ടികള്‍ക്കും കൂടെവന്ന അധ്യാപകര്‍ക്കും പുതിയ അറിവായി. വീട്ടുമുറ്റത്ത് നട്ടുവളര്‍ത്താന്‍ വിത്തുകളും ശേഖരിച്ചാണ് കുട്ടികള്‍ മടങ്ങിയത്. ഹെഡ്മാസ്റ്റര്‍ കെ.കെ. രാഘവന്‍, അധ്യാപകനായ പി. അബ്ദുറഹ്മാന്‍ എന്നിവരും കുട്ടികളെ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.