ചെറുവത്തൂര്‍: തെരുവുനായ്ക്കളുടെ വിളയാട്ടം റോഡുകളിലും അപകടക്കെണിയാകുന്നു. നായ്ക്കള്‍ റോഡില്‍ കുറുകെ ചാടിയതുമൂലമുണ്ടായ അപകടങ്ങളില്‍ രണ്ടു ജീവനാണ് ഒരാഴ്ചക്കിടയില്‍ പൊലിഞ്ഞത്. മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്കില്‍നിന്ന് വീണ് ചികിത്സയിലായിരുന്ന അംഗപരിമിതനായ യുവാവ് ആറുദിവസം മുമ്പാണ് ചീമേനിയില്‍ മരണപ്പെട്ടത്. ചീമേനി ടൗണിലെ മൊബൈല്‍ ഷോപ് ഉടമയും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനുമായ ഞാണ്ടാടിയിലെ കെ.വി. രതീഷാണ് (29) മരിച്ചത്. കട അടച്ച് വീട്ടിലേക്ക് സുഹൃത്തിന്‍െറ ബൈക്കിന് പിന്നില്‍ പോകവേ ചീമേനി പൊലീസ് സ്റ്റേഷന് സമീപത്തുനിന്നും തെരുവുനായ കുറുകെ ചാടിയാണ് അപകടത്തില്‍പെട്ടത്. ഈ സംഭവത്തിന്‍െറ നടുക്കം മാറുംമുമ്പാണ് കഴിഞ്ഞദിവസം ചെറുവത്തൂര്‍ ചെക്പോസ്റ്റിനു സമീപം നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് മറിഞ്ഞ് പടന്നക്കാട് സ്വദേശി ശദാബ് മരണപ്പെട്ടത്. സുഹൃത്ത് റാഷിദിന് സാരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തെരുവുനായ്ക്കളുടെ അക്രമത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കവേ ബൈക്ക് മറിഞ്ഞ് കുമ്പള നാരായണമംഗലത്തെ വസന്ത, ജഗദീഷ് എന്നിവര്‍ക്കും കഴിഞ്ഞദിവസം പരിക്കേറ്റിരുന്നു. അപ്രതീക്ഷിതമായി മുന്നിലേക്ക് ചാടിയ നായയെ ഇടിക്കാതിരിക്കാന്‍ ബൈക്ക് വെട്ടിക്കുന്നതിനിടയിലായിരുന്നു അപകടങ്ങള്‍. മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതുമൂലം പാതയോരങ്ങള്‍ ഇപ്പോള്‍ നായ്ക്കളുടെ വിഹാരകേന്ദ്രമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.