കാസര്‍കോട്: സര്‍ക്കാര്‍ സംരംഭമായ മൊഗ്രാല്‍പുത്തൂര്‍ കമ്പാറിലെ ഭെല്‍ ഇലക്ട്രിക്കല്‍ മെഷീന്‍സ് ലിമിറ്റഡ് വന്‍ പ്രതിസന്ധിയില്‍. ഉല്‍പന്നങ്ങള്‍ നിര്‍മിക്കാന്‍ ആവശ്യത്തിന് മൂലധനമില്ലാത്തതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. 2015-16ല്‍ 60 കോടിയുടെ പവര്‍ മോട്ടോറുകളും ആള്‍ട്ടര്‍നേറ്ററുകളും നിര്‍മിക്കാന്‍ ഓര്‍ഡര്‍ ലഭിച്ചെങ്കിലും നിര്‍മാണ സാമഗ്രികള്‍ വാങ്ങാന്‍ മൂലധനമില്ലാത്തതിനാല്‍ മാനേജ്മെന്‍റ് ഓര്‍ഡര്‍ ഉപേക്ഷിക്കുകയായിരുന്നു. 2011 മാര്‍ച്ച് 28നാണ് കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ നവരത്ന ഗ്രൂപ്പിലെ ഭാരത് ഹെവി ഇലക്ട്രിക്കല്‍ ലിമിറ്റഡുമായി (ഭെല്‍) കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജിനീയറിങ് കമ്പനി (കെല്‍) ലയിപ്പിച്ചത്. കെല്ലിന്‍െറ ഓഹരികള്‍ക്ക് പത്തരക്കോടി രൂപ വില നിശ്ചയിച്ച് കൈമാറുകയായിരുന്നു. പ്രതിരോധ മന്ത്രിയായിരുന്ന എ.കെ. ആന്‍റണി പ്രത്യേകം താല്‍പര്യമെടുത്താണ് ലയനം നടപ്പാക്കിയത്. പിന്നീട് മൊത്തം ആസ്തിയുടെ 51 ശതമാനം ഓഹരികള്‍ ഭെല്ലിനും 49 ശതമാനം കെല്ലിനുമായി നിജപ്പെടുത്തി. അങ്ങനെയാണ് ഭെല്‍ ഇ.എം.എല്‍ എന്ന പുതിയ കമ്പനി നിലവില്‍ വന്നത്. പുതിയ യന്ത്രസംവിധാനങ്ങളും വിദേശ നിര്‍മിത സാങ്കേതിക വിദ്യകളും കമ്പനിയില്‍ ഏര്‍പ്പെടുത്തുമെന്ന് പറഞ്ഞെങ്കിലും പ്രഖ്യാപനത്തില്‍ മാത്രമൊതുങ്ങി. അഞ്ചു വര്‍ഷം മുമ്പ് കെല്‍ സ്ഥാപിക്കുമ്പോള്‍ ഉണ്ടായിരുന്ന അതേ യന്ത്രസംവിധാനമാണ് ഇന്നുമുള്ളത്. കമ്പനി നിര്‍മിക്കുന്ന 55 കിലോവാട്ട്, 18.5 കെ.ഡബ്ള്യു ആള്‍ട്ടര്‍നേറ്ററുകള്‍ക്ക് വന്‍ ഡിമാന്‍ഡുണ്ടെങ്കിലും നിര്‍മാണ മൂലധനമില്ലാത്തതിനാല്‍ പല ഓര്‍ഡറുകളും സ്വീകരിക്കാന്‍ സാധിക്കുന്നില്ല. ഇതിനുപുറമെയാണ് കമ്പനിയോട് കേന്ദ്ര സര്‍ക്കാറിന്‍െറ അവഗണന. വാഹന മലിനീകരണം കുറക്കാന്‍ ഡല്‍ഹി പോലുള്ള വന്‍ നഗരങ്ങളില്‍ ഏര്‍പ്പെടുത്തുന്ന ഗ്രീന്‍ സിറ്റിയുമായി ബന്ധപ്പെട്ട ഇലക്ട്രിക് പവര്‍ കാറിന്‍െറ മോട്ടോറുകള്‍ നിര്‍മിക്കാന്‍ ഭെല്ലിന് ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ടെങ്കിലും കാസര്‍കോട്ടെ ഭെല്‍ ഇ.എം.എല്ലിനെ ഇതില്‍നിന്ന് പൂര്‍ണമായി ഒഴിവാക്കി. ആവശ്യത്തിന് നിര്‍മാണ സാമഗ്രികള്‍ ഇല്ളെന്നാണ് ന്യായം. കമ്പനിയുടെ പരിതാപാവസ്ഥ തൊഴിലാളികളെയും ബാധിച്ചിട്ടുണ്ട്. കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിലെ തൊഴിലാളികളുടെ ഒരാനുകൂല്യവും ഇവര്‍ക്ക് ലഭിക്കുന്നില്ല. 2007ല്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച പാറ്റേണിലാണ് ശമ്പളം. 153 സാങ്കേതിക തൊഴിലാളികളും 22 മാനേജ്മെന്‍റ് ജീവനക്കാരും ഉള്‍പ്പെടെ 175 പേരാണുള്ളത്. മോദിഅധികാരത്തില്‍ വന്നശേഷം കേന്ദ്ര സര്‍ക്കാറിന്‍െറ ഒരു സഹായവും കമ്പനിക്ക് ലഭിച്ചില്ല. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ സഹായത്തോടെ പുതിയ സാങ്കേതിക വിദ്യകള്‍ നടപ്പാക്കിയില്ളെങ്കില്‍ ജില്ലയിലെ മറ്റു വ്യവസായ സംരംഭങ്ങളെ പോലെ ഭെല്‍ ഇ.എം.എല്ലും അടച്ചുപൂട്ടേണ്ടിവരുമെന്നാണ് തൊഴിലാളികളുടെ ആശങ്ക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.