മാടക്കാല്‍ പൈപ്പ് കള്‍വര്‍ട്ട് നിര്‍മാണം അവസാന ഘട്ടത്തില്‍

തൃക്കരിപ്പൂര്‍:കവ്വായി കായലിനെ പകുത്തു പണിത മാടക്കാല്‍ ബണ്ടില്‍ നീരൊഴുക്കിനുള്ള രണ്ടാമത്തെ പൈപ്പ് കള്‍വര്‍ട്ട് നിര്‍മാണ പ്രവൃത്തി അവസാന ഘട്ടത്തില്‍. ബണ്ടിന് കുറുകെ കൂറ്റന്‍ കോണ്‍ക്രീറ്റ് പൈപ്പുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തിയാണ് നടത്തുന്നത്. ബണ്ട് കീറി പൈപ്പുകള്‍ സ്ഥാപിച്ച് മുകളില്‍ കോണ്‍ക്രീറ്റ് ചെയ്തശേഷം ടാറിങ് ചെയ്യുന്നതാണ് പദ്ധതി. വെള്ളം തുറന്നുവിടുന്നതിന് പുറമേ ചെറു മത്സ്യബന്ധന തോണികള്‍ക്കും കടന്നുപോകാനുള്ള സൗകര്യമുണ്ടാകും. കെ. കുഞ്ഞിരാമന്‍ എം.എല്‍.എ ഫണ്ടില്‍നിന്നും 45 ലക്ഷം രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പണി പൂര്‍ത്തിയാക്കി ബണ്ട് റോഡ് ഗതാഗതത്തിനായി തുറന്നുകൊടുക്കും. തൃക്കരിപ്പൂരിലെ ഉടുമ്പുന്തലയെയും വലിയപറമ്പ് മാടക്കാല്‍ ദ്വീപിനെയും ബന്ധപ്പെടുത്തി രണ്ട് ദശാബ്ദങ്ങള്‍ക്ക് മുമ്പാണ് 310 മീറ്റര്‍ നീളവും എട്ടു മീറ്റര്‍ വീതിയിലും ബണ്ട് പണിതത്. ബണ്ട് പൂര്‍ത്തിയായതോടെ കായലിന്‍െറ ഒഴുക്ക് തടസ്സപ്പെട്ടു. പ്രദേശത്ത് ദുര്‍ഗന്ധവും പരിസ്ഥിതി പ്രശ്നങ്ങളും ഉടലെടുത്തതോടെയാണ് നീരൊഴുക്കിന്‍െറ അനിവാര്യത പ്രദേശവാസികള്‍ക്ക് ബോധ്യം വന്നത്. തുടര്‍ന്ന് ബണ്ടിന്‍െറ കിഴക്ക് ഭാഗത്ത് നേരത്തെ പൈപ്പ് കള്‍വര്‍ട്ട് പണിതു. രണ്ടാമത്തെ കള്‍വര്‍ട്ടാണ് മാടക്കാല്‍ ദ്വീപിന് പരിസരത്തെ ബണ്ടില്‍ പണിയുന്നത്. നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ കാല്‍നട യാത്രക്കാര്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും ഒഴികെയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.