കാഞ്ഞിരപ്പൊയിലില്‍ എല്ല് സംസ്കരണ ഫാക്ടറി കെട്ടിടം അടിച്ചുതകര്‍ത്തു

നീലേശ്വരം: കാഞ്ഞിരപ്പൊയില്‍ മലപ്പച്ചേരി കോതോത്ത് പാറയില്‍ നിര്‍മിക്കുന്ന എല്ല് സംസ്കരണ ഫാക്ടറിയുടെ കെട്ടിടം അടിച്ചുതകര്‍ത്തു. കാസര്‍കോട് ബോണ്‍ മില്‍ ആന്‍ഡ് ബയോ ഫെര്‍ട്ടിലൈസറിനു (ജൈവ വള ഫാക്ടറി) വേണ്ടി നിര്‍മാണം ആരംഭിച്ച കെട്ടിടമാണ് അടിച്ചുതകര്‍ത്തത്. ഫാക്ടറി ആരംഭിക്കുന്നതിന് മുമ്പേ നാട്ടുകാര്‍ എതിര്‍പ്പുമായി രംഗത്തുവന്നിരുന്നു. ചുറ്റുമതില്‍, തൊഴിലാളികളുടെ വിശ്രമ ഷെഡ്, ഫാക്ടറിക്കാവശ്യമായ മറ്റു ഉപകരണങ്ങളുമാണ് അടിച്ചുതകര്‍ത്തത്. ഫാക്ടറി വന്നാല്‍ പരിസ്ഥിതി പ്രശ്നങ്ങളും ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഒമ്പതുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. മാനേജിങ് പാര്‍ട്ണര്‍ മടക്കര തുരുത്തി സ്വദേശി പി.പി. ജലാലുദ്ദീന്‍ നീലേശ്വരം പൊലീസില്‍ പരാതി നല്‍കി. കാഞ്ഞിരപ്പൊയിലിലെ ടി.പി. തമ്പാനും കണ്ടാലറിയാവുന്ന ആറുപേര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. 2015 ആഗസ്റ്റ് 15നാണ് ഫാക്ടറി തുടങ്ങാന്‍ കെട്ടിട നിര്‍മാണം ആരംഭിച്ചത്. അന്നുതന്നെ ടി.പി. തമ്പാനും സംഘവും നിര്‍മാണം തടയുകയും ഫാക്ടറിയിലേക്കുള്ള വഴി തടസ്സപ്പെടുത്തുകയും ചെയ്തു. മാനേജ്മെന്‍റ് ഹൈകോടതി കേസ് ഫയല്‍ ചെയ്തതിനെ തുടര്‍ന്ന് കോടതി ഉത്തരവ് പ്രകാരമാണ് വീണ്ടും ഫാക്ടറി കെട്ടിട നിര്‍മാണം ആരംഭിച്ചത്. ഇതാണ് ഇപ്പോള്‍ വീണ്ടും അടിച്ചുതകര്‍ത്തത്. പരിസ്ഥിതി പ്രശ്നങ്ങളോ ആരോഗ്യ പ്രശ്നങ്ങളോ ഇല്ലാതെ ആധുനിക ടെക്നോളജി ഉപയോഗിച്ചാണ് എല്ല് ഫാക്ടറി ആരംഭിക്കാന്‍ ഉദ്ദേശിച്ചതെന്ന് മാനേജ്മെന്‍റ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.