പശുക്കടത്തിനിടെ ബി.ജെ.പി നേതാവിന്‍െറ മരണം: പ്രതിഷേധം വ്യാപകം

മംഗളൂരു: ഉഡുപ്പി ജില്ലയില്‍ പശുക്കടത്തിനിടെ സംഘ്പരിവാര്‍ അക്രമത്തില്‍ ബി.ജെ.പി നേതാവ് പ്രവീണ്‍ പൂജാരി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം വ്യാപകമാവുന്നു. അതേസമയം, പശുക്കടത്തും വേട്ടയുടെ പേരില്‍ അക്രമവും തടയാനുള്ള സംവിധാനം പൊലീസ് ഏര്‍പ്പെടുത്തി.സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്ളോക്ക്ടവറിന് മുന്നില്‍ ധര്‍ണ നടത്തി. ജില്ലാ സെക്രട്ടറി കെ. ബാലകൃഷ്ണ ഷെട്ടി ഉദ്ഘാടനം ചെയ്തു. കുടുംബത്തെ അനുശോചനമറിയിച്ചു. ബില്ലവ സമുദായക്കാരനായ പ്രവീണിന്‍െറ കൊലപാതകം സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് ബ്രഹ്മശ്രീ നാരായണഗുരു ബില്ലവ സേവാ സംഘ ജില്ലാ പ്രസിഡന്‍റ് കെ. ഭാസ്കര പൂജാരി ആവശ്യപ്പെട്ടു. ആ മേഖലയിലെ 14 വില്ളേജുകള്‍ ഉള്‍പ്പെട്ട സംഘ സമിതിയുടെ സെക്രട്ടറിയായിരുന്നു പ്രവീണ്‍. ഉഡുപ്പി കെഞ്ചൂരിലെ വീട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സംഘടനാ പ്രതിനിധികളും സംഘങ്ങളും സന്ദര്‍ശിക്കുന്നുണ്ട്. പ്രവീണിന് പശുക്കടത്തില്ളെന്നും അദ്ദേഹത്തിന്‍െറ ജനസമ്മതിയിലും വളര്‍ച്ചയിലും അസൂയയുള്ളവര്‍ ചതിച്ചതാവാമെന്നുമാണ് സന്ദര്‍ശനവേളയില്‍ സഹോദരി പ്രമീള പറഞ്ഞതെന്ന് ദക്ഷിണ കന്നട ജില്ലയിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തക ജെ.കെ. രാജേശ്വരി അറിയിച്ചു. അതേസമയം, പശുക്കടത്താണ് അക്രമത്തിന് പിന്നിലെന്നാണ് പൊലീസിന്‍െറ പ്രാഥമിക നിഗമനമെന്നാണ് വ്യാഴാഴ്ച പ്രവീണിന്‍െറ വീട് സന്ദര്‍ശിച്ച ഉഡുപ്പി ജില്ലാ ചുമതലയുള്ള മന്ത്രി പ്രമോദ് മാധവ്രാജിനോട് ഉഡുപ്പി ജില്ലാ പൊലീസ് സൂപ്രണ്ട് കെ.ടി. ബാലകൃഷ്ണ പറഞ്ഞത്. അനധികൃത പശുക്കടത്തും തടഞ്ഞ് ആക്രമിക്കുന്ന പ്രവണതയും അവസാനിപ്പിക്കാന്‍ ഇടപെടല്‍ ശക്തമാക്കുമെന്ന് ദക്ഷിണ കന്നട ജില്ലാ പൊലീസ് സൂപ്രണ്ട് ഭുഷന്‍ ഗുലബ്രാവോ ബോറസ് പറഞ്ഞു. ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക മോണിറ്ററിങ് സെല്‍ രൂപവത്കരിച്ചു. ജില്ലയില്‍ പശുക്കടത്തിന്‍െറ പേരില്‍ നേരത്തെയുണ്ടായ അക്രമങ്ങള്‍ പലയിടത്തും സാമുദായിക പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇത്തരം മേഖലകള്‍ പ്രത്യേക നിരീക്ഷണത്തിലാവും. പശുക്കടത്തുമായി ബന്ധപ്പെട്ടുണ്ടായ അക്രമക്കേസുകളില്‍ നടപടി വേഗത്തിലാക്കാന്‍ പ്രോസിക്യൂട്ടര്‍മാരെ പൊലീസ് സമീപിക്കും. ഇത്തരം കേസുകളില്‍ ശിക്ഷ വിധിക്കുന്നത് അക്രമം കുറയാന്‍ സഹായകമാവുമെന്നാണ് പൊലീസിന്‍െറ പ്രതീക്ഷ. അനധികൃത കാലിക്കടത്ത് തടയാന്‍ സ്ഥാപിച്ച ചെക്പോസ്റ്റുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ഫലപ്രദമാക്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് എസ്.പി പറഞ്ഞു. പശുക്കടത്ത് അനധികൃതമാണെങ്കില്‍ നടപടിയെടുക്കേണ്ടത് പൊലീസാണെന്നും ചിലര്‍ നിയമം കൈയിലെടുക്കുമ്പോള്‍ പൊലീസ് നോക്കിനില്‍ക്കുകയല്ല വേണ്ടതെന്നും ഡി.സി.സി പ്രസിഡന്‍റ് ഇബ്രാഹിം കൊടിജാല്‍ വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.