കാഞ്ഞങ്ങാട്: റെയില്‍വേയുടെ ഉടമസ്ഥതയിലുള്ള ചതുപ്പുനിലം സ്വകാര്യ വ്യക്തികള്‍ നികത്തി സ്വന്തമാക്കാന്‍ ശ്രമിക്കുന്നതായി ആരോപണം. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് സമീപം യതീംഖാനയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്‍െറ മതില്‍കെട്ടിനോട് ചേര്‍ന്ന വെള്ളക്കെട്ടാണ്, പൊളിച്ചുനീക്കിയ കെട്ടിടാവശിഷ്ടങ്ങളും മണ്ണും തള്ളി നികത്തുന്നത്. നികത്തിയ സ്ഥലം പിന്നീട് സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ച് ക്രമേണ സ്വന്തമാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് നഗരവാസികള്‍ ആരോപിക്കുന്നു. ജൂണ്‍ മുതല്‍ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങള്‍ വരെ വെള്ളംകെട്ടിനില്‍ക്കുന്ന സ്ഥലത്തിന് ഒരേക്കറോളം വിസ്തൃതിയുണ്ട്. റെയില്‍വേ പയ്യന്നൂര്‍ പി.വേ വിഭാഗത്തിന്‍െറ പരിധിയിലാണ് ഈ സ്ഥലം. പാലക്കാട് ഡിവിഷനിലെ അഡീഷനല്‍ ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ക്കാണ് (എ.ഡി.ആര്‍.എം) മേല്‍നോട്ട ചുമതല. ദിവസങ്ങളായി തുടരുന്ന നികത്തല്‍ തടയാന്‍ റെയില്‍വേ അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയൊന്നും ഉണ്ടായിട്ടില്ല. കൈയേറ്റ നീക്കത്തിന് അധികൃതരുടെ മൗനാനുവാദം ലഭിച്ചതായും പറയുന്നു. വേനലിലും ജലസമൃദ്ധിയുള്ള സ്ഥലം നികത്തുന്നത് ജലദൗര്‍ലഭ്യത്തിന് കാരണമാകുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. റെയില്‍വേയുടെ ഭാവി വികസനത്തിന് നീക്കിവെച്ച ഭൂമിയില്‍ പലയിടത്തും സമാനരീതിയില്‍ കൈയേറ്റം നടക്കുന്നതായി പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.