ട്രാഫിക് നിയമം പാലിക്കുന്നവര്‍ക്ക് പെട്രോള്‍ സമ്മാനം

കാസര്‍കോട്: നിയമം ലംഘിക്കാതെ വാഹനമോടിക്കുന്നവരെ മോട്ടോര്‍വാഹന വകുപ്പ് പിടികൂടും. പക്ഷേ, പേടിക്കേണ്ട സമ്മാനം നല്‍കി വിട്ടയക്കും. മോട്ടോര്‍ വാഹന വകുപ്പും കെ.എല്‍ 14 റൈഡേഴ്സ് ക്ളബും ചേര്‍ന്നാണ് ഇരുചക്ര വാഹനം ഉപയോഗിക്കുന്നവര്‍ക്ക് കൗതുകവും നേട്ടവുമായി ഈ പുതുമയാര്‍ന്ന പരിപാടി സംഘടിപ്പിക്കുന്നത്. കാസര്‍കോട് പ്രസ്ക്ളബ് ജങ്ഷനില്‍ വാഹനപരിശോധനയില്‍ പതിവിന് വിപരീതമായി മോട്ടോര്‍വാഹന വകുപ്പ് നിയമം അനുസരിക്കുന്നവരെയും ഹെല്‍മറ്റ് ധരിക്കുന്നവരെയുമാണ് പിടികൂടിയത്. കൂടാതെ അവര്‍ക്ക് പെട്രോള്‍ സമ്മാനിക്കുകയും ചെയ്തു. നിയമങ്ങള്‍ അനുസരിക്കുന്നതിന്‍െറയും സുരക്ഷിതമായ ഡ്രൈവിങ്ങിന്‍െറയും സന്ദേശം ഡ്രൈവര്‍മാര്‍ക്ക് പകര്‍ന്നുനല്‍കുകയായിരുന്നു ലക്ഷ്യം. ജില്ലയില്‍ വാഹനാപകടത്തില്‍ കഴിഞ്ഞവര്‍ഷം 104 പേരാണ് മരിച്ചത്. ഇതില്‍ ഏറെ പേരും സ്വന്തം സുരക്ഷ ഉറപ്പുവരുത്താതെ വാഹനമോടിച്ചവരായിരുന്നു. ഈ വര്‍ഷവും അപകട നിരക്ക് വര്‍ധിച്ചുവരുകയാണ്. ഈ അവസ്ഥയിലാണ് റോഡ് സുരക്ഷാ സന്ദേശം കൂടുതല്‍ പേരിലേക്ക് പകര്‍ന്ന് നല്‍കാന്‍ മോട്ടോര്‍വാഹന വകുപ്പ് പദ്ധതികള്‍ ആവിഷ്കരിച്ചത്. പരിപാടി കാസര്‍കോട് ആര്‍.ടി.ഒ പി.എച്ച്. സാദിഖലി ഉദ്ഘാടനം ചെയ്തു. എം.വി.ഐ എ.കെ. രാജീവന്‍, കെ.പി. ദിലീപ്, കെ. പ്രജിത്ത്, സജിമോന്‍, ക്ളബ് പ്രസിഡന്‍റ് ജാഫര്‍ സാദിഖ് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.