തൃക്കരിപ്പൂര്‍ സിന്തറ്റിക് സ്റ്റേഡിയം ഇന്ന് കൈമാറും

തൃക്കരിപ്പൂര്‍: ജില്ലയുടെ സ്വപ്നപദ്ധതിയായ സിന്തറ്റിക് ഫുട്ബാള്‍ സ്റ്റേഡിയം ഇന്ന് തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തിന് കൈമാറും. സംസ്ഥാനത്ത് ആധുനിക സൗകര്യങ്ങളോടെ സ്ഥാപിക്കുന്ന രണ്ട് വിവിധോദ്ദേശ്യ സ്റ്റേഡിയങ്ങളില്‍ ഒന്നാണ് തൃക്കരിപ്പൂരില്‍ പൂര്‍ത്തിയായത്. മറ്റൊന്ന് ആലപ്പുഴയിലാണ്. ഡല്‍ഹിയിലെ ശിവാ നരേഷ് കമ്പനിയാണ് 2.75 കോടിയുടെ പ്രവൃത്തി ഏറ്റെടുത്തത്. 2014 നവംബറില്‍ ആരംഭിച്ച പ്രവൃത്തി മൂന്നുമാസംകൊണ്ട് പൂര്‍ത്തിയാക്കുമെന്ന് അറിയിച്ചെങ്കിലും വൈകി. നടക്കാവ് വലിയകൊവ്വല്‍ മൈതാനിയില്‍ ഗ്രാമപഞ്ചായത്ത് വിട്ടുനല്‍കിയ ഭൂമിയിലാണ് സ്റ്റേഡിയം പണിതത്. ദേശീയ ഗെയിംസ് അക്കാദമിയുടെ മേല്‍നോട്ടത്തിലായിരുന്നു പ്രവൃത്തി. 110 മീറ്റര്‍ നീളത്തിലും 78 മീറ്റര്‍ വീതിയിലുമാണ് ഫുട്ബാള്‍ മൈതാനം. 40 പേര്‍ക്ക് ഉപയോഗിക്കാവുന്ന പവലിയന്‍ ഭാവി പദ്ധതിയിലുണ്ട്. ഉപരിതലത്തില്‍ ഏതാണ്ട് 8,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് പുല്‍ത്തകിടി ഉറപ്പിച്ചത്. മൈതാന ഉപരിതലം നാലിഞ്ച് കോണ്‍ക്രീറ്റ് ചെയ്തശേഷം പുല്‍മത്തെപോലെ തോന്നിക്കുന്ന കൃത്രിമനാരുകള്‍ ഘടിപ്പിക്കുകയായിരുന്നു. ഓരോ പാളി കോണ്‍ക്രീറ്റ് ചെയ്യുമ്പോഴും ഇറക്കുമതി ചെയ്ത പ്രത്യേക ഫാബ്രിക് ഷീറ്റ് വിരിച്ചാണ് വേര്‍തിരിച്ചത്. കൈമാറ്റത്തിനു മുന്നോടിയായി ഗുണനിലവാര പരിശോധനക്ക് ചൈനയില്‍നിന്ന് ഫിഫ ടെക്നിക്കല്‍ മാനേജര്‍ ഇവിടെയത്തെിയിരുന്നു. അദ്ദേഹത്തിന്‍െറ റിപ്പോര്‍ട്ട് ലഭിച്ച സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സിയായ ‘കിറ്റ്കോ’ കളിക്കളം കൈമാറുന്നത്. കൃത്രിമ പുല്‍ത്തകിടിയുടെ ഗുണനിലവാരം, റബര്‍ മണല്‍ വിരിച്ചതിന്‍െറ ആഴം, മൈതാനത്തിന്‍െറ നീര്‍വാര്‍ച്ച എന്നിവ സ്പോര്‍ട്സ് ലാബ് എന്ന കമ്പ്യൂട്ടര്‍ നിയന്ത്രിത സോഫ്റ്റ്വെയറിന്‍െറ സഹായത്തോടെയാണ് പരിശോധിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.