ഹാം റേഡിയോ വഴികാട്ടി; അവര്‍ ആയിറ്റിയില്‍ സംഗമിച്ചു

തൃക്കരിപ്പൂര്‍: വലിയപറമ്പ ദ്വീപിലെ വിവിധ പ്രദേശങ്ങളില്‍ വിന്യസിച്ചിരുന്ന കുട്ടികള്‍ ഹാം റേഡിയോ സഹായത്തോടെ ക്യാമ്പില്‍ ഒത്തുചേര്‍ന്നു. ഉദിനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സ്റ്റുഡന്‍റ് പൊലീസ് കാഡറ്റ് യൂനിറ്റ് അവധിക്കാല ക്യാമ്പിന്‍െറ ഭാഗമായാണ് ആയിറ്റി ടൂറിസം ബോട്ട് ടെര്‍മിനലില്‍ ഒത്തുചേരല്‍ നടത്തിയത്. 43 കുട്ടികളുള്ള യൂനിറ്റിനെ ആറു ഗ്രൂപ്പാക്കി തിരിച്ചാണ് വെവ്വേറെ സ്ഥലങ്ങളില്‍ എത്തിച്ചത്. ക്യാമ്പ് നടക്കുന്ന കേന്ദ്രത്തില്‍ എത്തിച്ചേരുക എന്നതായിരുന്നു ആദ്യ നിര്‍ദേശം. ഇതിനായി ഓരോ ഗ്രൂപ്പിലും അമച്വര്‍ ഹാമിന്‍െറ നേതൃത്വത്തില്‍ ഹാന്‍ഡ് സെറ്റുകള്‍ നല്‍കി. ആശയവിനിമയത്തിന് റേഡിയോ മാത്രം ഉപയോഗിച്ച് കൃത്യസ്ഥലത്ത് എത്തിച്ചേരുക പ്രയാസകരമായി തോന്നിയെങ്കിലും അനുഭവത്തില്‍ തീര്‍ത്തും ആയാസരഹിതമാണെന്ന് കുട്ടികള്‍ മനസ്സിലാക്കി. കൃത്യമായ റേഡിയോ സിഗ്നലുകള്‍ കണ്ടത്തെുന്നതിലും സന്ദേശങ്ങള്‍ അയക്കുന്നതിലും കുട്ടികള്‍ക്ക് പരിചിതരായ ഹാമുകളുടെ സേവനം ലഭിച്ചു. വലിയപറമ്പ, പടന്ന പഞ്ചായത്തുകളുടെ തീരദേശത്തുനിന്ന് ആറുസംഘങ്ങളും കൃത്യസമയത്തുതന്നെ ക്യാമ്പ് നടക്കുന്ന തൃക്കരിപ്പൂര്‍ ആയിറ്റിയില്‍ എത്തി. ഹാം റേഡിയോ മലബാര്‍ യൂനിറ്റിന്‍െറ സഹകരണത്തോടെയായിരുന്നു പരിശീലനം. അമച്വര്‍ ഹാം റേഡിയോ ഓപറേറ്റര്‍മാരായ എം. ലക്ഷ്മീകാന്ത്, ടി. സുലൈമാന്‍ എന്നിവര്‍ ക്ളാസെടുത്തു. പരിശീലന പരിപാടി നീലേശ്വരം സി.ഐ പി.കെ. ധനഞ്ജയ ബാബു ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ കെ. അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു. ചന്തേര എസ്.ഐ അനൂപ്കുമാര്‍, അഡീഷനല്‍ എസ്.ഐ എം.പി. പത്മനാഭന്‍, അധ്യാപകരായ പി.പി. അശോകന്‍, പുഷ്പ കൊയോന്‍, എം. ശൈലജ, കെ. മനോജ് എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.