കാസര്‍കോട് ജില്ലയില്‍ കാല്‍ ലക്ഷം ഭൂരഹിതര്‍

കാസര്‍കോട്: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ റവന്യൂ ഭൂമിയുള്ള ജില്ലയില്‍ ഭൂരഹിതരായുള്ളത് കാല്‍ ലക്ഷം പേര്‍. ഇതില്‍ പകുതിയാളുകള്‍ക്കും വാസയോഗ്യമായ ഭൂമി നല്‍കാതെ സര്‍ക്കാറിന്‍െറ ഒളിച്ചുകളി. രണ്ട് ഘട്ടങ്ങളിലായി ‘ഭൂരഹിതരില്ലാത്ത കേരളം’ പദ്ധതിയില്‍ അപേക്ഷ നല്‍കി കണ്ടത്തെിയ 26217 ഭൂരഹിതരാണ് ജില്ലയിലുള്ളത്. ആഘോഷപൂര്‍വം നടത്തിയ പട്ടയമേളയില്‍ ഇതില്‍ പലര്‍ക്കും പട്ടയം ലഭിച്ചെങ്കിലും വാസയോഗ്യമായ ഭൂമി മാത്രം ഇതുവരെ ലഭിച്ചിട്ടില്ല. പദ്ധതി പ്രകാരം ജില്ലയില്‍ ഒന്നാം ഘട്ടത്തില്‍ അര്‍ഹരായ 10271 പേരില്‍ ഒരു വിഭാഗത്തിന് 2013 മാര്‍ച്ചില്‍ പട്ടയം നല്‍കിയെങ്കിലും ഇതുവരെയും ഭൂമി പതിച്ചു നല്‍കിയില്ല. രണ്ടാം ഘട്ടത്തില്‍ അപേക്ഷിച്ച 16,000 പേരില്‍ അര്‍ഹരായവരുടെ പട്ടികപോലും ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. ആഗസ്റ്റോടെ കേരളം ഭൂരഹിതരില്ലാത്ത സംസ്ഥാനമായി മാറുമെന്ന പ്രഖ്യാപനത്തിനിടെയാ ണിത്. പട്ടയം ലഭിച്ചിട്ടും ഭൂമി ലഭിക്കാത്തവരുടെ യഥാര്‍ഥ കണക്ക് പോലും ജില്ലാ ഭരണകൂടത്തിന്‍െറ കൈവശമില്ളെന്നാണ് ജില്ലാ ഭരണകൂടം വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷക്ക് നല്‍കിയ മറുപടി വ്യക്തമാക്കുന്നത്. ഭൂമി ലഭിച്ചവരില്‍ പലര്‍ക്കും വാസയോഗ്യമല്ലാത്ത കരിമ്പാറക്കൂട്ടങ്ങളും ചെങ്കല്‍ ക്വാറികളും മറ്റുമാണ് ലഭിച്ചത്. പലയിടത്തും പതിച്ച് കിട്ടിയ ഭൂമിയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കാത്ത പ്രശ്നങ്ങള്‍ ഉയര്‍ന്നിട്ടും നടപടിയില്ല. സ്വകാര്യ വ്യക്തികള്‍ അവകാശവാദം ഉന്നയിച്ച റവന്യൂ ഭൂമിയുടെ പേരില്‍ ഭൂരഹിതര്‍ക്ക് നിയമനടപടി നേരിടേണ്ടിവന്ന സംഭവവും ഉണ്ടായിട്ടുണ്ട്. മലയോരങ്ങളില്‍ ഭൂമി ലഭിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് ഉപജീവനത്തിന് എന്ത് ചെയ്യുമെന്നാണ് ആശങ്ക. ജില്ലയുടെ ആകെ ഭൂമിയുടെ മൂന്നിലൊരു ഭാഗം സര്‍ക്കാറിന്‍െറ കൈയിലുണ്ടായിട്ടും അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പ് വരുത്തി വാസയോഗ്യമായ സ്ഥലങ്ങള്‍ നല്‍കാന്‍ സാധിച്ചിട്ടില്ല. കേരളം ഭൂരഹിതരില്ലാത്ത സംസ്ഥാനമാകുമെന്ന പ്രഖ്യാപനം വരുന്ന തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള പ്രചാരണം മാത്രമാണെന്നാണ് ആക്ഷേപം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.