കാസര്‍കോട്: ബാങ്ക് വായ്പകള്‍ സംബന്ധിച്ച പരാതികളില്‍ സര്‍ക്കാര്‍ ഉടന്‍ തീര്‍പ്പ് കല്‍പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശകമീഷന്‍ അംഗം കെ. മോഹന്‍ കുമാര്‍ പറഞ്ഞു. കാസര്‍കോട് ഗവ. ഗെസ്റ്റ് ഹൗസില്‍ നടത്തിയ മനുഷ്യാവകാശ കമീഷന്‍ സിറ്റിങ്ങില്‍ ബാങ്ക് വായ്പകള്‍ സംബന്ധിച്ച പരാതികള്‍ പരിഗണിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാങ്ക് സംബന്ധമായ നാല് പരാതികളാണ് കമീഷന് മുന്നില്‍ വന്നത്. വായ്പതുക മുഴുവന്‍ അടച്ചുതീര്‍ത്തിട്ടും ജപ്തി നോട്ടീസ് കിട്ടിയ ചെറുവത്തൂരിലെ അജിതയുടെ പരാതി കമീഷന്‍ തീര്‍പ്പു കല്‍പിച്ചു. നോട്ടീസ് അയച്ച ബാങ്കിന്‍െറ പ്രതിനിധി കമീഷന് മുന്നില്‍ ഹാജരായി തെറ്റുപറ്റിയതാണെന്ന് അറിയിച്ചതിന്‍െറ അടിസ്ഥാനത്തിലാണ് പരാതി പരിഹരിച്ചത്. കൊളത്തൂര്‍ ഗവ. ഹൈസ്കൂളില്‍ അധ്യാപകരില്ല എന്ന പരാതിയില്‍ കൂടുതല്‍ തസ്തിക സൃഷ്ടിക്കാന്‍ കമീഷന്‍ ശിപാര്‍ശ ചെയ്തു. അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചുവെന്ന പരാതിയില്‍ കാഞ്ഞങ്ങാട്ടെ ‘ലേറ്റസ്റ്റ്’ സായാഹ്ന പത്രത്തിന്‍െറ പത്രാധിപര്‍ അരവിന്ദന്‍ മാണിക്കോത്തിന് സമന്‍സ് അയക്കാന്‍ ഹോസ്ദുര്‍ഗ് ഡിവൈ.എസ്.പിക്ക് കമീഷന്‍ നിര്‍ദേശം നല്‍കി. നിരവധി തവണ നോട്ടീസ് അയച്ചിട്ടും ഹാജരാകാത്തതിനാലാണ് സമന്‍സ് അയക്കാന്‍ കമീഷന്‍ നിര്‍ദേശിച്ചത്. സിറ്റിങ്ങില്‍ 41 പരാതികള്‍ കമീഷന്‍ പരിഗണിച്ചു. മൂന്ന് പുതിയ പരാതികള്‍ സ്വീകരിച്ചിട്ടുണ്ട്. 10 പരാതികള്‍ക്ക് തീര്‍പ്പ് കല്‍പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.