കാസര്‍കോട്: മടിക്കൈ മലപ്പച്ചേരി ജി.എല്‍.പി സ്കൂളിലെ കളിസ്ഥല നിര്‍മാണം ജനുവരിയോടെ പൂര്‍ത്തിയാകും. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. നാല് ഏക്കര്‍ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്കൂളില്‍ ഒന്നേകാല്‍ ഏക്കറിലാണ് കളിസ്ഥലം നിര്‍മിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് കളിസ്ഥലത്തിന്‍െറ നിര്‍മാണം ആരംഭിച്ചത്. പകുതിയിലധികം പാറനിറഞ്ഞ പ്രദേശത്താണ് നിര്‍മാണം നടക്കുന്നത്. തൊഴിലുറപ്പ് പദ്ധതി വഴി അറുപതോളം തൊഴിലാളികളാണ് കഴിഞ്ഞ വര്‍ഷം കളിസ്ഥല നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത്. മടിക്കൈ ഗ്രാമപഞ്ചായത്തിന്‍െറ സഹകരണത്തോടെയാണ് പ്രവൃത്തികള്‍ നടത്തിയത്. 60,000 രൂപ പി.ടി.എ ഫണ്ടും കളിസ്ഥലത്തിന്‍െറ നിര്‍മാണത്തിനായി ചെലവഴിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷവും തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിതന്നെയാണ് അവശേഷിക്കുന്ന പ്രവൃത്തി പൂര്‍ത്തീകരിക്കുക. പണി പൂര്‍ത്തീകരിച്ചാല്‍ 100 മീറ്റര്‍ ഡയറക്ട് ട്രാക്കും 200 മീറ്റര്‍ റൗണ്ട് ട്രാക്കും ലഭിക്കുമെന്നാണ് വിലയിരുത്തല്‍. കുട്ടികളുടെ കായിക പരിശീലനത്തിനും വിവിധ കായികഇനങ്ങള്‍ സംഘടിപ്പിക്കുന്നതിനുമാണ് കളിസ്ഥലം നിര്‍മിക്കുന്നത്. പൊതുജനങ്ങള്‍ക്കും ക്ളബുകള്‍ക്കും കളിസ്ഥലം ഉപയോഗപ്പെടും. നിലവില്‍ 84 വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.