‘വിജിലന്‍റ് കേരള’ കൂടുതല്‍ പഞ്ചായത്തുകളിലേക്ക്

കാസര്‍കോട്: അഴിമതിക്കെതിരെ വിജിലന്‍സ് വകുപ്പ് ആവിഷ്കരിച്ച വിജിലന്‍റ് കേരള പദ്ധതി ജില്ലയില്‍ കൂടുതല്‍ പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കുന്നു. ജനപങ്കാളിത്തത്തോടെ അഴിമതി തടയുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച സംസ്ഥാന പദ്ധതിക്ക് ജില്ലയില്‍ ലഭിച്ച സ്വീകാര്യതയുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്. വിജയകരമായ നടത്തിപ്പിന് സംസ്ഥാനതലത്തില്‍ ജില്ലക്ക് രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് എട്ട് ജില്ലകളിലെ 44 പഞ്ചായത്തുകളില്‍ പദ്ധതി ആരംഭിച്ചത്. കാസര്‍കോട് ജില്ലയില്‍ പുല്ലൂര്‍-പെരിയ, പിലിക്കോട്, പൈവളികെ പഞ്ചായത്തുകളിലും കാസര്‍കോട് മുനിസിപ്പാലിറ്റിയിലുമാണ് പൈലറ്റ് പദ്ധതി ആവിഷ്കരിച്ചത്. ജില്ലയില്‍ ഇതുവരെയായി 36 പരാതികളാണ് ഉന്നയിക്കപ്പെട്ടത്. പഞ്ചായത്ത്, വാര്‍ഡ്തലങ്ങളിലെ വിജിലന്‍സ് മോണിറ്ററിങ് കമ്മിറ്റിയും ഡിപ്പാര്‍ട്ട്മെന്‍റ്തല കമ്മിറ്റിയും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. വാര്‍ഡ് മെംബര്‍ മുതല്‍ നാട്ടിലെ പ്രമുഖ വ്യക്തികള്‍ അടങ്ങുന്ന സംഘവും ഉണ്ടാകും. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികള്‍ നിരീക്ഷിച്ച് അഴിമതി തടയുകയാണ് പ്രവര്‍ത്തന രീതി. പദ്ധതി നടപ്പാക്കിയ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയായി. ഗ്രാമസഭകള്‍ കൃത്യമായി ചേരുകയും അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് തന്നെ പദ്ധതിയുടെ പ്രയോജനം ലഭിക്കുകയും ചെയ്യുന്നതും വിജിലന്‍റ് കേരളയുടെ നേട്ടമാണ്. ജില്ലാ വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോയിലെ ഉന്നത ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് വിവിധ കമ്മിറ്റികളുടെ പ്രവര്‍ത്തനം. പിലിക്കോട് ഗ്രാമപഞ്ചായത്തില്‍ വിജിലന്‍സ് ഡിവൈ.എസ്.പി കെ.വി. രഘുരാമനും പുല്ലൂര്‍ -പെരിയ പഞ്ചായത്തില്‍ വിജിലന്‍സ് സി.ഐ ഡോ. വി. ബാലകൃഷ്ണനും പൈവളികെ പഞ്ചായത്തില്‍ വിജിലന്‍സ് സി.ഐ പി. ബാലകൃഷ്ണന്‍ നായര്‍ക്കുമാണ് മേല്‍നോട്ടം. മികച്ച പ്രകടനത്തിന് ഡോ.വി. ബാലകൃഷ്ണന് പുരസ്കാരം ലഭിച്ചിരുന്നു. വിജിലന്‍സിന്‍െറ പ്രത്യേക വെബ്സൈറ്റില്‍ മൊബൈല്‍ നമ്പറോ ഇ- മെയില്‍ വിലാസമോ നല്‍കി ആര്‍ക്കും പദ്ധതിയില്‍ അംഗമാകാം. അംഗമായതിന് ശേഷം ലോഗിന്‍ ചെയ്ത് അഴിമതിയെക്കുറിച്ച് പരാതിപ്പെടാം. പരാതി പോസ്റ്റ് ചെയ്ത ഉടനെ പരാതിക്കാരന്‍െറ പഞ്ചായത്ത് പരിധിയിലുള്ള കമ്മിറ്റി അംഗങ്ങള്‍ക്ക് മൊബൈല്‍ വഴിയും ഇ-മെയില്‍ വഴിയും പരാതിയെക്കുറിച്ച് വിവരം ലഭിക്കും. ഇവര്‍ക്ക് പരാതിക്കാരനുമായും ആക്ഷേപം ഉന്നയിക്കപ്പെട്ട ഉദ്യോഗസ്ഥനുമായും സംവദിക്കാനുള്ള അവസാരം ലഭിക്കും. പദ്ധതി നടപ്പാക്കുന്നതിന് താല്‍പര്യമുള്ള തദ്ദേശ സ്ഥാപനങ്ങള്‍ അപേക്ഷ ജില്ലാ വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോക്ക് സമര്‍പ്പിക്കണം. വെബ്സൈറ്റ്: www.vigilantkerala.in

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.