അക്ഷരമുറ്റത്തെ നെല്‍കൃഷിയില്‍ വിജയം കൊയ്ത് വിദ്യാര്‍ഥികള്‍

നീലേശ്വരം: പഠനം മാത്രമല്ല, കാര്‍ഷികവൃത്തിയും തങ്ങള്‍ക്ക് എളുപ്പമാണെന്ന് തെളിയിക്കുകയാണ് ഒരുകൂട്ടം വിദ്യാര്‍ഥികള്‍. രാജാസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മുറ്റത്താണ് വിദ്യാര്‍ഥികള്‍ നെല്‍കൃഷിയിറക്കിയത്. പ്ളസ് ടു കാമ്പസ് പരിസരത്താണ് വിളഞ്ഞുനില്‍ക്കുന്ന നെല്‍പാടം. കലാലയ മുറ്റത്ത് പാടശേഖരം പോലെ വിളഞ്ഞുനില്‍ക്കുന്ന നെല്‍ക്കതിരുകള്‍ വിദ്യാര്‍ഥികളുടെ അധ്വാനത്തിന്‍െറ ഫലമാണ്. കതിര്‍ കൊയ്യാന്‍ അരിവാളുമായി വിദ്യാര്‍ഥികള്‍ തയാറായി. വിളവെടുത്ത നെല്ല് അരിയാക്കി സ്കൂളില്‍തന്നെ സമൂഹസദ്യ ഒരുക്കാനുള്ള തയാറെടുപ്പിലാണ് വിദ്യാര്‍ഥികള്‍. പി.ടി.എ കമ്മിറ്റിയുടെയും സ്കൂള്‍ ഹരിതസേനയുടെയും നേതൃത്വത്തിലാണ് ജൈവവളം മാത്രം ഉപയോഗിച്ച് നൂറുമേനി വിളയിച്ചത്. കൊയ്ത്തുത്സവം ഗംഭീരമാക്കാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം. നെല്‍കതിര്‍ കറ്റയാക്കി വിദ്യാര്‍ഥികള്‍തന്നെ മെതിച്ച് നെല്ല് പാറ്റിയെടുക്കാന്‍ പ്രാപ്തരായിട്ടുണ്ട്. സ്കൂള്‍ പരിസരം പ്ളാസ്റ്റിക് മുക്തമാക്കുകയും ജൈവ കൃഷിരീതി അവലംബിക്കുകയും ചെയ്തതിന് രാജാസ് സ്കൂള്‍ പ്രത്യേക പദവിക്ക് അര്‍ഹമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.