പാലായി റഗുലേറ്റര്‍ കം ഷട്ടര്‍പാലം യാഥാര്‍ഥ്യത്തിലേക്ക്

നീലേശ്വരം: 58 വര്‍ഷം ചുവപ്പുനാടയില്‍ കുടുങ്ങിയ നാടിന്‍െറ സ്വപ്നപദ്ധതിയായ പാലായി റഗുലേറ്റര്‍ കം ഷട്ടര്‍ പാലം യാഥാര്‍ഥ്യത്തിലേക്ക്. ഉപ്പുവെള്ളം കയറി കൃഷി നശിക്കുമ്പോള്‍ കണ്ണീരണിയുന്ന കര്‍ഷകന് ആശ്വാസമാകുന്ന പദ്ധതിയാണ് നടപ്പാകുന്നത്. നീലേശ്വരം നഗരസഭയിലെ പാലായിയും കയ്യൂര്‍-ചീമേനി പഞ്ചായത്തിലെ കൂക്കോട്ടും ബന്ധിപ്പിക്കുന്ന അണക്കെട്ട് പാലമാണ് തേജസ്വിനി പുഴയില്‍ യാഥാര്‍ഥ്യമാകുന്നത്. 1957ലെ കേരളത്തിലെ ആദ്യ മന്ത്രിസഭയില്‍ നീലേശ്വരം ദ്വയാംഗ മണ്ഡലത്തില്‍നിന്ന് ജയിച്ച് മുഖ്യമന്ത്രിയായ ഇ.എം.എസ് നമ്പൂതിരിപ്പാടിന്‍െറ സ്വപ്നപദ്ധതിയാണ് നടപ്പാകുന്നത്. ഇ.എം.എസിന്‍െറ പ്രത്യേക താല്‍പര്യപ്രകാരം പാലത്തിന്‍െറ പ്രോജക്ടും എസ്റ്റിമേറ്റും തയാറാക്കി തറക്കല്ലിടാന്‍ തീയതിയും നിശ്ചയിച്ചു. എന്നാല്‍, വിമോചന സമരത്തിന്‍െറ പേരില്‍ മന്ത്രിസഭ പിരിച്ചുവിടപ്പെട്ടു. ഇതോടെ പാലം ഫയല്‍ സെക്രട്ടേറിയറ്റില്‍ പൊടിപിടിച്ച് കിടന്നു. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് തൃക്കരിപ്പൂര്‍ എം.എല്‍.എ കെ. കുഞ്ഞിരാമനാണ് ഫയല്‍ പൊടിതട്ടി വെളിച്ചം കാണിച്ചത്. 65 കോടി രൂപയാണ് പാലത്തിന്‍െറ നിര്‍മാണ ചെലവ്. പാലത്തിന്‍െറ നീളം 227 മീറ്ററാണ്. 17 സ്പാനുകള്‍ പാലത്തിനായി നിര്‍മിക്കും. അണക്കെട്ട് പാലമായതിനാല്‍ ഒരുഭാഗം ഷട്ടര്‍ നിര്‍മിക്കും. ബോട്ടുകളും മറ്റും പോകാന്‍ പ്രത്യേകം ഷട്ടര്‍ നിര്‍മിക്കും. നീലേശ്വരം നഗരസഭ, കിനാനൂര്‍-കരിന്തളം, ചെറുവത്തൂര്‍, പിലിക്കോട്, കയ്യൂര്‍-ചീമേനി, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി പഞ്ചായത്തുകളില്‍ കുടിവെള്ള ക്ഷാമം പരിഹരിക്കാനും കാര്‍ഷിക അഭിവൃദ്ധി മെച്ചപ്പെടുത്താനും ഇത് സഹായകരമാകും. ഏഴിമല നാവിക അക്കാദമി, പെരിങ്ങോം സി.ആര്‍.പി.എഫ് ക്യാമ്പ്, ചീമേനി തുറന്ന ജയില്‍, ചീമേനി ഐ.ടി പാര്‍ക് എന്നിവിടങ്ങളിലെ കുടിവെള്ള ക്ഷാമത്തിന് ഇതോടെ പരിഹാരമാകും. മലയോര പ്രദേശമായ ചീമേനിയില്‍നിന്ന് കാസര്‍കോട് ജില്ലാ ആസ്ഥാനത്തേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ ഈ പാലം സഹായിക്കും. പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ നാട്ടുകാര്‍ കര്‍മസമിതി രൂപവത്കരിച്ചിട്ടുണ്ട്. പാലായി അണക്കെട്ട് പാലം നിര്‍മിക്കുന്ന സ്ഥലം നബാര്‍ഡിന്‍െറയും ജലസേചന വകുപ്പിന്‍െറയും ഉദ്യോഗസ്ഥര്‍ ശനിയാഴ്ച സന്ദര്‍ശിച്ചു. കാസര്‍കോട് നബാര്‍ഡ് അസി. ജനറല്‍ മാനേജര്‍ ജ്യോതിസ് ജഗന്നാഥ്, ജലസേചന വകുപ്പ് എക്സി. എന്‍ജിനീയര്‍ സി. രാധാകൃഷ്ണന്‍, അസി. എക്സി. എന്‍ജിനീയര്‍ ഒ. ശശീന്ദ്രന്‍, അസി. എന്‍ജിനീയര്‍ കെ. മധുതന്‍ എന്നിവരാണ് സ്ഥലം സന്ദര്‍ശിച്ചത്. തൃക്കരിപ്പൂര്‍ എം.എല്‍.എ കെ. കുഞ്ഞിരാമന്‍, നഗരസഭാ കൗണ്‍സിലര്‍മാരായ ടി. കുഞ്ഞിക്കണ്ണന്‍, സി.സി. കുഞ്ഞിക്കണ്ണന്‍, പി. മനോഹരന്‍ എന്നിവരും സ്ഥലത്തുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.