വിദ്യാലയങ്ങളില്‍ ‘പഠിപ്പും വെടിപ്പും’ പരിപാടിക്ക് ഈയാഴ്ച തുടക്കമാകും

ചെറുവത്തൂര്‍: വൃത്തിയും വെടിപ്പുമുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതിന് ഓരോ കുട്ടിയെയും ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ‘പഠിപ്പും വെടിപ്പും’ പരിപാടി ഈയാഴ്ച വിദ്യാലയങ്ങളില്‍ തുടങ്ങും. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന സ്വച്ഛ് ഭാരത് അഭിയാന്‍െറ ചുവടുപിടിച്ചാണ് ഈ പദ്ധതി നടപ്പാക്കുക. ഇതിനായി ക്ളാസ്തല ശുചിത്വ സേന, വിദ്യാലയ ശുചിത്വ സേന, പ്രാദേശിക ശുചിത്വ സേന എന്നിവ രൂപവത്കരിക്കും.
നവംബര്‍, ഡിസംബര്‍ മാസത്തില്‍ ശുചിത്വത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് വിവിധങ്ങളായ പരിപാടികള്‍ ഇതിന്‍െറ ഭാഗമായി വിദ്യാലയങ്ങളില്‍ നടക്കും. 2016 ജനുവരിയില്‍ ബ്ളോക്തല ശുചിത്വ സമിതിയും ഫെബ്രുവരിയില്‍ ജില്ലാതല സമിതിയും മാര്‍ച്ചില്‍ സംസ്ഥാനതല സമിതിയും രൂപവത്കരിച്ച് മികച്ച വിദ്യാലയങ്ങള്‍ക്ക് അംഗീകാരം നല്‍കും.
വീട്ടിലും വിദ്യാലയത്തിലും ശുചിത്വപൂര്‍ണമായ പഠനാന്തരീക്ഷം ഉണ്ടാക്കുക, വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നിവക്ക് തുല്യ പ്രാധാന്യം നല്‍കുക, മാലിന്യ സംസ്കരണ രീതി പരിചയപ്പെടുത്തുക, ആരോഗ്യ ശുചിത്വ ശീലങ്ങള്‍ ബോധ്യപ്പെടുത്തുക എന്നിവയാണ് വിദ്യാലയങ്ങളില്‍ ഈ പദ്ധതിയുടെ ഭാഗമായി പ്രധാനമായും നടപ്പാക്കാന്‍ പോകുന്ന പ്രവര്‍ത്തനങ്ങള്‍.ഓരോ കുട്ടി വീതം കണ്‍വീനര്‍, ചെയര്‍മാന്‍ സ്ഥാനങ്ങള്‍ വഹിക്കുകയും അഞ്ച് കുട്ടികള്‍ അംഗങ്ങളാകുന്നതുമായ സംഘമാണ് സ്കൂള്‍ ശുചിത്വ സേനയെ പ്രവര്‍ത്തിപ്പിക്കുക. നഖം മുറിക്കല്‍, പല്ലുതേക്കല്‍ തുടങ്ങി ഉച്ചഭക്ഷണം കഴിക്കുന്ന രീതിയും ക്ളാസിനകത്തെ ഇരിപ്പിട സജ്ജീകരണവുമെല്ലാം ശുചിത്വ സേന പരിശോധിക്കും. മൂത്രപ്പുര, കക്കൂസ് എന്നിവിടങ്ങളിലെ ശുചിത്വം ഉറപ്പാക്കുക, കമ്പോസ്റ്റ് കുഴി നിര്‍മാണം, പ്ളാസ്റ്റിക് വിമുക്തമാക്കല്‍, പേപ്പര്‍ ബാഗ്, തുണിസഞ്ചി എന്നിവയുടെ നിര്‍മാണം, ഡ്രൈ ഡേ, മഷിപ്പേന പദ്ധതി എന്നിവയെല്ലാം ശുചിത്വ സേനയുടെ ഭാഗമായി വിദ്യാലയങ്ങളില്‍ നടപ്പാക്കും.നാടകസംഘം, പ്രസംഗ സമിതി, പാനല്‍ ചര്‍ച്ച, സംവാദം, ബ്രോഷര്‍, നോട്ടീസ്, ചിത്രീകരണം, സൈക്കിള്‍ റാലി, കലാജാഥ, സെമിനാര്‍, പ്രബന്ധ രചന എന്നിവ വഴി നാട്ടുകാരെയും ശുചിത്വ പ്രവര്‍ത്തനങ്ങളുമായി അടുപ്പിക്കും. പ്രാദേശിക ശുചിത്വ സേനക്ക് പഞ്ചായത്തംഗം ചെയര്‍മാനും പി.ടി.എ പ്രസിഡന്‍റ് കണ്‍വീനറുമായ സമിതി നേതൃത്വം നല്‍കും. പഞ്ചായത്ത്തല ശുചിത്വ സേനക്കും ബ്ളോക്തല ശുചിത്വ സേനക്കും വിദ്യാഭ്യാസ വകുപ്പ് അധികൃതരും ജനപ്രതിനിധികളും നേതൃത്വം നല്‍കും. ഈ പദ്ധതി മികച്ച രീതിയില്‍ നടപ്പാക്കുന്ന വിദ്യാലയങ്ങളെ 2016 മാര്‍ച്ചില്‍ പങ്കെടുപ്പിച്ച് സെമിനാര്‍ നടത്തിയാണ് അംഗീകാരം നല്‍കുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.