ജില്ലയെ മന്തുരോഗ വിമുക്തമാക്കാന്‍ മുന്നിട്ടിറങ്ങണം –ജില്ലാ കലക്ടര്‍

കാസര്‍കോട്: നാടിനെ മന്തുരോഗ വിമുക്തമാക്കാനുള്ള ആരോഗ്യവകുപ്പിന്‍െറ പ്രവര്‍ത്തനങ്ങളില്‍ മുഴുവനാളുകളും പങ്കാളികളാകണമെന്ന് ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍. ദേശീയ മന്തുരോഗ നിവാരണ സമൂഹ ചികിത്സാ പരിപാടിയുടെ ഭാഗമായുള്ള മന്തുരോഗ ഗുളിക വിതരണത്തിന്‍െറ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ മന്തുരോഗ ഗുളികകള്‍ കഴിച്ചാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എ.പി. ദിനേശ്കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന നിരീക്ഷകനായ ആരോഗ്യവകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ ഡോ. നാരായണ നായിക്, ആരോഗ്യ കേരളം പ്രോഗ്രാം മാനേജര്‍ ഡോ. മുഹമ്മദ് അഷീല്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എം.സി വിമല്‍രാജ്, മെഡിക്കല്‍ ഓഫിസര്‍ ഡോ. ഷമീമ എന്നിവര്‍ സംസാരിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ഇ. മോഹനന്‍ സ്വാഗതവും ജില്ലാ മലേറിയ ഓഫിസര്‍ വി. സുരേശന്‍ നന്ദിയും പറഞ്ഞു. രണ്ടു ഘട്ടങ്ങളിലായാണ് മന്തുരോഗ നിവാരണ സമൂഹ ചികിത്സാ പരിപാടി നടത്തുന്നത്. ഈമാസം 23 വരെയും ജനുവരി മൂന്നു മുതല്‍ 13 വരെയും. ഡി.ഇ.സി, ആല്‍ബന്‍ഡസോള്‍ എന്നീ രണ്ടുതരം ഗുളികകളാണ് വിതരണം ചെയ്യുന്നത്. ജില്ലയിലെ തീരപ്രദേശ പഞ്ചായത്തുകളിലും മൂന്നു നഗരസഭകളിലും ഒന്നാംഘട്ട പരിപാടി നടപ്പാക്കും. രണ്ടു ഘട്ടങ്ങളിലായി 12,68,500 പേര്‍ക്ക് ഗുളിക വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ജനകീയ കൂട്ടായ്മകളിലൂടെയും ബസ്സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ ട്രാന്‍സിസ്റ്റ് ബൂത്തുകള്‍, വീട് വീടാന്തരമുള്ള വിതരണം, മൊബൈല്‍ ബൂത്ത്, മോപ്പ് അപ്പ്റൗണ്ട്, ആശുപത്രികള്‍ തുടങ്ങിയ രീതികളില്‍ ഗുളിക വിതരണം നടത്തും. ജില്ലയിലെ തീരപ്രദേശങ്ങളിലാണ് മന്തുരോഗ വ്യാപനം കൂടുതലായി കണ്ടുവരുന്നത്. ആരോഗ്യവകുപ്പ് നടത്തിയ സര്‍വേയില്‍ ജില്ലയില്‍ 640 രോഗികളെ കണ്ടത്തെിയിട്ടുണ്ട്. മഞ്ചേശ്വരം, കുമ്പള, മംഗല്‍പാടി, മൊഗ്രാല്‍ പുത്തൂര്‍, കാസര്‍കോട്, ചട്ടഞ്ചാല്‍, മുളിയാര്‍, ഉദുമ, പള്ളിക്കര, അജാനൂര്‍, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലാണ് രോഗികളെ കൂടുതലായി കണ്ടത്തെിയിട്ടുള്ളത്. ജില്ലയില്‍ രാത്രികാല രക്തപരിശോധനയുടെ ഭാഗമായി നടത്തിയ സ്ക്രീനിങ്ങില്‍ 10,785 പേരെ പരിശോധിച്ചതില്‍ 18 പെരുടെ ശരീരത്തില്‍ മന്തുരോഗ വിരകള്‍ കണ്ടത്തെിയിട്ടുണ്ട്. ഇതില്‍ എട്ടു പേര്‍ ഇതര സംസ്ഥാന തൊഴിലാളികളാണ്. സമൂഹത്തിലെ അര്‍ഹരായ മുഴുവനാളുകള്‍ക്കും വര്‍ഷത്തില്‍ ഒരുതവണ നിശ്ചിത അളവില്‍ ഡി.ഇ.സി, ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ നല്‍കി മന്തുരോഗ വ്യാപനം തടയുക എന്നതാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. രണ്ടുവയസ്സിന് താഴെയുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, ഗുരുതരമായ രോഗം ബാധിച്ചവര്‍, പ്രായാധിക്യം മൂലം അവശത അനുഭവിക്കുന്നവര്‍ എന്നിവരെ ഗുളിക കഴിക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഡി.ഇ.സി, ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ കഴിക്കുന്നതിലൂടെ ശരീരത്തിലെ ചെറു മന്തു വിരകള്‍ നശിക്കുകയും രക്തത്തിലൂടെ കൊതുകിലേക്കുള്ള മൈക്രാഫലേറിയയുടെ സംക്രമണം തടസ്സപ്പെടുകയും ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.