റോഡ് തകര്‍ന്നതിനെതിരെ ‘വാട്സ് ആപ്’ പോരാട്ടം

കാസര്‍കോട്: തകര്‍ന്ന റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ മൗനം പാലിച്ച സംഘടനകള്‍ക്കു മുന്നില്‍ വാട്സ് ആപ് കൂട്ടായ്മയില്‍ പോരാട്ടം. ആ കൂട്ടായ്മയില്‍ രാഷ്ട്രീയത്തിനും ജാതിക്കും മതത്തിനും മറ്റെല്ലാതരത്തിലുള്ള സംഘടനകള്‍ക്കതീതമായി അംഗങ്ങള്‍ അണിനിരന്നു. കുമ്പള-ഉപ്പള ദേശീയപാത മരണക്കുഴിയായി മാറിയിട്ടും ആരും തിരിഞ്ഞുനോക്കാത്തതാണ് വാട്സ് ആപ് ഗ്രൂപ്പില്‍ പ്രതിഷേധം ശക്തമാകാന്‍ കാരണം. അപകടങ്ങള്‍ നിത്യസംഭവമായി. ഓഫിസിലേക്കും സ്കൂളുകളിലേക്കും പുറപ്പെട്ട ഉദ്യോഗസ്ഥരും അധ്യാപകരും വിദ്യാര്‍ഥികളും ലക്ഷ്യത്തിലത്തൊതെ പരിക്കും ചളിയുമായി തിരിച്ചത്തെുന്നത് പതിവായി. ഈ ശോച്യാവസ്ഥയില്‍ സഹികെട്ട ഒരുപറ്റം കൂട്ടുകാര്‍ ഒരു വാട്സ് ആപ് കൂട്ടായ്മയില്‍ ഒത്തുചേര്‍ന്നു. 70ലേറെ പേര്‍ അംഗങ്ങളായി. ആഗസ്റ്റ് നാലിന് കുമ്പളയില്‍ കുമ്പള-ഉപ്പള ദേശീയപാത വാട്സ് ആപ് ഗ്രൂപ് യോഗം ചേര്‍ന്നു. വിവരാവകാശം വഴിയും നേരിട്ടും റോഡിന്‍െറ പ്രശ്നം പഠിച്ചു. അറ്റകുറ്റപണി നടന്നതും ചെലവഴിച്ചതും എല്ലാം പരിശോധിച്ചു. നിര്‍മാണത്തിലെയും അറ്റകുറ്റപണിയിലെയും പിഴവും അഴിമതിയും കാരണം റോഡ് എന്നും തകര്‍ന്നുതന്നെ കിടക്കും. റോഡിന് നിശ്ചയിച്ച കലാവധിക്കു മുമ്പ് തന്നെ തകര്‍ന്നിട്ടുണ്ടാകും. 2012ല്‍ ടെന്‍ററെടുത്ത് അറ്റകുറ്റപണി നടത്തിയ റോഡ് ഏതാനും മാസം കൊണ്ട് പൂര്‍ണമായും തകര്‍ന്നു. 79 ലക്ഷം രൂപ ചിലവില്‍ അറ്റകുറ്റപണി നടത്തിയെന്നാണ് പറയുന്നത്. ജല്ലിപ്പൊടി വിതറിയതല്ലാതെ ഈ തുകയുടെ വിനിയോഗം എങ്ങും കാണാനില്ല. ഈ സാഹചര്യത്തിലാണ് എല്ലാ സംഘടനകളും നോക്കുകുത്തിയായപ്പോള്‍ വാട്സ് ആപില്‍ ഒരുപറ്റം യുവാക്കളുടെ പോരാട്ടം. ആഗസ്റ്റ് 10ന് രാവിലെ പത്തിന് ആരിക്കാടി മുതല്‍ കുമ്പള വരെ ഹൈവേ മാര്‍ച് നടത്താന്‍ തീരുമാനിച്ചതായി കൂട്ടായ്മ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സഞ്ചാരയോഗ്യമാകും വിധത്തില്‍ റോഡ് അറ്റകുറ്റപണി നടത്തുക, ഇപ്പോള്‍ ടെന്‍റര്‍ നല്‍കിയ തുകക്ക് പ്രവൃത്തി നടക്കുന്നുവെന്ന് ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്. തുടര്‍സമരങ്ങള്‍ക്കുള്ള യോഗങ്ങള്‍ വാട്സ് ആപ് ഗ്രൂപ്പില്‍ ചേരും. വാര്‍ത്താസമ്മേളനത്തില്‍ സമരസമിതി ചെയര്‍മാന്‍ കെ.എഫ്. ഇഖ്ബാല്‍, കെ. രാമകൃഷ്ണന്‍, മുഹമ്മദ് ആന ബാഗിലു, അബ്ദുല്‍ ലത്തീഫ് കുമ്പള, മുഹമ്മദ് കൈക്കമ്പ, ആരിഫ് മൊഗ്രാല്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.