ജില്ലാ ആശുപത്രിയില്‍ ഡയാലിസിസ് യൂനിറ്റ് ഉടന്‍ പ്രവര്‍ത്തന സജ്ജമാകും

കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂനിറ്റിന് തനത് ഫണ്ടില്‍നിന്ന് തുക അനുവദിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വികേന്ദ്രീകൃത ആസൂത്രണ സംസ്ഥാനതല സമിതി അനുമതി നല്‍കി. ഇതോടെ ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂനിറ്റ് എത്രയും വേഗം പ്രവര്‍ത്തന സജ്ജമാക്കാന്‍ സാധിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ശ്യാമളാദേവി അറിയിച്ചു. ജില്ലാ ആശുപത്രിയിലേക്ക് സൗജന്യമായി ലഭിച്ച രണ്ട് ഡയാലിസിസ് യൂനിറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ ഫണ്ട് ഇല്ലാത്തത് ഏറെ വിമര്‍ശത്തിനിടയാക്കിയിരുന്നു. ഇതേ തുടര്‍ന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ഫണ്ട് അനുവദിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് വികേന്ദ്രീകൃത ആസൂത്രണ സംസ്ഥാനതല സമിതിക്ക് ജില്ലാ പഞ്ചായത്ത് നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് തീരുമാനം. ഗ്രാമവികസന മന്ത്രി കെ.സി. ജോസഫ്, നഗരകാര്യമന്ത്രി മഞ്ഞളാംകുഴി അലി എന്നിവരുടെയും വകുപ്പുതല പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരുടെയും സാന്നിധ്യത്തില്‍ ആഗസ്റ്റ് ആറിന് തിരുവനന്തപുരത്ത് നടന്ന യോഗത്തിലാണ് ഫണ്ട് അനുവദിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സമിതി അനുമതി നല്‍കിയത്. അനുമതി പ്രകാരം ജില്ലാ പഞ്ചായത്തിന് പത്ത് ലക്ഷം രൂപയും നഗരസഭകള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതവും ബ്ളോക് പഞ്ചായത്തുകള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും ഗ്രാമപഞ്ചായത്തുകള്‍ക്ക് ഓരോ ലക്ഷം രൂപയും തനത് ഫണ്ടില്‍നിന്ന് അനുവദിക്കാനാകും. ഫണ്ടിന്‍െറ അപര്യാപ്തതയെ തുടര്‍ന്ന് ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റി യോഗം ചേര്‍ന്ന് പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ ഡയാലിസിസ് യൂനിറ്റ് പ്രവര്‍ത്തനസജ്ജമാക്കാനുള്ള നടപടികള്‍ ആരംഭിച്ചതിനിടെയാണ് വികേന്ദ്രീകൃത ആസൂത്രണസമിതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ട് ഉപയോഗിക്കാനുള്ള അനുമതി നല്‍കിയത്. ഇത് ഡയാലിസിസ് പ്രവര്‍ത്തന സജ്ജമാക്കാനുള്ള നടപടികള്‍ക്ക് വേഗം പകരും. പൊതുജനപങ്കാളിത്തത്തോടെയുള്ള ഫണ്ട് കൂടി ലഭ്യമായാല്‍ യൂനിറ്റിന്‍െറ ശേഷി വര്‍ധിപ്പിച്ച് കൂടുതല്‍ പേര്‍ക്ക് ഒരേസമയം ഡയാലിസിസ് നല്‍കാനുമാവും. കാസര്‍കോട് മഹോത്സവത്തിന്‍െറ ഭാഗമായി ലഭിച്ച തുക ഉപയോഗിച്ച് രണ്ട് ഡയാലിസിസ് മെഷീനുകള്‍ കൂടി അനുവദിക്കാമെന്ന് ജില്ലാ കലക്ടര്‍ നേരത്തെ ജില്ലാ പഞ്ചായത്തിനെ അറിയിച്ചിരുന്നു. ഇതുകൂടി ലഭ്യമാകുന്നതോടെ ജില്ലാ ആശുപത്രിയിലെ നാല് ഡയാലിസിസ് യൂനിറ്റുകള്‍ പ്രവര്‍ത്തന സജ്ജമാക്കാനുള്ള അനുബന്ധ ഉപകരണങ്ങള്‍ക്ക് മാത്രമായി 25 ലക്ഷം രൂപയാണ് ആവശ്യമായി വരുക. ഇതു കൂടാതെ വൈദ്യുതീകരണം, പ്ളംബിങ്, മറ്റ് അടിസ്ഥാന സൗകര്യവികസനവുമുള്‍പ്പെടെ പത്ത് ലക്ഷത്തോളം രൂപയുടെ ചെലവും വരും. വികേന്ദ്രീകൃത ആസൂത്രണ സമിതിയുടെ അനുമതി ലഭിച്ച സാഹചര്യത്തില്‍ അടുത്ത ബോര്‍ഡ് യോഗത്തില്‍ തന്നെ ജില്ലാ പഞ്ചായത്ത് ഡയാലിസിസ് യൂനിറ്റിനുള്ള പത്ത് ലക്ഷം രൂപ അനുവദിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അറിയിച്ചു. ഡയാലിസിസ് യൂനിറ്റിലേക്ക് രോഗികളെ എത്തിക്കുന്നതിനാവശ്യമായ റാമ്പ് നിര്‍മാണം ആശുപത്രിയില്‍ പുരോഗമിക്കുന്നുണ്ട്. ജില്ലാ പഞ്ചായത്ത് അനുവദിച്ച 40 ലക്ഷം രൂപ ഉപയോഗിച്ചാണ് റാമ്പ് നിര്‍മാണം നടക്കുന്നത്. നഗരസഭകളുടെ വിഹിതമായ 15 ലക്ഷം രൂപയും ബ്ളോക് പഞ്ചായത്തുകളുടെ വിഹിതമായ 12 ലക്ഷം രൂപയും പഞ്ചായത്തുകളുടെ വിഹിതമായ ഓരോ ലക്ഷം രൂപയും ഉടന്‍ തന്നെ ലഭ്യമാക്കാനായാല്‍ യൂനിറ്റിന്‍െറ പ്രവര്‍ത്തനം എത്രയും പെട്ടെന്ന് ആരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. നിലവില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ മാത്രമാണ് ജില്ലയില്‍ ഡയാലിസിസ് സൗകര്യമുള്ളത്. ജില്ലാ ആശുപത്രിയില്‍ കൂടി ഡയാലിസിസ് സൗകര്യമൊരുക്കുന്നതോടെ നിര്‍ധനരായ രോഗികള്‍ക്ക് ആശ്വാസമാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.