പാനൂർ: മേലെ ചമ്പാട് സ്ഥിതിചെയ്യുന്ന പന്ന്യന്നൂർ വില്ലേജ് ഓഫിസിലെത്തുന്നവർ അറിയാത്തൊരു കാര്യമുണ്ട്. തങ്ങൾ കാ ണാനെത്തിയ വില്ലേജ് ഓഫിസർ ഒരു ദേശീയ ചാമ്പ്യനാണെന്ന കാര്യം. ഇക്കഴിഞ്ഞ ജനുവരി 10, 11, 12 തീയതികളിൽ കോഴിക്കോട് നടന്ന ദേശീയ മാസ്റ്റേഴ്സ് മീറ്റിലാണ് ഷോട്ട്പുട്ടിൽ സലിം സ്വർണം നേടിയത്. 28 സംസ്ഥാനങ്ങളിൽനിന്നായി മത്സരാർഥികൾ എത്തിയിരുന്നെങ്കിലും അവരെയെല്ലാം പിന്തള്ളിയാണ് മമ്പറം കുയിലിൽ പീടിക സ്വദേശി സലിം കിളച്ചപറമ്പത്ത് സ്വർണം നേടിയത്. ഛത്തിസ്ഗഢിൽ നടന്ന അഖിലേന്ത്യ സിവിൽ സർവിസ് മീറ്റിൽ ഷോട്ട്പുട്ടിൽ വെള്ളിമെഡലും നേടിയിട്ടുണ്ട് സലിം. തുടർച്ചയായി രണ്ടുതവണ ബ്രോൺസ് മെഡലും ഷോട്ട്പുട്ടിൽ ലഭിച്ചിരുന്നു. സംസ്ഥാന സിവിൽ സർവിസ് മീറ്റിലും മാസ്റ്റേഴ്സ് മീറ്റിലും വർഷങ്ങളായി ഷോട്ട്പുട്ടിലും ഡിസ്കസ് ത്രോയിലും ചാമ്പ്യനാണ്. നേരത്തേ മട്ടന്നൂർ ലാൻഡ് ആൻഡ് അക്വിസിഷൻ ഓഫിസിൽ ജോലി ചെയ്തതിനു ശേഷമാണ് വില്ലേജ് ഓഫിസറായി പന്ന്യന്നൂരിലെത്തുന്നത്. കഴിഞ്ഞ പ്രളയകാലത്ത് വില്ലേജ് ഓഫിസറുടെ സേവനം ഏറെ ശ്രദ്ധേയമായിരുന്നു. മാക്കുനി, ചമ്പാട് മേഖലകളിലെല്ലാം വീട്ടുകാരെ ഒഴിപ്പിക്കാനും മറ്റും നാട്ടുകാർക്കൊപ്പംതന്നെ രാത്രി വൈകിയും സലിമും മുന്നിൽ തന്നെയുണ്ടായിരുന്നു. മൂന്ന് വർഷം മുമ്പാണ് പന്ന്യന്നൂരിൽ വില്ലേജ് ഓഫിസറായി എത്തിയത്. ഭാര്യ രുക്സാനയും മകൻ സഹലുമടങ്ങുന്നതാണ് സലിമിൻെറ കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.