ലൈഫ് ഗുണഭോക്താക്കളുടെ ജില്ല സംഗമം 22ന്

മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും കണ്ണൂർ: ലൈഫ് പദ്ധതിയില്‍ വീട് ലഭിച്ച ഗുണഭോക്താക്കളുടെ ജില്ലതല സം ഗമം വിപുലമായ പങ്കാളിത്തത്തോടെ ജനകീയ ഉത്സവമാക്കാന്‍ മന്ത്രി ഇ.പി. ജയരാജൻെറ അധ്യക്ഷതയില്‍ ചേര്‍ന്ന സംഘാടകസമിതി യോഗം തീരുമാനിച്ചു. ജനവരി 22ന് കലക്ടറേറ്റ് മൈതാനിയിലാണ് സംഗമം. ഉച്ച രണ്ടിന് കലാപരിപാടികളോടെ ആരംഭിക്കും. മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരടക്കം പ്രമുഖർ പങ്കെടുക്കും. ലൈഫ് പദ്ധതിയില്‍ വീട് ലഭിച്ച കുടുംബങ്ങള്‍, ജില്ലയിലെ മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളിലെയും ജനപ്രതിനിധികള്‍, ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവരാണ് സംഗമത്തില്‍ പങ്കെടുക്കേണ്ടത്. ജില്ലയില്‍ ലൈഫ് പദ്ധതിയുടെ ഒന്ന്, രണ്ട് ഘട്ടങ്ങള്‍ പൂര്‍ണതയിലെത്തുകയാണെന്ന് മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു. ഒന്നാം ഘട്ടത്തില്‍ 96.79 ശതമാനവും രണ്ടാം ഘട്ടത്തില്‍ 85 ശതമാനവും വീടുകള്‍ ഇതിനകം പൂര്‍ത്തീകരിച്ചു. ചില സാങ്കേതിക കാരണങ്ങളാലും മറ്റും പണി പൂര്‍ത്തിയാകാത്തവയാണ് ബാക്കി. ഇവയുടെ പ്രവൃത്തി കൂടി എത്രയും വേഗം പൂര്‍ത്തിയാക്കണം. ജനവരി 31നകം ഒന്നും രണ്ടും ഘട്ടങ്ങളിലെ മുഴുവന്‍ വീടുകളും നിര്‍മാണം പൂര്‍ത്തിയാക്കി കുടുംബങ്ങള്‍ക്ക് കൈമാറാന്‍ കഴിയണം. ഇക്കാര്യത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാര്‍ ആവശ്യമായ ഇടപെടല്‍ നടത്തണം. എല്ലാ തദ്ദേശസ്ഥാപനങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഇതിനായി തീവ്രശ്രമം നടത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു. വീട് ലഭിച്ചവരും അതിനായി പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സന്നദ്ധ സേവനവും സഹായങ്ങളും നല്‍കിയവരുമെല്ലാം ഒത്തുചേര്‍ന്ന് സന്തോഷം പങ്കിടുകയെന്നതാണ് ലൈഫ് സംഗമത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, ജില്ല കലക്ടര്‍ ടി.വി. സുഭാഷ്, എ.ഡി.എം ഇ.പി. മേഴ്‌സി, തൊഴിലുറപ്പ് പദ്ധതി ജോ. ഡയറക്ടര്‍ കെ.എം. രാമകൃഷ്ണന്‍, ലൈഫ് മിഷന്‍ ജില്ല കോഓഡിനേറ്റര്‍ കെ.എ. അനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.