തലശ്ശേരി-മാഹി ബൈപാസ്: ഇല്ലിക്കൽ കേളുവിൻെറ കുടുംബത്തിന് നഷ്‌ടപരിഹാരം ഇനിയും അകലെ തലശ്ശേരി: തലശ്ശേരി-മാഹി ബൈപാസിന് ഏറ്റെടുത്ത സ്ഥലത്തിൻെറ നഷ്‌ടപരിഹാരത്തിനായി കുടുംബത്തിൻെറ കാത്തിരിപ്പ് തുടരുന്നു. മാഹി റീജനൽ അഡ്‌മിനിസ്‌ട്രേറ്റർ ഓഫിസിലെ ചുവപ്പ് നാടയിൽ കുടുങ്ങിയാണ് പള്ളൂർ ഇല്ലിക്കൽ തറവാട്ടിലെ 42 അവകാശികളുടെ ആറേ മുക്കാൽ സൻെറ് സ്ഥലത്തിനുള്ള നഷ്‌ടപരിഹാരം വൈകുന്നത്. 70 വർഷം മുമ്പ് മരിച്ച സ്ഥലമുടമ ഇല്ലിക്കൽ കേളുവിൻെറ നിയമപരമായ അവകാശി സർട്ടിഫിക്കറ്റ് (ലീഗൽ ഹെയർ സർട്ടിഫിക്കറ്റ്) ഹാജരാക്കിയാലേ നഷ്‌ടപരിഹാരം നൽകൂ എന്നാണ് അധികൃതരുടെ വാദം. ഇല്ലിക്കൽ കല്യാണി--കേളു ദമ്പതിമാർക്ക് എട്ട് മക്കളാണ്. മകൻ ചാലിൽ കൃഷ്‌ണൻ മരിച്ച ശേഷമാണ് ഒരു ഏക്കർ കുടുംബ സ്വത്ത് ഭാഗംവെച്ചത്. ദേശീയപാത അധികൃതർ നിർദേശിച്ചത് പ്രകാരം ആറേമുക്കാൽ സൻെറ് സ്ഥലം പൊതുവായി മാറ്റിവെച്ചായിരുന്നു ഭാഗംവെപ്പ്. ഓഹരിവെച്ച സ്ഥലത്തിൽ ഇല്ലിക്കൽ രാമചന്ദ്രൻെറ തറവാട് വീടടക്കമുള്ള സ്ഥലവും നാണു, നാരായണി, ഇല്ലിക്കൽ രാഘവൻ എന്നിവരുടെ സ്ഥലവും ബൈപാസിനായി പിന്നീട് ഏറ്റെടുത്തു. ഈ സ്ഥലത്തിൻെറ നഷ്‌ടപരിഹാരം നേരത്തെ ലഭിച്ചതാണ്. കുടുംബ സ്വത്തിലാണ് ലീഗൽ ഹെയർ സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നത്. കേളുവിൻെറ എട്ട് മക്കളിൽ രാമചന്ദ്രൻ മാത്രമാണിപ്പോഴുള്ളത്. മരിച്ച ഏഴുമക്കളുടെയും നിയമപരമായ അവകാശി സർട്ടിഫിക്കറ്റ് ചേർത്താണ് നഷ്‌ടപരിഹാരത്തിന് അപേക്ഷിച്ചത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് രേഖകൾ ഹാജരാക്കി. ഏഴ്‌മാസം മാഹി താലൂക്ക് ഓഫിസിൽ ഫയൽ കുടുങ്ങി. റീജനൽ ഓഫിസിലെത്തിയെങ്കിലും തീർപ്പാകാതെ കിടപ്പ് തുടങ്ങിയിട്ട് രണ്ടുമാസമായി. പലവട്ടം ഓഫിസ് കയറിയിറങ്ങിയിട്ടും അധികൃതർക്ക് അനക്കമില്ല. പള്ളൂർ ഗവ. ഹൈസ്‌കൂൾ മൈതാനത്തിനും ബൈപാസിനും സ്ഥലം വിട്ടുനൽകിയ കുടുംബമാണിത്. കോടതിയിൽനിന്ന് നിയമപരമായ അവകാശി സർട്ടിഫിക്കറ്റ് ലഭിക്കാൻ ഇനിയും ആറ് മാസം കാത്തിരിക്കേണ്ടിവരും. കേളുവിൻെറ സർട്ടിഫിക്കറ്റിനായി ഇനിയും എത്ര ഓഫിസ് കയറിയിറങ്ങേണ്ടി വരുമെന്നാണ് കുടുംബത്തിൻെറ ചോദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.