അനീഷിന് നഷ്​ടമായത് നിരവധി വാഴകളും മത്സ്യ ഷെഡും

ശ്രീകണ്ഠപുരം: പ്രളയത്തിൽ എല്ലാം നശിച്ച സങ്കടമാണ് ശ്രീകണ്ഠപുരം കായിമ്പച്ചേരിയിലെ കെ. അനീഷിന്. കഠിനാധ്വാനംചെയ്ത് താൻ ഉണ്ടാക്കിയതെല്ലാം പ്രളയം തട്ടിയെടുത്തുവെന്ന് പറയുമ്പോൾ കണ്ണുനിറയും. നിരവധി കുലച്ച ഏത്തവാഴകളും കുലക്കാറായ വാഴകളും പ്രളയത്തിൽ നശിച്ചിട്ടുണ്ട്. കൂടാതെ കോട്ടൂരിൽ അനീഷ് മത്സ്യ വിൽപന നടത്തുന്ന ഷെഡ് നിലംപതിച്ചു. ഷെഡിലുണ്ടായിരുന്ന മത്സ്യവിൽപന നടത്തുന്ന നിരവധി പെട്ടികളും ത്രാസുമുൾപ്പെടെ വെള്ളത്തിൽ ഒലിച്ചുപോയി. ഇനിയെന്തു നഷ്ടപരിഹാരം ലഭിക്കുമെന്നറിയാതെ ദുരിതത്തിൽ കഴിയുകയാണ് ഈ യുവാവ്. ................ ഓണത്തിനു മുമ്പ് അടിയന്തരസഹായം ലഭ്യമാക്കണം ശ്രീകണ്ഠപുരം: പ്രളയത്തിൽ ഏറെ നഷ്ടങ്ങൾ സംഭവിച്ച ശ്രീകണ്ഠപുരത്തെ വ്യാപാരികൾക്ക് ഓണത്തിനു മുമ്പ് അടിയന്തര സർക്കാർ സഹായം ലഭ്യമാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. പല വ്യാപാരികളും കടകൾ തുറന്നിട്ടുണ്ട്. നിലവിലുള്ള സാധനങ്ങൾക്ക് പുറമെ ഓണവിപണിയിലേക്കും മറ്റുമുള്ള സാധനങ്ങൾ കടകളിലെത്തിക്കണം. ഇതിന് തുക കണ്ടെത്താൻ വ്യാപാരികൾ ഏറെ കഷ്ടപ്പെടുകയാണ്. സർക്കാർ അതിവേഗത്തിൽ ധനസഹായം ലഭ്യമാക്കി വ്യാപാരികളെ സംരക്ഷിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കെട്ടിടമുടമകൾ ഇതിനോടകംതന്നെ വാടക ഒഴിവാക്കി നൽകി മാതൃക കാട്ടിയത് ഏറെ ഗുണകരമാണെന്നും വ്യാപാരി നേതാക്കളായ സി.സി. മാമുഹാജി, സി.കെ. അലക്സ്, സി. അയ്യൂബ് എന്നിവർ സംസാരിച്ചു. .............. കൊവ്വപ്പുറത്തെ മാലിന്യം നീക്കിയില്ല ശ്രീകണ്ഠപുരം: പ്രളയത്തിൽ മുങ്ങി നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടിവന്ന ചെങ്ങളായി കൊവ്വപ്പുറത്ത് ദുരിതം വിട്ടൊഴിഞ്ഞില്ല. നിരവധി സന്നദ്ധസംഘടനകളും മറ്റുമെത്തി കൊവ്വപ്പുറം പ്രദേശത്തെ വീടുകളും പരിസരങ്ങളും അതിവേഗത്തിൽ ശുചീകരിച്ച് മാതൃക കാട്ടിയിരുന്നു. എന്നാൽ, ശുചീകരിച്ചപ്പോൾ പലയിടത്തും കൂട്ടിയിട്ട മാലിന്യങ്ങൾ ഇതുവരെ നീക്കിയില്ലെന്നതാണ് പ്രശ്നമായത്. പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും വീട്ടുപരിസരങ്ങളിലും വഴിയരികിലും കൂട്ടിയിട്ടതിനാൽ ദുർഗന്ധവും ദുരിതവും ഏറെയാണ്. മാലിന്യങ്ങൾ മുഴുവൻ പ്രദേശത്ത് കുഴിയുണ്ടാക്കി മൂടണമെന്നാണത്രെ അധികൃതർ പറഞ്ഞത്. എന്നാൽ, കൊവ്വപ്പുറംപോലുള്ള സ്ഥലത്ത് മാലിന്യം കുഴിച്ചുമൂടുക ഏറെ പ്രയാസകരമാണ്. പ്രദേശവാസികൾ ഇക്കാര്യം തുറന്നുപറയുകയും ചെയ്തു. എന്നാൽ, ഇവിടത്തെ മാലിന്യ സംസ്കരണം ഇതുവരെ യാഥാർഥ്യമായിട്ടില്ല. ആരോഗ്യവകുപ്പും പ്രശ്നം ഗൗരവമായെടുത്തിട്ടില്ല. ഫോട്ടോ: SKPM Waste: Cap: ചെങ്ങളായി കൊവ്വപ്പുറത്ത് കൂട്ടിയിട്ട മാലിന്യങ്ങൾ ഫോട്ടോ: SKPM Waste 2:cap: കൊവ്വപ്പുറത്ത് അടിഞ്ഞുകൂടിയ മാലിന്യങ്ങൾ .............. ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി ശ്രീകണ്ഠപുരം: വിവാഹത്തലേന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന. സി.പി.എം ചൂളിയാട് ലോക്കൽ സെക്രട്ടറി ഇ. ചന്ദ്രൻെറയും കോമളവല്ലിയുടെയും മകൻ മനീഷിൻെറ വിവാഹത്തലേന്നാണ് 10,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. ജില്ല സെക്രേട്ടറിയറ്റംഗം പി.വി. ഗോപിനാഥ്, ഏരിയ സെക്രട്ടറി എം. വേലായുധൻ എന്നിവർ ചേർന്ന് തുക ഏറ്റുവാങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.