പെരിങ്ങത്തൂർ: കനത്ത മഴയിലും കാറ്റിലും ഒറ്റപ്പെട്ട കിടഞ്ഞിയിൽ ജനജീവിതം ഇനി ഒന്നുമുതൽ തുടങ്ങണം. നാനൂറോളം പേരാണ ് ഒന്നാംദിവസം തന്നെ വീട് വിട്ടിറങ്ങേണ്ടിവന്നത്. പല വീടുകളും തുറന്നിട്ട നിലയിലാണ്. വീട്ടുപകരണങ്ങൾ, വസ്ത്രങ്ങൾ എന്നിവ വെള്ളത്തിൽ ഒലിച്ചുപോയ നിലയിലാണ്. വീട് വിട്ടിറങ്ങിയവരിൽ കടുത്ത അസുഖമുള്ളവരും നടക്കാൻ പറ്റാത്തവരും വൃദ്ധരും കുട്ടികളും വരെയുണ്ട്. പല വീടുകളിന്മേലും തെങ്ങ് വീണ് തകർന്നിട്ടുണ്ട്. കിടഞ്ഞിപ്പുഴയുടെ അരികെയാണ് എന്നതിനാൽ പുഴവെള്ളം കവിഞ്ഞതും നഷ്ടങ്ങളുടെ തീവ്രത വർധിപ്പിച്ചു. പാനൂർ നഗരസഭയിൽ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ചത് കരിയാട്, കിടഞ്ഞി മേഖലകളിലാണ്. ഇവിടങ്ങളിൽ വൈദ്യുതി ഇതുവരെ പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. റോഡുകൾ, കൈവഴികൾ എന്നിവ ഗതാഗത യോഗ്യമല്ലാതായിത്തീർന്നു. കലിമ നൗഷാദിൻെറയും അയൽവാസിയുടെയും കൂറ്റൻ ചെങ്കൽ മതിലുകൾ തകർന്ന് റോഡിലേക്ക് വീണു. വൻമരങ്ങളും മറിഞ്ഞുവീണിട്ടുണ്ട്. ചമ്പോളി മുതൽ കിടഞ്ഞി യു.പി സ്കൂൾ വരെ വീടുകൾ പൂർണമായും മുങ്ങി. വെള്ളം പൊങ്ങുന്നത് കണ്ട വീട്ടുകാർ ഓടി റോഡിലേക്കിറങ്ങി രക്ഷപ്പെടുകയായിരുന്നു. നാനൂറോളം വീടുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. പ്രദേശത്തെ ജാതിമത കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനങ്ങൾ ഇറങ്ങിയതിൻെറ അടിസ്ഥാനത്തിൽ കിടഞ്ഞി യു.പി സ്കൂൾ, സിറാജുൽ ഹുദ സ്കൂൾ, പള്ളിക്കുനി ക്ഷേത്രം ഹാൾ, പടന്നക്കര- മുക്കാളിക്കരയിലെ എരോത്ത് പീടിക, ഇ.എം.എസ് സ്മാരക മന്ദിരം, സി.എച്ച് ഓഡിറ്റോറിയം എന്നിവിടങ്ങളിൽ അടിയന്തര ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനം തുടങ്ങി. കിടഞ്ഞിയിലെ 22, 20 എന്നീ വാർഡുകളിലെ വീട് നഷ്ടമായ നാനൂറോളം പേരാണ് കരിയാട് സി.എച്ച്. മൊയ്തു മാസ്റ്റർ ഓഡിറ്റോറിയത്തിൽ തങ്ങുന്നത്. കരിയാട്, കിടഞ്ഞി ഭാഗങ്ങളിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിലോരോന്നിലും മുന്നൂറിലധികം പേർ എത്തിയിട്ടുണ്ട്. ചുരുക്കം പേർ മാത്രമാണ് വീട്ടിലേക്ക് തിരികെ പോവാനായത്. 1968ലാണ് കിടഞ്ഞി ഭാഗത്ത് ഇതേ രീതിയിൽ വെള്ളപ്പൊക്കമുണ്ടായത്. ഇവിടത്തെ പുനരധിവാസം ഭഗീരഥ പ്രയത്നമായേക്കും. ആരോഗ്യ വകുപ്പധികൃതരുടെ പരിശോധനകൾ, പൊലീസ് സുരക്ഷിതത്വം, ഭക്ഷണം എന്നിവ ക്യാമ്പുകളിൽ ഒരുക്കിയിട്ടുണ്ട്. ഭക്ഷണ സാമഗ്രികൾ സന്നദ്ധ സംഘടനകൾ ക്യാമ്പുകളിൽ എത്തിക്കുന്നുണ്ട്. ദുരിതാശ്വാസ ക്യാമ്പുകൾ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ സന്ദർശിച്ച് ഉദ്യോഗസ്ഥർക്ക് വേണ്ട നിർദേശങ്ങൾ നൽകി. അണിയാരം, പെരിങ്ങത്തൂർ ഭാഗങ്ങളിൽ വെള്ളം കുറഞ്ഞു തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.