പൊലീസ് സ്​റ്റേഷനു മുന്നിൽ വയോധികൻ കുത്തിയിരുന്നു

അക്രമികൾക്കെതിരെ നടപടിയില്ല; തളിപ്പറമ്പ്: തന്നെ ആക്രമിച്ച സംഭവത്തിൽ മൂന്നുമാസം കഴിഞ്ഞിട്ടും അക്രമികൾക്കെതിരെ നടപടികൾ സ്വീകരിക്കാത്തതിലും നിരന്തരമായി സി.പി.എം പാർട്ടി പ്രവർത്തകർ ദ്രോഹിക്കുന്നതിലും പ്രതിഷേധിച്ച് കോൺഗ്രസുകാരനായ വയോധികൻ പൊലീസ് സ്റ്റേഷനു മുന്നിൽ കുത്തിയിരുന്നു. തളിപ്പറമ്പ് തോട്ടാറമ്പ സ്വദേശി ജോസ് ജോസഫ് തോണിക്കുഴിയാണ് തളിപ്പറമ്പ് പൊലീസ് സ്റ്റേഷനു മുന്നിലെത്തി നിരാഹാര സഹനസമരം നടത്തിയത്. രാവിലെ 9.30ഓടെ കോൺഗ്രസ് കൊടിയും ബാനറുമായി എത്തിയാണ് പൊലീസ് സ്റ്റേഷന് മുന്നിലെ നടപ്പാതയിൽ കനത്ത മഴയിൽ കുത്തിയിരിപ്പ് തുടങ്ങിയത്. കഴിഞ്ഞ മാർച്ച് 29ന് വീട്ടിന് മുന്നിൽ തൊഴിലുറപ്പ് തൊഴിലാളികളായ വനിതകൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിച്ചത് ചോദ്യംചെയ്തതിന് സി.പി.എം പ്രവർത്തകർ വീട്ടിൽ കയറി ജോസിനെ മർദിച്ചിരുന്നുവത്രെ. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ പൊലീസ് എത്തി മൊഴിയെടുത്തതല്ലാതെ ഒരു നടപടിയും സ്വീകരിച്ചില്ല. ഇതുസംബന്ധിച്ച് ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. കൂടാതെ സി.പി.എമ്മുകാർ നിരന്തരമായി തന്നെയും കുടുംബത്തെയും പീഡിപ്പിക്കുന്നതായും ഇതിനെതിരെയാണ് സമരം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഭവമറിഞ്ഞ് പ്രിൻസിപ്പൽ എസ്.ഐ കെ.പി. ഷൈൻ ഇടപെട്ട് സംസാരിച്ചെങ്കിലും ജോസ് നിരാഹാരം തുടർന്നു. ഒടുവിൽ സി.ഐ എൻ.കെ. സത്യനാഥൻ എത്തി സംസാരിക്കുകയും അനുരഞ്ജനത്തിലൂടെ രാവിലെ 10.15ന് ജോസ് സത്യാഗ്രഹം അവസാനിപ്പിക്കുകയുമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.