എണ്ണ സംഭരണശാല അരുത്: യെച്ചൂരിക്ക് കണ്ടങ്കാളി സമരസമിതിയുടെ കത്ത്

പയ്യന്നൂർ: കണ്ടങ്കാളി പെട്രോളിയം സംഭരണ പദ്ധതി ഉപേക്ഷിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സമരസമിതി സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചു. ഏഴു കോടിയോളം ലിറ്റർ പെട്രോളിയം ഉൽപന്നങ്ങൾ സംഭരിക്കാൻ പയ്യന്നൂരിലെ തലോത്ത് വയലിൽ എച്ച്.പി.സി.എൽ, ബി.പി.സി.എൽ കമ്പനികൾക്ക് ഭൂമി ഏറ്റെടുത്തു നൽകാനുള്ള നീക്കം തടയണമെന്ന് സമരസമിതി ചെയർമാൻ ടി.പി. പത്മനാഭൻ മാസ്റ്റർ കത്തിൽ ആവശ്യപ്പെട്ടു. പദ്ധതിക്കായി 86 ഏക്കർ നെൽവയൽ പ്രദേശത്ത് 20ഓളം വൻ ടാങ്കുകളാണ് സ്ഥാപിക്കുന്നത്. രണ്ടു പുഴകൾക്കിടയിൽ കവ്വായിക്കായൽ അതിരിടുന്ന പ്രദേശമാണിത്. പദ്ധതി പ്രദേശം തീരദേശ പരിപാലന നിയമപ്രകാരം മേഖല ഒന്നിൽപെടുന്നതാണ്. ആയിരക്കണക്കിനുപേർ മത്സ്യബന്ധനത്തിനും കക്കവാരലിനും കല്ലുമ്മക്കായ കൃഷിക്കും ഉപയോഗിക്കുന്നതാണ് പദ്ധതി പ്രദേശത്തെ പുഴകളും കായലും. പദ്ധതി വന്നാൽ അത് ആയിരങ്ങളുടെ തൊഴിലിനെ ബാധിക്കും. പദ്ധതി പ്രദേശത്ത് ആവശ്യമായി വരുന്ന ലക്ഷക്കണക്കിന് ലിറ്റർ വെള്ളത്തിനായി നിരവധി കുഴൽക്കിണറുകൾ കുഴിക്കപ്പെടുമ്പോൾ ഇപ്പോൾ തന്നെ ഉപ്പുവെള്ള ഭീഷണി നേരിടുന്ന പ്രദേശത്തെ കിണറുകൾ ഉപയോഗശൂന്യമാകും. വീടുകൾ കൂടാതെ നിരവധി സ്കൂളുകളും കോളജുകളും ആരാധനാലയങ്ങളും ശ്മശാനങ്ങളും പദ്ധതി പ്രദേശത്തോട് തൊട്ട് ഉണ്ട്. സംസ്ഥാന സർക്കാറിൻെറ പ്രഖ്യാപിത നയങ്ങൾക്കു വിരുദ്ധമായാണ് പെട്രോളിയം സംഭരണി സ്ഥാപിക്കാനുള്ള നീക്കം. ഈ സാഹചര്യത്തിൽ പരിസ്ഥിതി വിരുദ്ധവും ജനവിരുദ്ധവുമായ പദ്ധതിയിൽ നിന്ന് പിന്മാറാൻ സംസ്ഥാന സർക്കാറിനെ ഉപദേശിക്കണമെന്നും ജനകീയ പ്രക്ഷോഭത്തെ പിന്തുണക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.