വിടവാങ്ങിയത്​ വാക്കുകളിൽ​ നർമം പകർന്ന മാധ്യമ പ്രവർത്തകൻ

കോഴിക്കോട്: നർമവും രാഷ്ട്രീയവും വിടാത്ത വാക്കുകളും രചനകളുമായി അവസാനം വരെ കർമരംഗത്ത് സജീവമായിരുന്ന മാധ്യമ പ്രവർത്തകനാണ് വിടവാങ്ങുന്നത്. തലശ്ശേരിയിൽ തുടങ്ങിയ രാഷ്ട്രീയ പ്രവർത്തനം മുസ്ലിംലീഗ് നേതൃ രംഗത്ത് വലിയ ഉയരങ്ങളിൽ എത്തിച്ചെങ്കിലും ഒന്നാം പ്രണയമായി മാധ്യമ പ്രവർത്തനത്തെ കൂടെക്കൂട്ടി അദ്ദേഹം. മലബാറിലെ മുസ്ലിം ജീവിതത്തെ ആഴത്തിൽ പഠിച്ച രചനകളും പ്രഭാഷണങ്ങളും കെ.പിയെ അടയാളപ്പെടുത്തി. തലശ്ശേരി ബ്രണ്ണൻ കോളജിൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം പഠിച്ച കുഞ്ഞിമൂസയുടെ കർമ മണ്ഡലം കോഴിക്കോടായിരുന്നു. കോഴിക്കോട് പന്നിയങ്കരയിൽ താമസിച്ചുവന്ന അദ്ദേഹം നഗരത്തിലെ സാംസ്കാരിക പരിപാടികളിൽ സ്ഥിര സാന്നിധ്യമായിരുന്നു. എം.എസ്.എഫിലൂടെയാണ് രാഷ്ട്രീയത്തിന് തുടക്കം. തലശ്ശേരി ടൗൺ എം.എസ്.എഫ്. പ്രസിഡണ്ടായി തുടങ്ങി ഏറെ വൈകാതെ സംസ്ഥാന വൈസ്പ്രസിഡണ്ടായി. 67ൽ സംസ്ഥാന പ്രസിഡണ്ടും പിന്നീട് എം.എസ്.എഫ്. ഉപദേശകസമിതി ചെയർമാനായും പ്രവർത്തിച്ചു. യൂത്ത് ലീഗിലും ഉന്നത പദവികൾ വഹിച്ചു. 1957 മുതൽ കണ്ണൂർ ജില്ലാ ലീഗ് കൗൺസിലറായിരുന്ന കെ.പി. കോഴിക്കോട് ജില്ലാ ലീഗ് കൗൺസിലറുമായി. സി.എച്ച് മുഹമ്മദ് കോയയുമായുള്ള ഉറ്റബന്ധം പത്രപ്രവർത്തനത്തിലും രാഷ്ട്രീയത്തിലും അദ്ദേഹത്തിന് ഒരുപോലെ കൂടുതൽ ആഴം നൽകി. 1966ൽ സഹപത്രാധിപരായി ചേർന്ന ചന്ദ്രികയിൽ നീണ്ട കാലം ആഴ്ചപ്പതിപ്പിൻെറ ചുമതല വഹിച്ചു. ഇതുവഴി എം.ടി, ടി.പത്മനാഭൻ തുടങ്ങി എഴുത്തിൻെറ കുലപതികളുമായി സൗഹൃദം സജീവമായി. രാഷ്ട്രീയം മുതൽ മുസ്ലിം കുടുംബ ജീവിതം വരെ പ്രമേയങ്ങളാക്കി എണ്ണമറ്റ കൃതികളാണ് അദ്ദേഹം രചിച്ചത്. പ്രമുഖരുടെ അനുശോചനക്കുറിപ്പുകൾ സ്ഥിരമായി എഴുതിയ അദ്ദേഹം 6,000 ഓളം പേരെയാണ് ഇങ്ങനെ മരണശേഷം പരിചയപ്പെടുത്തിയത്. 'ഈന്തപ്പഴത്തിൻെറ നാട്ടിലൂടെ', 'കല്ലായിപ്പുഴ മുതൽ ബ്രഹ്മപുത്ര വരെ', 'വഴികാട്ടികൾ', 'മധുരിക്കും ഓർമ്മകൾ' തുടങ്ങിയ ഗ്രന്ഥങ്ങളുടെ കർത്താവായ കുഞ്ഞിമൂസ യാത്രാവിവരണം സാഹിത്യശാഖയിൽ വലിയ സംഭാവന നൽകി. ഇടക്കാലത്ത് ലീഗ് ടൈംസ് എഡിറ്ററുമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.