കെ.എസ്​.ടി.പി ഗതാഗതദുരിതം: വ്യാപാരികൾ റോഡിലിറങ്ങി പ്രതിഷേധിച്ചു

കാഞ്ഞങ്ങാട്: ഗതാഗതത്തെയും വ്യാപാരമേഖലയെയും ദോഷകരമായി ബാധിക്കുന്നവിധത്തിൽ കെ.എസ്.ടി.പി റോഡ് നവീകരണം ഇഴയുന്നതിനെതിരെ വ്യാപാരികൾ പ്രതിഷേധസമരം നടത്തി. മർച്ചൻറ്സ് അസോസിയേഷ​െൻറ നേതൃത്വത്തിൽ ചൊവ്വാഴ്ച രാവിലെ 10.30ഒാടെയാണ് വ്യാപാരികൾ നോർത്ത് കോട്ടച്ചേരിയിൽ പ്രതിഷേധസമരം നടത്തിയത്. മന്ദഗതിയിലായ റോഡ് നവീകരണവും ഇതി​െൻറ ഭാഗമായി നടപ്പാക്കിയ ഗതാഗതക്രമീകരണവും വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ദുരിതം സമ്മാനിക്കുന്നത് സംബന്ധിച്ച് ചൊവ്വാഴ്ച 'മാധ്യമം' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. നിർമാണസാമഗ്രികൾ ലഭ്യമായില്ലെന്ന കാരണത്താൽ ചൊവ്വാഴ്ച പ്രവൃത്തി നടത്തിയിരുന്നില്ല. എന്നിട്ടും കൂറ്റൻ റോഡ്റോളർ ഉൾപ്പെടെയുള്ള യന്ത്രസാമഗ്രികൾ പാതയിൽ നിർത്തിയിട്ട് ഗതാഗതം തടസ്സപ്പെടുത്തി. വിവരമറിഞ്ഞെത്തിയ പൊലീസ് സൈറ്റ് എൻജിനീയറെ വിളിച്ചുവരുത്തി റോഡ്റോളറും മറ്റു സാമഗ്രികളും നീക്കാനാവശ്യപ്പെട്ടു. പൊലീസ് നിർദേശം നടപ്പാക്കിയശേഷമാണ് വ്യാപാരികൾ പിന്തിരിഞ്ഞത്. കാഞ്ഞങ്ങാട് മർച്ചൻറ് അസോസിയേഷൻ പ്രസിഡൻറ് സി. യൂസഫ് ഹാജി, സി.എ. പീറ്റർ, സെയ്ദ്, ഫൈസൽ, വിനോദ്, കുമാരൻ എന്നിവർ നേതൃത്വം നൽകി. വ്യാപാരസ്ഥാപനങ്ങളിലേക്ക് പ്രവേശനം തടസ്സപ്പെടുത്തുന്ന രീതിയിലുള്ള ഗതാഗതക്രമീകരണത്തിൽ മാറ്റം വരുത്തണമെന്നും കച്ചവടത്തെ സാരമായി ബാധിക്കുന്നതിനാൽ നിർമാണപ്രവർത്തനം രാത്രിയിലാക്കണമെന്നുമായിരുന്നു ഇവരുടെ പ്രധാന ആവശ്യം. പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാമെന്ന് സൈറ്റ് എൻജിനീയർ പറഞ്ഞു. കെ.എസ്.ടി.പിയുടെ റോഡ് നവീകരണവും ഗതാഗതപരിഷ്കാരവും കാരണം നഗരത്തിലെത്തുന്നവർക്ക് ഉദ്ദേശിക്കുന്ന കടകളിലേക്ക് എത്തിെപ്പടാൻപോലും കഴിയാത്ത അവസ്ഥയാണ്. വസ്ത്രവ്യാപാരികളെയും സ്റ്റേഷനറി വിൽപനക്കാരെയുമാണ് ഇത് ഏറെ ബാധിച്ചത്. സ്കൂൾവിപണി പ്രതീക്ഷിച്ച് വിൽപനക്കായി കൊണ്ടുവന്ന് സൂക്ഷിച്ച സാധനങ്ങളത്രയും കെട്ടുപോലും പൊട്ടിക്കാതെ കൂട്ടിയിട്ടനിലയിലാണ്. കഴിഞ്ഞവർഷം ഇൗ സീസണിൽ കിട്ടിയ കച്ചവടത്തി​െൻറ പകുതിപോലും ഇത്തവണയില്ലെന്ന് ഇവർ പറയുന്നു. ഇൗ സാഹചര്യത്തിലാണ് വ്യാപാരികൾ സംഘടിച്ച് പ്രതിഷേധമറിയിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.