ബൈപാസ് കീഴാറ്റൂർ വയലിലൂടെ തന്നെ

പയ്യന്നൂർ: തളിപ്പറമ്പിലെ നിർദിഷ്ട ബൈപാസ് കീഴാറ്റൂർ വഴി തന്നെ. വയൽക്കിളികളുടെ സമരം അവഗണിച്ച് പാത നിർമിക്കുന്നതിന് മുന്നോടിയായുള്ള സ്ഥലപരിശോധന ആറ് വില്ലേജ് ഓഫിസർമാരുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. തളിപ്പറമ്പിലെ ഭൂമി ഏറ്റെടുക്കൽ വിഭാഗം ഒന്നു രണ്ടും സ്പെഷൽ തഹസിൽദാർമാരുടെ മേൽനോട്ടത്തിലാണ് വില്ലേജ് ഓഫിസർമാർ സ്ഥലപരിശോധന നടത്തുന്നത്. പള്ളിക്കുന്ന്, അഴീക്കോട്‌ നോർത്ത്, കാങ്കോൽ, കോറോം, കടന്നപ്പള്ളി, ഏഴോം എന്നീ വില്ലേജുകളിലെ ഓഫിസർമാർക്കാണ് ബൈപാസി​െൻറ ചുമതല നൽകിയിരിക്കുന്നത്. ഇവർ തളിപ്പറമ്പിൽ ക്യാമ്പു ചെയ്താണ് പ്രവർത്തനം. നേരത്തെ അടയാളപ്പെടുത്തിയ ഭൂമിയുടെ ഉടമസ്ഥരെ സംബന്ധിച്ചും ഇവർക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ചുമാണ് പ്രധാനമായി വിലയിരുത്തുന്നത്. വില്ലേജ് ഓഫിസർമാരുടെ കണക്കെടുപ്പിനുപിന്നാലെ സർവേ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഓരോരുത്തരുടെയും ഭൂമിയുടെ അളവ് കണക്കാക്കുന്ന പ്രവൃത്തിയും പുരോഗമിക്കുകയാണ്. നഷ്ടപരിഹാരം നൽകി എത്രയും പെട്ടെന്ന് ഭൂമി ഏറ്റെടുത്ത് ദേശീയപാത വിഭാഗത്തിന് കൈമാറാനാണ് ശ്രമം. ദേശീയപാത അതോറിറ്റി അംഗീകരിച്ച് ആദ്യ വിജ്ഞാപനമിറക്കിയ അലൈൻമ​െൻറ് തന്നെയാണ് കീഴാറ്റൂരിലെ വയൽക്കിളി പ്രക്ഷോഭം അവഗണിച്ച് നടപ്പിലാക്കുന്നത്. ആറ് കിലോമീറ്റർ നീളത്തിലാണ് ബൈപാസ് വരുന്നത്. ഇതിനായി 29.11 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടിവരുക. ഇതിൽ 21.9 ഹെക്ടറും വയൽപ്രദേശമോ തണ്ണീർത്തടമോ ആണ്. 30 വീടുകളും നാല് വ്യാപാര സ്ഥാപനങ്ങളും നാലു ഷെഡുകളും പൊളിച്ചുമാറ്റേണ്ടിവരുമെന്നാണ് ആദ്യത്തെ കണക്ക്. ഇപ്പോഴത്തെ പരിശോധനക്ക് ശേഷമായിരിക്കും അന്തിമ റിപ്പോർട്ട് പുറത്തുവരുക. കീഴാറ്റൂർ വയൽ പൂർണമായും ഇല്ലാതാകുന്ന നിലയിലാണ് പാത വരുന്നതെന്ന കാര്യത്തിൽ തർക്കമില്ല. വീതികുറഞ്ഞ വയലായതിനാൽ കീഴാറ്റൂർ, കൂവോട് പ്രദേശങ്ങളിലെ വയലുകൾ പൂർണമായും ഇല്ലാതാകുമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. വയൽക്കിളികളുടെ സമരച്ചൂട് കുറഞ്ഞ സന്ദർഭത്തിലാണ് സർക്കാറി​െൻറ തുടർ നടപടികൾ പുരോഗമിക്കുന്നത്. മേൽപാലം ഉൾപ്പെടെ ബദൽ നിർദേശങ്ങൾ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് അംഗീകരിക്കാത്ത സാഹചര്യത്തിലാണ് കുറ്റിക്കോൽ-കൂവോട്-കീഴാറ്റൂർ ബൈപാസുമായി മുന്നോട്ടുപോകുന്നതെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.